തൃശൂർ: ട്രെയിൻ യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ തിരഞ്ഞ്് ട്രാക്കിലൂടെ നടക്കവെ ട്രെയിനിടിച്ച് യുവാവ് മരിച്ചു. തൃശൂരിലുണ്ടായ ട്രെയിൻ അപകടത്തിൽ കാസർകോട് ചെങ്കള തായൽ ഹൗസിൽ മുഹമ്മദ് തായലിന്റെയും ഹസീനയുടെയും മകൻ അബ്ദുൽ ബാസിത് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ നൈമുദീൻ (21), സബാബ് (20), ഉബൈസ് (20), ആഭിത് വക്കീൽ (20) എന്നിവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇന്നലെ രാവിലെ ആറേകാലോടെ ആളൂർ ഇടയിൽ ചങ്ങല ഗേറ്റിനു സമീപത്തായിരുന്നു അപകടം. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്‌ബോളിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കകണ്ട ശേഷം ട്രെയിനിൽ കാസർഗോട്ടേക്ക് മടങ്ങുകയായിരുന്നു സുഹൃത് സംഘം.

ശനി വൈകിട്ട് നാട്ടിലേക്കുള്ള ട്രെയിൻ യാത്രയിൽ ഇതിലൊരാളുടെ മൊബൈൽ ഫോൺ പുറത്തേക്കുവീണു. ഫോൺ കണ്ടെത്തുന്നതിനായി ഇവർ തൃശൂരിൽ ഇറങ്ങി തിരികെ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ എത്തിയശേഷം ഫോൺ തിരഞ്ഞു കല്ലേറ്റുംകര ഭാഗത്തേക്കു ട്രാക്കിലൂടെ നടക്കുമ്പോഴായിരുന്നു ദുരന്തം.

ഇരു ട്രാക്കുകളിലും ഒരേ സമയം ട്രെയിൻ വന്നതോടെ നാലുപേർ ട്രാക്കിൽ നിന്ന് ഒഴിഞ്ഞുമാറിയെങ്കിലും ഇവരിൽനിന്ന് ഏതാണ്ട് 50 മീറ്റർ പിന്നിലായിരുന്ന ബാസിത് മാറും മുന്നേ ട്രെയിൻ ഇടിച്ചു വീഴ്‌ത്തുക ആയിരുന്നു.

ചട്ടഞ്ചാൽ എംഐസി കോളജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായ ബാസിത് സുന്നി ബാല വേദി കാസർകോട് ജില്ലാ പ്രസിഡന്റും എംഎസ്എഫ് കാസർകോട് മണ്ഡലം വൈസ് പ്രസിഡന്റുമാണ്. സഹോദരങ്ങൾ: അജ്നാസ്, മിൻഷാന, ഫാത്തിമത്ത് ഹനാന.