ചെന്നൈ: അന്തരിച്ച വിഖ്യാത കർണാടക സംഗീതജ്ഞരായ ബോംബെ സിസ്റ്റേഴ്‌സിലെ ഇളയ സഹോദരി സി.ലളിതയ്ക്ക് (85) സംഗീത ലോകത്തിന്റെ ആദരാഞ്ജലികൾ. ചെന്നൈ അഡയാറിലെ വസതിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു മൂന്നിനു ബസന്റ് നഗർ ശ്മശാനത്തിൽ നടക്കും.

ജന്മം കൊണ്ട് മലയാളി എങ്കിലും പേരിനൊപ്പം ബോംബെ ചേർത്താണ് ലളിതയും സഹോദരിയും ഇന്ത്യയൊട്ടാകെ അറിയപ്പെട്ടത്. ഒന്നര വയസ്സിന്റെ മാത്രം പ്രായവ്യത്യാസമുള്ള സി.സരോജ സി.ലളിത സഹോദരിമാർ കൗമാര കാലം മുതൽ വേദികളിൽ ഒന്നിച്ചു പാടിയാണു ബോംബെ സിസ്റ്റേഴ്‌സ് എന്ന പേരിൽ പ്രസിദ്ധരായത്. മുക്താംബാളിന്റെയും ചിദംബര അയ്യരുടെയും മക്കളായി തൃശൂരിലായിരുന്നു ജനനവും കുട്ടിക്കാലവും.

എന്നാൽ റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന പിതാവ് ചിദംബരം ജോലി സംബന്ധമായി ബോംബെയിലെത്തിയപ്പോഴായിരുന്നു സരോജയും ലളിതയും വേദികളിൽ ഒരുമിച്ചു പാടിത്തുടങ്ങിയത്. അങ്ങനെ ബോംബെ സിസ്റ്റേഴ്‌സ് എന്നറിയപ്പെട്ടു. പിന്നീട് മദ്രാസിലെ സെൻട്രൽ കോളജ് ഓഫ് മ്യൂസിക്കിൽനിന്നു ഫെലോഷിപ്പുമായി സംഗീതപഠനം തുടരാൻ ചെന്നൈയിലാണു പിന്നീടു താമസിച്ചതെങ്കിലും പേരിലെ 'ബോംബെ' തുടർന്നു.

തമിഴ്‌നാട് മുൻ അഡ്വക്കറ്റ് ജനറൽ എൻ.ആർ.ചന്ദ്രനാണു ലളിതയുടെ ഭർത്താവ്. എച്ച്.എ.എസ്.മണിയുടെയും മുസിരി സുബ്രഹ്മണ്യ അയ്യരുടെയും അരനൂറ്റാണ്ടോളം ടി.കെ.ഗോവിന്ദറാവുവിന്റെയും ശിഷ്യരായിരുന്നു. സായിബാബ സംഗീതോത്സവത്തിൽ പാടേണ്ടിയിരുന്ന മധുര മണി അയ്യർ അസുഖം മൂലം പിന്മാറുകയും ബോംബെ സഹോദരിമാർക്ക് ആ അവസരം നൽകുകയും ചെയ്തത് ഇരുവരുടെയും സംഗീതജീവിതത്തിലെ നാഴികക്കല്ലായി.

2020 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.