ആലപ്പുഴ: എസ്എഫ്‌ഐ മുൻ ജില്ലാ സെക്രട്ടറിയും,സിപിഎം മാരാരിക്കുളം ഏരിയ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മുൻ ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ അഡ്വ. കെ ടി മാത്യു (42) അന്തരിച്ചു. എറണാകുളം പെരുമ്പാവൂരിൽവച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഞായർ ഉച്ച കഴിഞ്ഞാണ് സംഭവം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച കലവൂർ ചെറുപുഷ്പം ദേവാലയ സെമിത്തേ രിയിൽ സംസ്‌ക്കരിക്കും.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനേഴാം വാർഡ് സർവോദയപുരം കുറുക്കഞ്ചിറയിൽ പരേതനായ കുഞ്ഞുമോന്റെയും ജെസിയുടെയും മകൻ ആണ്. അവിവാഹിതനാണ്. സഹോദരി :സഞ്ജു.

എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മത്സ്യ തൊഴിലാളി യൂണിയൻ നേതാവ്, ഓട്ടോ. ടെമ്പോ ടാക്സി വർക്കേഴ്‌സ് യൂണിയൻ ഏരിയ പ്രസിഡന്റും ആയി പ്രവർത്തിച്ചു വരികയായിരുന്നു.