കണ്ണൂർ: ബദരീനാഥ് ക്ഷേത്രം മുൻ റാവൽജിയായിരുന്ന അതിയടം ശ്രീസ്ഥ മേലയതിയടം പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി (62) അന്തരിച്ചു. ചെറുതാഴം രാഘവപുരം സഭാ യോഗം പ്രസിഡന്റും ആദിശങ്കര ഫൗണ്ടേഷൻ സ്ഥാപക പ്രസിഡന്റുമായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായ ഉത്തരാഖണ്ഡ് ബദരീനാഥ് ക്ഷേത്രത്തിലെ റാവൽജിയായി (പൂജാരി) 10 വർഷത്തോളം സേവനമനുഷ്ഠിച്ചിരുന്നു. റാവൽജി സ്ഥാനത്തു നിന്നു വിരമിച്ച ശേഷം ഒട്ടേറെ ആധ്യാത്മിക-സാംസ്‌കാരിക പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. 1200 വർഷം പഴക്കമുള്ള ചെറുതാഴം ശ്രീരാഘവപുരം സഭായോഗം പുനരുജ്ജീവിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് ഇദ്ദേഹമായിരുന്നു. കഴിഞ്ഞ 40 വർഷമായി ആധ്യാത്മിക, വിദ്യാഭ്യാസ, പരിസ്ഥിതി, ജീവകാരുണ്യ മേഖലകളിൽ സജീവമായിരുന്നു.

ഭാര്യ: ഗൗരി അന്തർജനം. മക്കൾ: ശ്രീനാഥ് (യുകെ), ബദരീപ്രസാദ് (ബിഡിഎസ് വിദ്യാർത്ഥി, മംഗളൂരു). സഹോദരങ്ങൾ: കേശവൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, ഗോവിന്ദൻ നമ്പൂതിരി, സാവിത്രി അന്തർജനം.