- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽഖോറിലെ ഫ്ളൈ ഓവറിൽ വെച്ച് വാഹനാപകടം; ഇടിയുടെ ആഘാതത്തിൽ വാഹനം പാലത്തിൽ നിന്നും താഴെ പതിച്ചു; മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ റോഷിൻ ജോൺ (38), ഭാര്യ ആൻസി ഗോമസ് (30), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളായ തമിഴ്‌നാട് സ്വദേശികളായ നാഗലക്ഷ്മി ചന്ദ്രശേഖരൻ (33), ഭർത്താവ് പ്രവീൺകുമാർ ശങ്കർ (38) എന്നിവരാണ് മരിച്ചത്.
ഖത്തറിലെ ഷമാൽ എക്സ്പ്രസ്സ് ഹൈവേയിൽ അൽഖോറിലെ ഫ്‌ളൈഓവറിനു മുകളിൽ നിന്ന് വാഹനം താഴേക്കു പതിച്ചതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. ഇന്നലെ രാത്രി അൽഖോറിലെ ഫ്ളൈ ഓവറിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേർക്ക് മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനം പാലത്തിൽ നിന്ന് താഴെ വീഴുകയായിരുന്നു.
ദോഹയിൽ നിന്നും 70 കിലോമീറ്റർ അകലെ അൽഖോറിൽ ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം. റോഷിൻ ജോൺ- ആൻസി ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകൻ ഏദൻ ഗുരുതര പരിക്കുകളോടെ സിദ്ര മെഡിസിൻ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങൾ അൽഖോർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബുധനാഴ്ച രാത്രി അൽഖോറിലെ ഫ്ളൈ ഓവറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയായിരുന്നു. ആംബുലൻസിൽ ആശുപത്രിയിലെത്തിക്കും മുമ്പേ അഞ്ചു പേരും മരണപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ ഖത്തറിൽ നിന്നു യാത്രാ സംഘം സൗദിയിൽ അപകടത്തിൽ പെട്ട് രണ്ട് മലയാളികൾ മരിച്ചതിന്റെ ഞെട്ടലിനിടയിലാണ് ബുധരാഴ്ച രാത്രിയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടം സംഭവിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ