ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്രതാരം സിന്ധു അന്തരിച്ചു. 44 വയസ്സായിരുന്നു. ദീർഘകാലമായി സ്തനാർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. വസന്തബാലൻ 2010ൽ സംവിധാനം ചെയ്ത അങ്ങാടിതെരു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ടേ കാലോടെയായിരുന്നു മരണം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേയാണ് സിന്ധു മരണത്തിന് കീഴടങ്ങിയത്. തമിഴ് നടനും കൊമേഡിയനുമായ കൊട്ടച്ചി മാരിമുത്തുവാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

2020-ലാണ് സിന്ധു അർബുദത്തിന്റെ പിടിയിലാവുന്നത്. എന്നാൽ രോഗം ഭേദമാക്കാൻ സാധിച്ചിരുന്നില്ല. കീമോതെറാപ്പി ചെയ്തതോടെ സിന്ധുവിന്റെ ഇടതു കൈയ്ക്ക് ചലനം നഷ്ടമായിരുന്നു. തുടർന്ന് സ്വന്തം കാര്യം പോലും നോക്കാൻ സാധിക്കാത്ത അവസ്ഥയിലുമായി.

ചികിത്സയുടെ ഇടയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ സിന്ധു പോയിരുന്നു. വേദന സഹിക്കാനാവുന്നില്ലെന്നും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും പറഞ്ഞ് സോഷ്യൽ മീഡിയയിലൂടെ സിന്ധു ധനസഹായത്തിന് അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് തമിഴ് താരങ്ങളായ കാർത്തി, സതീഷ് കുമാർ മുതലായവർ സഹായവുമായി എത്തിയിരുന്നു.

ബാലതാരമായാണ് സിന്ധു സിനിമയിൽ അരങ്ങേറിയത്. നാടോടികൾ, നാൻ മഹാൻ അല്ലൈ, തെനാവെട്ട്, കറുപ്പുസാമി കുത്തകൈധാരർ എന്നീ ചിത്രങ്ങളിലും സിന്ധു ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സിനിമകൾക്കു പിന്നാലെ നിരവധി ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കോവിഡ് കാലത്ത് ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നവരെ സഹായിക്കാനും സിന്ധു മുന്നിലുണ്ടായിരുന്നു.

സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് രോഗബാധയ്ക്കിടെയും അഭിനയിക്കാൻ പോയത് അണുബാധയ്ക്ക് ഇടയാക്കി. കീമോതെറാപ്പി ചെയ്തതോടെ സിന്ധുവിന്റെ ഇടതുകൈയുടെ ചലനശേഷി നഷ്ടമായി. സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലായ താരത്തിന് സഹായം തേടി സഹപ്രവർത്തകർ രംഗത്തെത്തിയിരുന്നു. 14ാം വയസിൽ വിവാഹിതയായ സിന്ധുവിന്റെ ദാമ്പത്യജീവിതം ഏറെ ദുഷ്‌കരമായിരുന്നു.