ന്യൂയോർക്ക്: യുഎസിലെ ഫിലാഡൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്. അഴകത്ത് വീട്ടിൽ റോയ്-ആശ ദമ്പതികളുടെ മകനാണ് ജൂഡ്. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ അജ്ഞാതൻ ജൂഡിനുനേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം.

യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോഷണ ശ്രമത്തിനിടെയായിരുന്നു വെടിയേറ്റത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

റോയ് അയൂർ സ്വദേശിയും, ആശ കൊട്ടാരക്കര സ്വദേശിനിയുമാണ്. കുടുംബം യുഎസിൽ സ്ഥിരതാമസമാക്കിയവരാണ്. ആറ് വർഷം മുമ്പാണ് ജൂഡ് കേരളത്തിലെത്തിയത്. ജൂഡിന്റെ കുടുംബം 30 വർഷമായി അമേരിക്കയിലാണ്. ബിബിഎ വിദ്യാർത്ഥിയായ ജൂഡ് പഠനത്തോടൊപ്പെം ജോലിയും ചെയ്തിരുന്നു. ഫിലഡൽഫിയയിലെ സ്ഥാപനത്തിൽനിന്ന് ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു ആക്രമണം. ജൂഡ് ജനിച്ചതും വളർന്നതും അമേരിക്കയിലാണ്.

സംസ്‌കാരം ശനിയാഴ്ച ഫിലാഡൽഫിയയിലെ മലങ്കര കത്തോലിക്ക പള്ളിയിൽ നടക്കാനാണ് സാധ്യത.