നാഗ്പൂർ: നാഗ്പൂരിൽ ദേശീയ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു.കേരളത്തിന്റെ അണ്ടർ 14 പോളോ താരമായ ആലപ്പുഴ സ്വദേശി നിദാ ഫാത്തിമ(10) ആണ് മരിച്ചത്.നാഗ്പൂരിലെ ചാമ്പ്യൻഷിപ്പിനെത്തിയ കുട്ടിയെ ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇവിടെ വെച്ച് കുത്തിവെയ്‌പ്പെടുത്തതിന് പിന്നാലെ നിദയുടെ നില വഷളാവുകയായിരുന്നു.

അതേ സമയം നിദയുടെ മരണത്തിന് പിന്നാലെ ഫെഡറേഷന് നേരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിലൂടെയാണ് നിദയുൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്.മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു.

പുറത്തു നിന്നും കഴിച്ച ഭക്ഷണമാണോ കുട്ടിയുടെ ആരോഗ്യനില മോശമാക്കാൻ കാരണമെന്ന് പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാവൂ.ചാമ്പ്യൻഷിപ്പിനെത്തിയ കേരള ടീം നേരിട്ടത് കടുത്ത അവഗണനയാണെന്നാണ് പരാതി.പോളോ ചാമ്പ്യൻഷിപ്പിനെത്തിയ രണ്ട് ദിവസം ടീം കഴിഞ്ഞത് താത്ക്കാലിക സൗകര്യങ്ങളിലായിരുന്നു.കുട്ടി അത്യാസന്ന നിലയിലായതറിഞ്ഞ് ആലപ്പുഴയിൽ നിന്ന് ബന്ധുക്കൾ നാഗ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.