തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പെരിയനമ്പിയായിരുന്ന പത്മനാഭന്‍ മരുതംപാടിത്തായര്‍ (മരുതംപാടി നാരായണന്‍ പത്മനാഭന്‍, 64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. കാസര്‍കോട് കാഞ്ഞങ്ങാട്ടെ താന്ത്രിക കുടുംബമായ പുല്ലൂര്‍ വിഷ്ണുമംഗലം മരുതംപാടി ഇല്ലത്തെ അംഗമാണ്. സംസ്‌കാരം മരുതംപാടി ഇല്ലത്ത് ഉച്ചയോടെ നടക്കും.

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, കുമാരനെല്ലൂര്‍ ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായിരുന്നിട്ടുണ്ട്. 2008 മുതല്‍ 2009 വരെ പഞ്ചഗവ്യത്ത് നമ്പിയായും 2009 മുതല്‍ 2015 വരെ പെരിയ നമ്പിയായും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സേവനമനിഷ്ടിച്ചു. പുല്ലൂര്‍- പെരിയ ഗ്രാമ പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഭാര്യ: ഉഷ പത്മനാഭന്‍. മക്കള്‍: കിഷോര്‍ നാരായണന്‍, പത്മകുമാര്‍. മരുമകള്‍: കൃഷ്ണപ്രിയ. സഹോദരങ്ങള്‍: കേശവന്‍ അഞ്ജനംതോടിത്തായര്‍, ശിവദാസ് മരുതംപാടിത്തായര്‍ (തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം മേല്‍ശാന്തി), സത്യന്‍ മരുതംപാടിത്തായര്‍ (പുല്ലൂര്‍ വിഷ്ണുമംഗലം മഹാവിഷ്ണുക്ഷേത്രം മേല്‍ശാന്തി), ശ്രീരാമന്‍ മരുതംപാടിത്തായര്‍ (നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ അധ്യാപകന്‍).