ന്യൂഡൽഹി: കാറ്റാടിയന്ത്ര നിർമ്മാണക്കമ്പനിയായ സുസ്ലോൺ എനർജിയുടെ സ്ഥാപകൻ തുളസി താന്തി (64) അന്തരിച്ചു. കാറ്റിൽനിന്നു വൈദ്യുതി ഉൽപാദിപ്പിച്ചുള്ള ഹരിതോർജ വിപ്ലവത്തിന്റെ ഇന്ത്യൻ കുലപതിയായ അദ്ദേഹം ഇന്ത്യയുടെ 'വിൻഡ്മാൻ' എന്നാണ് അറിയപ്പെട്ടിരുന്നത്. കാറ്റാടിയന്ത്ര വൈദ്യുതി വ്യവസായത്തിന് ഇന്ത്യയിൽ തുടക്കമിട്ടവരിൽ പ്രധാനിയായയിരുന്നതിനാലാണ് അദ്ദേഹം അങ്ങനെ അറിയപ്പെട്ടത്.

പുനരുപയോഗ ഊർജമേഖലയിലെ ലോകോത്തര വിദഗ്ധനായിരുന്നു. ശനിയാഴ്ച വൈകിട്ടു പുണെയിൽ മാധ്യമസമ്മേളനത്തിൽ പങ്കെടുത്തു കാറിൽ മടങ്ങുമ്പോൾ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മെക്കാനിക്കൽ എൻജിനീയറായിരുന്ന അദ്ദേഹം ഗുജറാത്തിലെ സൂറത്തിൽ കുടുംബം നടത്തിയിരുന്ന ടെക്‌സ്‌റ്റൈൽ ബിസിനസിലായിരുന്നു ആദ്യം. തുടർന്ന് 1995ൽ സുസ്ലോൺ എനർജി സ്ഥാപിച്ചു. ഇന്ന് സുസ്ലോൺ ഗ്രൂപ്പിന് 150 കോടി ഡോളറിന്റെ ഓഹരിമൂല്യവും 18 രാജ്യങ്ങളിൽ സാന്നിധ്യവുമുണ്ട്. ഇന്ത്യ കഴിഞ്ഞാൽ യുഎസാണ് ഏറ്റവും വലിയ വിപണി.

ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി പദ്ധതിയുടെ 'ചാംപ്യൻ ഓഫ് ദി എർത്ത് ', ടൈം വാരികയുടെ 'ഹീറോ ഓഫ് ദി എൻവയൺമെന്റ് ' തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഭാര്യ: ഗീത. മക്കൾ: നിധി, പ്രണവ്.