- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു; അന്ത്യം നാഡീവ്യൂഹത്തെ ബാധിച്ച അപൂർവ്വ അസുഖത്തെ തുടർന്ന് യുഎഇയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; കാർഗിൽ യുദ്ധകാലത്തെ സൈനിക മേധാവി; പട്ടാള അട്ടിമറിയിലുടെ പാക്കിസ്ഥാൻ അധികാരം പിടിച്ചെടുത്ത ജനറൽ മരിക്കുന്നത് രാജ്യദ്രോഹിയും പിടികിട്ടാപ്പുള്ളിയുമായി
ദുബായ്: പാക്കിസ്ഥാൻ മുൻ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫ് അന്തരിച്ചു. യുഎഇയിലെ ആശുപത്രിയിലായിരുന്നു മുഷാറഫിന്റെ അന്ത്യം. കുറച്ചു കാലമായി തന്നെ ആരോഗ്യ പ്രശ്‌നങ്ങളാൽ വലയുകയായിരുന്നു മുഷാറഫ്. നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ദുബായിലെ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. മാധ്യമങ്ങളാണ് മുഷാറഫിന്റെ മരണവാർത്ത പുറത്തുവിട്ടത്. 2001 മുതൽ 2008 വരെ പാക്കിസ്ഥാന്റെ പ്രസിഡന്റായിരുന്നു മുഷാറഫ്. 2008ൽ ഇംപീച്ച്‌മെന്റ് നടപടികളെ തുടർന്നാണ് അദ്ദേഹം സ്ഥാനം ഒഴിയുന്നത്.
പെഷവാർ കോടതി വധശിക്ഷയ്ക്ക് വിധിച്ച ഇയാൾ ദുബായിൽ കഴിയുകയായിരുന്നു. 2007 ൽ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് കോടതി വധശിക്ഷ വിധിച്ചത്. 2007ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവത്തിൽ മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് 2013ൽ കേസെടുത്തിരുന്നു. ബേനസീർ ഭൂട്ടോ വധക്കേസിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ 2016 മാർച്ചിലാണ് മുഷ്‌റഫ് രാജ്യം വിട്ടത്.
1999 ലെ കാർഗിൽ യുദ്ധത്തിന് നേതൃത്വം നൽകിയതും ഇയാളായിരുന്നു. ഇന്ത്യൻ സർക്കാരും അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാക് സൈനിക മേധാവിയായരുന്ന മുഷറഫിന്റെ നേതൃത്വത്തിൽ പാക് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്തിയത്.
1943 ഓഗസ്റ്റ് 11 ഡൽഹിയിലാണ് മുഷാറഫ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം കറാച്ചിയിലെ സെന്റ് പാട്രിക് ഹൈസ്‌കൂളിൽ പൂർത്തീകരിച്ചു. ലാഹോറിലെ ഫോർമാൻ കോളജിലായിരുന്നു ഉന്നതവിദ്യാഭ്യാസം. 1961 ഏപ്രിൽ 19നാണ് പാക്കിസ്ഥാൻ സൈന്യത്തിന്റെ ഭാഗമാവുന്നത്. സ്‌പെഷ്യൽ സർവീസ് ഗ്രൂപ്പിന്റെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1965,1971 യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു.1998ലാണ് ജനറൽ റാങ്കിലേക്ക് ഉയർന്നത്. പിന്നീട് സൈനികമേധാവിയായി.
1965ലെ ഇന്ത്യ - പാക്ക് യുദ്ധത്തിൽ സെക്കൻഡ് ലഫ്റ്റനന്റായിരുന്ന മുഷറഫ്, അന്നു ഖേംകരൻ സെക്ടറിൽ പാക്ക് സൈന്യത്തെ നയിച്ചു. 1971ലെ ഇന്ത്യ - പാക്ക് യുദ്ധത്തിൽ കമാൻഡോ ബറ്റാലിയന്റെ കമ്പനി കമാൻഡറായിരുന്ന അദ്ദേഹത്തിന് അന്നു നടത്തിയ സൈനിക മുന്നേറ്റങ്ങളുടെ പേരിൽ ഉന്നത ബഹുമതികൾ ലഭിച്ചു. ബേനസീർ ബൂട്ടോയുടെ കാലത്ത് ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തസ്തികയിലെത്തി. 1998ൽ നവാസ് ഷെരീഫ് അദ്ദേഹത്തെ സൈനിക മേധാവിയായി നിയമിച്ചു. മുഷറഫ് മേധാവിയായിരിക്കേയാണ് പാക്ക് സൈന്യം കാർഗിലിൽ കയ്യേറ്റം നടത്തിയത്.
1999 ഒക്ടോബറിൽ 13ന് അധികാരം പിടിച്ചെടുത്ത മുഷറഫ് ഭീകരവാദ പ്രോത്സാഹനക്കുറ്റം ചുമത്തി ഷെരീഫിനെ തടവിലാക്കി. തുടർന്ന് 2001 വരെ അദ്ദേഹം പാക്കിസ്ഥാൻ പ്രതിരോധസേനയുടെ സമ്പൂർണമേധാവിയായി പട്ടാളഭരണകൂടത്തിനു നേതൃത്വം നൽകി. 2001 ജൂണിൽ കരസേനമേധാവി എന്ന സ്ഥാനം നിലനിർത്തി അദ്ദേഹം പ്രസിഡന്റായി.
മറുനാടന്‍ മലയാളി ബ്യൂറോ