വുർസ്ബുർഗ്: മലയാളി നഴ്‌സ് ജർമനിയിൽ പനി ബാധിച്ച് മരിച്ചു. വുർസ്ബുർഗിനടുത്ത് ബാഡ്‌നൊയെസ്റ്റാട്ട് റ്യോൺ ക്ലിനിക്കിൽ നഴ്‌സായി ജോലി ചെയ്തിരുന്ന കണ്ണൂർ, അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേൽ അനിമോൾ ജോസഫ് ആണ് മരിച്ചത്. 44 വയസായിരുന്നു.

കഴിഞ്ഞ മൂന്നു ദിവസമായി പനി ബാധിച്ച് ചികിത്സയിൽ ആയിരുന്നു അനിമോൾ. ആരോഗ്യനിലയിൽ മാറ്റം കണ്ടില്ല. ശാരീരിക അസ്വസ്ഥതകൾ കൂടുതലായി വന്നപ്പോൾ ആണ് കഴിഞ്ഞ ദിവസം രാത്രി അനിമോളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ ചികിത്സയിൽ ഇരിക്കെ മരുന്നുകളോട് പ്രതികരിക്കാതെയായി. ന്യൂമോണിയ സ്ഥിരീകരിച്ചതോടെ രക്തത്തിലെ അണുബാധ ക്രമാതീതമായി വർധിച്ചത് ആണ് മരണകാരണം എന്നാണ് ഡോക്ടർമാർ പറയുന്നത്. വിദഗ്ധ ഡോക്ടർമാരുടെ പരിചരണം നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഭർത്താവ്: മമ്പള്ളിക്കുന്നേൽ സജി തോമസ്. പത്ത്, നാല് ക്ലാസുകളിൽ പഠിക്കുന്ന രണ്ടു പെൺമക്കളുണ്ട്. വയനാട്, മാനന്തവാടി, ഒഴുകന്മൂല (ഇടവക) വെള്ളമുണ്ട് പാലേക്കുടിയിൽ കുടുംബാംഗമാണ് അനിമോൾ.

മാർച്ച് ആറിനാണ് അനിമോൾ നഴ്‌സായി ബാഡ്‌നൊയെസ്റ്റാട്ട് റ്യോൺ ക്ലിനിക്കിൽ ജോലിക്കായി എത്തിയത്. നിരവധി മലയാളികൾ ഈ ക്ലിനിക്കിൽ ജോലി ചെയ്യുന്നുണ്ട്. ഈസ്റ്റർ അവധി ദിവസങ്ങളായതിനാൽ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ അടുത്ത ചൊവ്വാഴ്ചയേ തുടങ്ങാനാവു.