മിലാൻ: പ്രമുഖ ഐറിഷ് നടനും ഹോളിവുഡിലെ ശ്രദ്ധേയ നടനുമായ റേ സ്റ്റീവൻസൺ അന്തരിച്ചു. 58 വയസായിരുന്നു. രാജമൗലി സംവിധാനം ചെയ്ത ആർആർആർ സിനിമയിൽ വില്ലൻ കഥാപാത്രം ഗവർണർ സ്‌കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ശ്രദ്ധ നേടിയ താരമാണ് റേ സ്റ്റീവൻസൺ. ഇറ്റലിയിലെ ഒരു ദ്വീപിൽ സിനിമാ ചിത്രീകരണത്തിനിടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നുവെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ചയോടെയായിരുന്നു അന്ത്യം. വടക്കൻ അയർലാൻഡിൽ 1964 മെയ് 25 നാണ് ജോർജ്ജ് റെയ്മണ്ട് സ്റ്റീവൻസൺ എന്ന റേ സ്റ്റീവൻസൺ ജനിച്ചത്. പിതാവ് എയർഫോഴ്സിൽ പൈലറ്റായിരുന്നു. റേ സ്റ്റീവൻസന് എട്ടു വയസ്സുള്ളുപ്പോൾ കുടുംബസമേതം ഇംഗ്ലണ്ടിലേക്ക് താമസം മാറി. എ വിമൺസ് ഗൈഡ് ടു അഡൽറ്ററി എന്ന ടെലിവിഷൻ സീരീസിലൂടെ 1993 ലാണ് അഭിനയരംഗത്ത് എത്തിയത്. 1998 ലെ പുറത്തിറങ്ങിയ ദ് തിയറി ഓഫ് ഫ്ലൈറ്റ് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്.

കിങ് ആർതർ, പബ്ലിഷർ വാർ സോൺ, കിൽ ദ ഐറിഷ്മാൻ, തോർ, ബിഗ് ഗെയിം, കോൾഡ് സ്‌കിൻ, ത്രീ മസ്‌കിറ്റേഴ്സ്, മെമ്മറി, ആക്സിഡന്റ് മാൻ; ദ ഹിറ്റ്മാൻ ഹോളിഡേ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

ആർആർആറിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നടന് ആദരാഞ്ജലി അർപ്പിച്ചു. റേ വിടപറഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി കുറിച്ചു. 'സ്റ്റാർ വാർസ്: റെബൽസ്' (2016) എന്ന ചിത്രത്തിലെ ഗാർ സാക്സണിന്റെ വേഷത്തിന് ശബ്ദം നൽകുകയും 'സ്റ്റാർ വാർസ്: ക്ലോൺ വാർസ്' (2020) എന്നതിന്റെ രണ്ട് എപ്പിസോഡുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

1998 ൽ പുറത്തെത്തിയ ദി തിയറി ഓഫ് ഫ്‌ളൈറ്റ് ആണ് പ്രേക്ഷകശ്രദ്ധ നേടിയ ആദ്യ ചിത്രം. പണിഷർ: വാർ സോണിലെയും മാർവെലിന്റെ തോർ സിനിമകളിലെയും കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. ആർആർആറിനു ശേഷം ആക്‌സിഡന്റ് മാൻ: ഹിറ്റ്മാൻസ് ഹോളിഡേ എന്ന ചിത്രത്തിലും അഭിനയിച്ചു. സ്‌കോട്ട് ആഡ്കിൻസ് ഇതിൽ സഹതാരമായിരുന്നു.

എച്ച്ബിഒയുടെയും ബിബിസിയുടെയും സിരീസ് ആയ റോമിന്റെ 22 എപ്പിസോഡുകളിലും റേ സ്റ്റീവൻസണിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. 1242: ഗേറ്റ്‌വേ ടു ദി വെസ്റ്റ് എന്ന ചിത്രത്തിൽ കെവിൻ സ്‌പേസിക്കു പകരം അഭിനയിക്കാനുള്ള കരാറിൽ ഈയിടെ അദ്ദേഹം ഒപ്പു വച്ചിരുന്നു. ഒരു ഹംഗേറിയൻ പുരോഹിതന്റെ വേഷമാണ് ഇതിൽ ചെയ്യേണ്ടിയിരുന്നത്.