ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ നടി വനിതാ വിജയകുമാറിന്റെ മുൻഭർത്താവ് പീറ്റർ പോൾ അന്തരിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് അന്ത്യം സംഭവിച്ചത്. പീറ്ററിന് ആദരാഞ്ജലികൾ നേർന്ന് വനിത ഒരു കുറിപ്പും പങ്കുവെച്ചു. ദുഷ്ട ശക്തികളോട് യുദ്ധം ചെയ്ത് സമാധാനം കണ്ടെത്തിയിരിക്കുന്നു. പീറ്റർ കടന്നുപോയ മാനസികാഘാതത്തെക്കുറിച്ചും വനിത കുറിപ്പിൽ പരാമർശിച്ചു.

2020 ലായിരുന്നു വനിതയുടെയും പീറ്ററിന്റെയും വിവാഹം. വനിതയുടെ മൂന്നാമത്തേതും പീറ്ററിന്റെ രണ്ടാമത്തെയും വിവാഹമായിരുന്നു. അതേ വർഷം തന്നെ തങ്ങൾ വേർപിരിയുകയാണെന്ന് വനിത പ്രഖ്യാപിച്ചു.

പീറ്റർ അമിതമായ മദ്യപാനത്തിനും പുകവലിക്കും അടിമയായിരുന്നുവെന്നും അതിനെത്തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമാവുകയും പീറ്ററിന്റെ ആദ്യ ഭാര്യ എലിസബത്തിനെയും മകനെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ പ്രതികരിച്ചില്ലെന്നും വനിത വ്യക്തമാക്കിയിരുന്നു.

ഡോക്ടർമാരുടെ നിർദേശമനുസരിക്കാതെ വീണ്ടും പുകവലി തുടങ്ങി രോഗിയായ പീറ്ററിന്റെ ആശുപത്രി ബില്ലും മറ്റുമായി 15 ലക്ഷത്തോളം രൂപ ചെലവായെന്നും വനിത പറഞ്ഞിരുന്നു. പീറ്റർ മദ്യപാനം നിർത്താൻ തയ്യാറാവാത്തതിനാൽ വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്നും വനിത വ്യക്തമാക്കിയിരുന്നു.