റാന്നി: തിരുവിതാകൂർ ദേവസ്വം ബോർഡംഗവും സിപിഐ. പത്തനംതിട്ട ജില്ലാ കൗൺസിലംഗവുമായ അഡ്വ.മനോജ് ചരളേൽ (50) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച 10 മണിയോടെയായിരുന്നു മരണം. ദീർഘനാളായി കരൾ രോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം.

മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച രാവിലെ 8.30-ന് സിപിഐ. ജില്ലാകമ്മിറ്റി ഓഫീസ്, 10-ന് റാന്നി ഏരിയ കമ്മിറ്റി ഓഫീസ്, 11-ന് കൊറ്റനാട് ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, 11.30-ന് കൊറ്റനാട് എസ്.സി.വി.ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് കൊണ്ടുവരും. ഒരുമണിയോടെ വീട്ടിലെത്തിക്കും. സംസ്‌കാരം നാലിന് വീട്ടുവളപ്പിൽ നടക്കും.

കൊറ്റനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്, സിപിഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, റാന്നി മണ്ഡലം സെക്രട്ടറി, എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ കൗൺസിലംഗം, എ.ഐ.എസ്.എഫ്. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ബി.കെ.എം.യു. ജില്ലാസെക്രട്ടറി, എൻ.ആർ.ഇ.ജി.എസ്. ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

നിലവിൽ 1195-ാം നമ്പർ കൊറ്റനാട് എൻ.എസ്.എസ്. കരയോഗം പ്രസിഡന്റും കൊറ്റനാട് എസ്.സി.വി.ഹയർസെക്കൻഡറി സ്‌കൂൾ മാനേജരുമായിരുന്നു. ഡി.ടി.പി.സി. അംഗം, കൊറ്റനാട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ്് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

കൊറ്റനാട് ചരളേൽ ദേവീവിലാസത്തിൽ പരേതനായ കെ.ജി. കേശവൻ നായരുടെയും കൊറ്റനാട് എസ്.സി.വി.എച്ച്.എസ്.എസ്.റിട്ട.അദ്ധ്യാപിക പി.ജി. പത്മിനിയമ്മയുടെയും മകനാണ്. ഭാര്യ: ശ്രീല എസ്.നായർ (അദ്ധ്യാപിക, മലപ്പുറം ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസ്.എസ്.). സഹോദരി: മായ കെ.നായർ.