- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിങ്ങവനം സ്വദേശിയായ യുവാവ് യുകെയിലെ എക്സിറ്ററിന് അടുത്ത് വീട്ടിൽ മരിച്ച നിലയിൽ; സംഭവം ഭാര്യ കെയർ ഹോമിൽ ജോലിക്ക് പോയ സമയത്ത്; മരണവിവരം നാട്ടിലെ ബന്ധുക്കൾ വളരെ വേഗം അറിഞ്ഞത് കുട്ടികൾ വീഡിയോ കോൾ ചെയ്തപ്പോൾ
ഡെവോൺ: എക്സിറ്ററിന് അടുത്ത് സീറ്റൺ എന്ന സ്ഥലത്ത് ഇന്ന് രാവിലെ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങവനം സ്വദേശിയായ ടോണി എന്ന യുവാവിനെയാണ് ഇന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുപ്രായത്തിൽ ഉള്ള കുട്ടികൾ രണ്ടും വീട്ടിൽ ഉണ്ടായിരുന്നതിനാലാണ് മരണ വിവരം നിമിഷ വേഗത്തിൽ നാട്ടിലെ ബന്ധുക്കൾ അടക്കമുള്ളവർക്ക് അറിയാനായതും.
കുട്ടികൾ നാട്ടിലേക്ക് വീഡിയോ കോൾ വിളിച്ചപ്പോളാണ് ബന്ധുക്കൾ ടോണിയുടെ മരണ വിവരം അറിഞ്ഞത് എന്നാണ് പ്രാഥമിക വിവരം. ഭാര്യ ജിയ കെയർ ഹോമിൽ ജോലിക്ക് പോയ സമയത്താണ് സംഭവം. വെറും മൂന്നു മാസം മാത്രമേ ആയിട്ടുള്ളൂ ടോണി യുകെയിൽ എത്തിയിട്ട്. എന്നാൽ ജിയ യുകെയിൽ എത്തിയിട്ട് ആറുമാസത്തിൽ അധികം ആയെന്നും പ്രദേശ വാസികൾ പറയുന്നു. നാട്ടിൽ ഒറ്റയ്ക്കായി പോയ കുട്ടികളെ കൊണ്ടുവരാൻ പോയി ടോണി മടങ്ങി എത്തിയതും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ്.
ടോണിയുടെ സഹോദരിമാരും സഹോദരനും ഒക്കെ യുകെയിൽ തന്നെ ആണെന്നാണ് ലഭ്യമാകുന്ന വിവരം. ഇവരൊക്കെ ഇപ്പോൾ സീറ്റണിൽ എത്തിയിട്ടുണ്ട്. പൊലീസ് എത്തി മേൽനടപടികൾ സ്വീകരിക്കുകയാണ്. വിവരം അറിഞ്ഞു പാഞ്ഞെത്തിയ പാരാമെഡിക്കൽ ടീമിനും കാര്യമായി ഒന്നും ചെയ്യാനായില്ല. മൃതദേഹം എക്സിറ്റർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സഹോദരിമാർ അടക്കം ഉള്ള ബന്ധുക്കളെ മൃതദേഹം കാണിച്ചു തിരിച്ചറിയൽ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ക്നാനായ ജാക്കോബായ സമുദായത്തിൽ പെട്ടവരാണ് ടോണിയും കുടുംബവും. ടോണി താമസിച്ചിരുന്ന വീട്ടിൽ മറ്റൊരു യുവാവും സഹ താമസക്കാരൻ ആയി ഉണ്ടായിരുന്നെങ്കിലും മരണ സമയത്ത് ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല എന്നാണ് സൂചന.
തികച്ചും ആകസ്മികമായ മരണ വിവരം ഞെട്ടലോടെയാണ് എക്സിറ്റർ മലയാളികളെ തേടി എത്തിയിരിക്കുന്നത്. അധികം ദിവസങ്ങൾ പിന്നിടും മുൻപ് പ്രദേശത്തു നിന്നും രണ്ടാമതൊരിക്കൽ കൂടി ആകസ്മിക മരണം കേൾക്കേണ്ടി വന്ന പ്രയാസമാണ് ഇപ്പോൾ പ്രദേശത്തുള്ളവർ പങ്കിടുന്നത്. ഒരു മാസം മുൻപ് മധ്യവയസ്‌കനായ ഒരാളും ഇത്തരത്തിൽ മരണത്തിനൊപ്പം യാത്ര ആയിരുന്നു.
ടോണി യുകെയിൽ എത്തിയിട്ട് അധിക നാൾ ആയില്ലെങ്കിലും സൗമ്യ സ്വഭാവക്കാരൻ എന്ന നിലയിൽ വേഗത്തിൽ പ്രദേശത്തുള്ള ഒട്ടേറെ മലയാളികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. വിദേശത്തും സ്വദേശത്തും കഠിന പരിശ്രമിയും കുടുംബ സ്നേഹിയുമായ യുവാവ് എന്ന നിലയിലാണ് പ്രദേശത്തുള്ളവർ ടോണിയെ കണ്ടിരുന്നത്. നാട്ടുകാരും പരിചയക്കാരുമായ ഏറെപ്പേർ യുകെയിൽ ഉള്ളതും ടോണിയെ വേഗത്തിൽ പരിചയപ്പെടാൻ പലർക്കും കാരണവുമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ