തിരുവനന്തപുരം: എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫ. ബി. സുലോചനാനായര്‍ (94) അന്തരിച്ചു. വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിന് പുറകുവശം ഉദാരശിരോമണി റോഡ് 'വന്ദന' യില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച രാവിലെ 8.30 ന് ശാന്തികവാടത്തില്‍ നടക്കും.

പ്രഭാഷക, നിരൂപക, വിദ്യാഭ്യാസ വിചക്ഷക, സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു സുലോചനാനായര്‍. സംസ്ഥാനത്തെ വിവിധ കലാലയങ്ങളില്‍ 35 വര്‍ഷത്തോളം അധ്യാപികയായി സേവനമനുഷ്ഠിച്ചു. 1985 ല്‍ തിരുവനന്തപുരം ഗവ. വിമെന്‍സ് കോളേജില്‍ നിന്ന് വിരമിക്കുന്നതിനിടെ എന്‍എസ്എസ് വനിതാ കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, ചിറ്റൂര്‍ ഗവ. കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ ലക്ചററായും പ്രൊഫസറായും പ്രവര്‍ത്തിച്ചു.

സുലോചനാനായര്‍ എഴുതിയ ഭാഗവതം- അമര്‍ത്ത്യതയുടെ സംഗീതം എന്ന കൃതി ഭാഗവതഗ്രന്ഥങ്ങളില്‍ മലയാളത്തിനു ലഭിച്ച അമൂല്യകൃതികളിലൊന്നാണ്.

വിവേകാനന്ദന്‍-കവിയും ഗായകനും, ഏകാകിനികള്‍, തേജസ്വിനികള്‍, ഇലിയഡ് (സംഗൃഹീതപുനരാഖ്യാനം), വില്വപത്രം (കവിത സമാഹാരം) എന്നിവ പ്രധാന കൃതികളാണ്. ഒട്ടേറെ അസമാഹൃതലേഖനങ്ങളും കവിതകളും ടീച്ചറിന്റേതായുണ്ട്. ശ്രീരാമകൃഷ്ണപ്രസ്ഥാനവുമായും വിവേകാനന്ദസാഹിത്യവുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സുലോചനാനായര്‍ അഗതികളായ സ്ത്രീകളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

ഭര്‍ത്താവ്: പരേതനായ കെ. ശിവരാമന്‍നായര്‍ (മുന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍).

മക്കള്‍: രേണു, അഡ്വ. രഘുകുമാര്‍, രാജി, രശ്മി.

മരുമക്കള്‍: പരേതനായ കെ. ബാലചന്ദ്രന്‍ തമ്പി (മുന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്), സതി ബി നായര്‍, ബി. ഗോപാലകൃഷ്ണന്‍ (മുന്‍ പ്രസിഡന്റ്-ലീഗല്‍, ആക്‌സിസ് ബാങ്ക്, മുംബൈ), എസ്. സുരേഷ് (എംഡി നിഷ് മീഡിയ കണ്‍സള്‍ട്ടന്റ്‌സ്, ന്യൂഡല്‍ഹി).