കൊച്ചി: മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മകൻ അഡ്വ. എബ്രഹാം ലോറൻസ് അന്തരിച്ചു. രണ്ടു ദിവസമായി എറണാകുളം മെഡിക്കൽ സെന്ററിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ 3.25നാണ് മരണം.

സെന്റ് തെരാസസ് കോളേജിലായിരുന്നു പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസം. പിന്നീട് എറണാകുളം എസ് ആർ വി സ്‌കൂളിൽ സ്‌കൂൾ പഠനം പൂർത്തിയാക്കി. പിന്നീട് സെന്റ് അൽബർട്ട് കോളേജിലെത്തി. തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്ന് എൽഎൽബി പാസായി. പിന്നീട് കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ എൽ എൽ എമ്മും പഠിച്ചു. പഠനകാലത്ത് എസ് എഫ് ഐയുടെ മുഖമായിരുന്നു. പിന്നീട് പാർട്ടിയിൽ നിന്നും അകന്നു. അടുത്ത കാലത്ത് ബിജെപിയിലും എത്തി. ലോറൻസിന്റെ മൂന്നാമത്തെ മകനാണ് എബ്രഹാം. എറണാകുളം സെന്റ് തെരാസാസ് കോളേജിൽ പ്രഫസറായ സോജയാണ് എബ്രഹാമിന്റെ ഭാര്യ. രണ്ടു മക്കളുണ്ട്.

ബിനീഷ് കോടിയേരി വിഷയത്തിൽ പ്രതിഷേധിച്ചാണു സിപിഎം വിടുന്നതെന്ന് എബ്രഹാം പറഞ്ഞിരുന്നു. ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് ആ പാർട്ടിയിൽ അംഗമാകുന്നതെന്ന് എബ്രഹാം വിശദീകരിച്ചിരുന്നു. നേരത്തെ ലോറൻസിന്റെ മകൾ ആശയുടെ മകൻ മിലൻ ബിജെപിയെ തുണച്ചതു വിവാദമായിരുന്നു. തിരുവനന്തപുരത്തെ ബിജെപിയുടെ സമരവേദിയിലും മിലൻ പ്രത്യക്ഷപ്പെട്ടത് വാർത്തയായിരുന്നു.