മുംബൈ: മഹാത്മഗാന്ധിയുടെ ചെറുമകൻ അരുൺ ഗാന്ധി അന്തരിച്ചു. 89 വയസായിരുന്നു. തുഷാർ ഗാന്ധിയുടെ പിതാവാണ്. മഹാരാഷ്ട്രയിലെ കോലാപ്പുരിൽ വച്ചായിരുന്നു മരണം. എഴുത്തുകാരനും സാമഹിക രാഷ്ട്രീയ പ്രവർത്തകനുമായ അദ്ദേഹത്തിന്റെ സംസ്‌കാരം ഇന്ന് കോലാപൂരിൽ നടക്കുമെന്ന് മകൻ തുഷാർ ഗാന്ധി പറഞ്ഞു. 1934 ഏപ്രിൽ 14 ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ മണിലാൽ ഗാന്ധിയുടെയും സുശീല മഷ്‌റുവാലയുടെയും മകനായി ജനിച്ച അരുൺ ഗാന്ധി ഒരു ആക്ടിവിസ്റ്റ് എന്ന നിലയിൽ തന്റെ മുത്തച്ഛന്റെ പാത പിന്തുടർന്നു. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

വിവിധ ലോകരാജ്യങ്ങൾ സന്ദർശിച്ചു തന്റെ ലോകവീക്ഷണം ചിട്ടപ്പെടുത്തിയയ വ്യക്തിയാണ് അരുൺ ഗാന്ധി. ക്രൊയേഷ്യ, ഫ്രാൻസ്, അയർലൻഡ്, ഹോളണ്ട്, ലിത്വാനിയ, നിക്കരാഗ്വ, ചൈന, സ്‌കോട്ട്‌ലൻഡ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ അരുൺ പ്രഭാഷണങ്ങൾ നടത്തിയിരുന്നു. കോളേജ് കാമ്പസുകളിലും ജനകീയ പ്രഭാഷകനുമായിരുന്നു അദ്ദേഹം. നോർത്ത് ഡക്കോട്ട സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, കോൺകോർഡിയ കോളേജ്, ബേക്കർ യൂണിവേഴ്‌സിറ്റി, മോർഹൗസ് കോളേജ്, മാർക്വെറ്റ് യൂണിവേഴ്‌സിറ്റി, സാൻ ഡീഗോ യൂണിവേഴ്‌സിറ്റി തുടങ്ങിയ യൂണിവേഴ്‌സിറ്റിലും സംസാരിച്ചിട്ടുണ്ട്.

സാമൂഹിക പ്രവർത്തകനെന്ന നിലയിലും അദ്ദേഹം ശോഭിച്ചിരുന്നു. അരുൺ ടൈംസ് ഓഫ് ഇന്ത്യയുടെ പത്രപ്രവർത്തകനായി വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു. അനാഥ കുട്ടികളെ തെരുവിൽ ഏറ്റെടുത്തു സംരക്ഷിക്കുന്ന ചാരിറ്റി രംഗത്തും അരുൺ ഗാന്ധി സജീവമായിരുന്നു. തന്റ മുത്തശ്ശനായ മഹാത്മാ ഗാന്ധിയുടെ ദർശനങ്ങൾ പ്രചരിപ്പിക്കാനും അദ്ദേഹം പരിശ്രമിച്ചിരുന്നു. 2008-ൽ ചിക്കാഗേയിൽ ഗാന്ധി വേൾഡ് വൈഡ് എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഗാന്ധിയൻ തത്ത്വചിന്തയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ചേരുന്നതിലൂടെ ലോകത്തിലെ സാമ്പത്തികമായി താഴ്ന്ന പ്രദേശങ്ങളിൽ കമ്മ്യൂണിറ്റി ബിൽഡിങ് പ്രോത്സാഹിപ്പിക്കാനാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്.

നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് അരുൺ. എ പാച്ച് ഓഫ് വൈറ്റ് (1949), ആത്മകഥാംശമായ പുസ്തകമായിരുന്നു ഇത്. ദി ഫോർഗോട്ടൻ വുമൺ: ദി അൺടോൾഡ് സ്റ്റോറി ഓഫ് കസ്തൂർ, ലെഗസി ഓഫ് ലവ്, ഡോട്ടർ ഓഫ് മിഡ്‌നൈറ്റ്, ദി ഗിഫ്റ്റ് തുടങ്ങഇ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.