കണ്ണൂർ:: ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ ഇരിവേരിയിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ഗുരുതര പരുക്കേറ്റു ചികിത്സയ്ക്കിടെ മരണമടഞ്ഞ ക്ഷേത്രം ഭാരവാഹി ശശീന്ദ്രന് നാടിന്റെ യാത്രാമൊഴി. ചെറു ചിരിയാൽ ആരെയും കീഴടക്കുന്ന സൗമ്യശീലനായ ശശീന്ദ്രന്റെ അപകട മരണത്തിന്റെ നടുക്കത്തിലാണ് ഗ്രാമം.

ജനപ്രതിനിധികൾ ഉൾപ്പെടെ നുറുകണക്കിനാളുകളാണ് മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇരിവേരി കാവിനടുത്തെ മൈതാനത്തിൽ പൊതു ദർശനത്തിന് എത്തിച്ചപ്പോൾ ഒഴുകിയെത്തിയത്. ക്ഷേത്രം കമ്മിറ്റി ഭാരവാഹിയെന്ന നിലയിലും പൊതുപ്രവർത്തന രംഗത്തും നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു ശശീന്ദ്രൻ .

ഇരിവേരി പുലിദേവക്ഷേത്രം ഉത്സവത്തിന്റെ മുന്നോടിയായി നടന്ന കലവറനിറക്കൽ ഘോഷയാത്രയ്ക്കിടെ പടക്ക ശേഖരത്തിന് തീപിടിച്ച് ഉണ്ടായ സ്‌ഫോടനത്തിലാണ് ഗുരുതരമായി പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ചാലിൽ ശശീന്ദ്രൻ(56) മരണമടഞ്ഞത്

ശനിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഈ മാസം 12നായിരുന്നു നാടിനെ നടുക്കിയ അപകടം. ഞായറാഴ്ച ഇവരുടെ ചികിത്സക്കായി സഹായ നിധിശേഖരിക്കാൻ ക്ഷേത്ര കമ്മിറ്റി യോഗം വിളിച്ച് ചേർക്കാൻ തിരുമാനിച്ചിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്.

പടക്കത്തിൽ നിന്ന് തീപ്പൊരി സമീപത്തെ കേബിളിൽ പതിക്കുകയും ഇത് കെടുത്താൻ ശ്രമിക്കുമ്പോൾ ശശീന്ദ്രന്റെ കയ്യിൽ സഞ്ചിയിൽ സൂക്ഷിച്ച പടക്ക ശേഖരത്തിന് തീ പിടിക്കുകയും ആയിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പ്രദേശത്തെ നിരവധി വീടുകൾക്കും കേടുപാട് സംഭവിച്ചിരുന്നു.' ജില്ലാ പൊലീസ് മേധാവി അജിത് കുമാർ. ചക്കരക്കൽ സി ഐ ശ്രീജിത്ത് കോടേരി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തയിരുന്നു.

ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, അശ്വതി ബെന്നിയുടെ നേതൃത്വത്തിൽ ഫോറൻസിക്ക് വിദഗ്ദർ എന്നിവരും നേരത്തെ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.
വി കെ കരുണന്റെ പരാതി പ്രകാരം പൊലീസ് എക്‌സ്‌പ്ലോസീവ് ആക്ട് അനുസരിച്ചാണ് സംഭവത്തിൽ കേസെടുത്ത് ചക്കരക്കൽ സിഐ. ശ്രീ ജിത്തുകൊടേരിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുകയാണ്.

പരേതനായ ഗോവിന്ദന്റെയും ദേവുവിന്റെയും മകനാണ്. ഭാര്യ: രേണുക. മക്കൾ : ദ്യശ്യ, ദിയ. മരുമകൻ: ജിതേഷ് (മുഴപ്പാല). സഹോദരങ്ങൾ: ശോഭന, ഹൈമ, ഷൈമ. ക്ഷേത്രത്തിനടുത്ത് പൊതു ദർശനത്തിന് വെച്ച ശേഷം പിന്നീട് മൃതദേഹം ആർ.വി മൊട്ടയിലെ സ്വവസതിയിലും പൊതു ദർശനത്തിന് വെച്ചു. ഇതിനു ശേഷം വൈകുന്നേരം പയ്യാമ്പലത്ത് സംസ്‌കാര ചടങ്ങുകൾ നടന്നു.