ലോസ് ആഞ്ജലീസ്: 'ഫ്രണ്ട്സ്' എന്ന സീരീസിലൂടെ പ്രശസ്തനായ മാത്യു പെറി (54) മരിച്ച നിലയിൽ. ലോസ് ആഞ്ജലീസിലെ വസതിയിലെ ഹോട് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല.അന്വേഷിക്കുകയാണെന്ന് ലോസ് ആഞ്ജലീസ് പൊലീസ് അറിയിച്ചു. കവർച്ച, കൊലപാതകം തുടങ്ങിയ സാധ്യതകൾ പൊലീസ് തള്ളിക്കളഞ്ഞതായാണ് വിവരം. ക്രൈം ഫോറൻസിക് വിഭാഗം വീട്ടിൽ പരിശോധന നടത്തിയെങ്കിൽ അസ്വഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് വിവരം. അതേ സമയം മാത്യുവിന്റെ മരണം ഹോളിവുഡിനെ ഞെട്ടിച്ചിട്ടുണ്ട്.

ഹൃദയാഘാതത്തെ തുടർന്ന് ബാത്ത് ടബ്ബിൽ മുങ്ങിയതായിക്കാമെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ എത്തിയിരിക്കുന്നതെന്ന അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എൻ ബി സിയുടെ സൂപ്പർഹിറ്റ് സീരീസായ ഫ്രണ്ട്‌സിൽ 'ചാൻഡ്‌ലർ ബിങ്' എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്. 1994 മുതൽ 2004വരെ പ്രദർശനം തുടർന്ന പരിപാടിക്ക് പത്ത് സീസണുകളായിരുന്നു ഉണ്ടായിരുന്നത്.

മദ്യത്തിനും വേദനസംഹാരികൾക്കും മാത്യു അടിമയായിരുന്നുവെന്നാണ് സൂചന. ലഹരിയിൽനിന്ന് മുക്തനാകാൻ താരം പലതവണ ചികിത്സതേടുകയും ചെയ്തിരുന്നു. ഫ്രണ്ട്‌സിന്റെ ചിത്രീകരണ സമയത്ത് കടുത്ത ഉത്കണ്ഠ അനുഭവിച്ചിരുന്നതായി അടുത്തിടെ നടന്ന താരങ്ങളുടെ ഒത്തുച്ചേരലിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ലഹരിക്ക് അടിമപ്പെട്ട കാലഘട്ടത്തിൽ ഫ്രണ്ട്സിൽ മൂന്ന് മുതൽ ആറ് വരെയുള്ള സീസണിൽ അഭിനയിച്ചതുപോലും ഓർമയില്ലെന്നും മാത്യു പറഞ്ഞിരുന്നു. 1979 ൽ പുറത്തിറങ്ങിയ 240 റോബർട്ട് എന്ന സീരീസിലൂടെയാണ് വിനോദരംഗത്ത് മാത്യു അരങ്ങേറ്റം കുറിച്ചത്. ഷി ഈസ് ഔട്ട് ഓഫ് കൺട്രോൾ, ദി കിഡ്, സെർവിങ് സാറ, ഫൂൾസ് റഷ് ഇൻ, ദി വോൾ നയൺ യാർഡ്‌സ്, 17 ഇയേഴ്സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്.

മോൺട്രിയലിൽ ഒരു സമ്പന്ന കുടുംബത്തിലാണ് മാത്യു പെറി 1969ൽ ജനിച്ചത്. പിന്നീട് ഇദ്ദേഹം വളർന്നത് ലോസ് ഏഞ്ചൽസിലായിരുന്നു. മാത്യു പെറി കുട്ടിക്കാലം മുതൽ അഭിനയ രംഗത്ത് സജീവമായിരുന്നു. ന്യൂയോർക്കിലെ മാൻഹട്ടനിലെ ഒരു ഫ്‌ളാറ്റിൽ താമസിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് അമേരിക്കൻ സിറ്റ്‌കോമായ ഫ്രണ്ട്‌സ് പറഞ്ഞത്.

സുഹൃത്തുക്കളായ ആറു യുവതീയുവാക്കളുടെ ജീവിത സന്ദർഭങ്ങളായിരുന്നു ഒരോ സീസണിലും വന്നത്. ഫ്രണ്ട്സിന് പുറമേ ഫൂൾസ് റഷ് ഇൻ, ദി വോൾ നയൺ യാർഡ്സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി വേഷമിട്ടിരുന്നു. അവിവാഹിതനായിരുന്നു,