- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹന്‍ലാലിനൊപ്പം 'തിരനോട്ട'ത്തില്‍ തുടങ്ങിയ യാത്ര; തിരശ്ശീലയില്‍ ബാക്കിയായ ആഗ്രഹങ്ങളുമായി അഡ്വ. കെ.പി. ഗോപകുമാര്‍ മടങ്ങി

തിരുവനന്തപുരം: മലയാള സിനിമയിലെ വിസ്മയം മോഹന്‍ലാല്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ 'തിരനോട്ടം' എന്ന ചിത്രത്തിലെ സഹപ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വ. കെ.പി. ഗോപകുമാര്‍ (73) അന്തരിച്ചു. നടനായി വെള്ളിത്തിരയില്‍ തിളങ്ങണമെന്ന അടങ്ങാത്ത ആഗ്രഹം പാതിവഴിയില്‍ ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായത്.
1978-ല്‍ അശോക് കുമാര്‍ സംവിധാനം ചെയ്ത 'തിരനോട്ട'ത്തില്‍ അഭിനയിക്കുമ്പോള്‍ ഗോപകുമാര്‍ ബി.കോം ബിരുദധാരിയായിരുന്നു. സ്റ്റാച്യുവിലെ ഇന്ത്യന്‍ കോഫി ഹൗസിലെ സൗഹൃദക്കൂട്ടായ്മയാണ് ഗോപകുമാറിനെ സിനിമയിലെത്തിച്ചത്. ചിത്രത്തില്‍ അദ്ദേഹം ഉപയോഗിച്ച സ്വന്തം യസ്ഡി ബൈക്ക് അക്കാലത്ത് വലിയ കൗതുകമായിരുന്നു. മോഹന്‍ലാലിന്റെ വീടിന്റെ പരിസരമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അക്കാലത്ത് മുടവന്‍മുഗളിലെ വീട്ടില്‍ നിന്ന് ബസ് കയറി ലാല്‍ പുന്നപുരത്തെ ഗോപകുമാറിന്റെ വീട്ടില്‍ എത്താറുണ്ടായിരുന്ന സുന്ദരമായ ഓര്‍മ്മകള്‍ അദ്ദേഹം എന്നും സൂക്ഷിച്ചിരുന്നു.
'തിരനോട്ട'ത്തിന് ശേഷം സിനിമയില്‍ ഭാഗ്യം തേടി മദ്രാസിലേക്ക് വണ്ടി കയറിയ ഗോപകുമാര്‍ രണ്ട് തമിഴ് സിനിമകളില്‍ വേഷമിട്ടെങ്കിലും അവ പുറത്തിറങ്ങിയില്ല. ഇതോടെ സിനിമാ മോഹങ്ങള്‍ ഉപേക്ഷിച്ച അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി രാഷ്ട്രീയത്തില്‍ സജീവമായി. പാല്‍ക്കുളങ്ങര വാര്‍ഡില്‍ ആര്‍.എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. പിന്നീട് ഗള്‍ഫില്‍ പ്രമുഖ കമ്പനിയുടെ ലീഗല്‍ അഡൈ്വസറായി പ്രവര്‍ത്തിച്ചു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ജില്ലാ കോടതിയില്‍ അഭിഭാഷകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ഗീത മേനോനാണ് ഭാര്യ. മകള്‍: രേവതി ജി. മേനോന്‍. പരേതരായ പത്മജ, മോഹന്‍കുമാര്‍ എന്നിവരും പി.എസ്. ശുഭ, ജയശ്രീ, പ്രതാപ് എന്നിവര്‍ സഹോദരങ്ങളുമാണ്. മലയാള സിനിമയിലെ ഒരു ചരിത്രകാലഘട്ടത്തിന്റെ സാക്ഷിയായിരുന്ന ഗോപകുമാറിന്റെ വിയോഗം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വലിയ നോവായി.


