കൊച്ചി: പ്രമുഖ കാർട്ടൂണിസ്റ്റും ഹാസ സാഹിത്യകാരനുമായ സുകുമാർ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്, കൊച്ചിയിലായിരുന്നു അന്ത്യം.

സുകുമാർ എന്ന പേരിലെഴുതുന്ന എസ്. സുകുമാരൻ പോറ്റിക്ക്, കേരള സാഹിത്യ അക്കാദമിയുടേയും ഇ വി സ്മാരക സമിതിയുടേയും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1932 ജൂലൈ 9-ന് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളുടെയും മൂത്ത മകനായാണ് ജനനം.

കുട്ടിക്കാലം മുതൽ വരയിൽ താൽപ്പര്യമുണ്ടായിരുന്നു. യൂണിവേഴ്സിറ്റി കോളജിലെ പഠനത്തിന് ശേഷം പൊലീസ് വകുപ്പിൽ ജോലിക്ക് കയറി. ഡി ഐ ജി ഓഫീസിൽ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. നർമ്മകൈരളിയുടെ പ്രസിഡന്റായും കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനായും പ്രവർത്തിച്ചിരുന്നു.

സുകുമാർ പടമുകൾ പാലച്ചുവടിലെ 'സാവിത്രി' ഭവനത്തിൽ മകൾ സുമംഗലയ്ക്കും മരുമകൻ കെ.ജി.സുനിലിനുമൊപ്പമായിരുന്നു അവസാന കാലം ചെലവഴിച്ചത്.

കേരള കൗമുദിയിലാണ് കാർട്ടൂണിസ്റ്റായി അദ്ദേഹം കരിയർ ആരംഭിക്കുന്നത്. കഥയും നോവലും കവിതയും നാടകവും ഉൾപ്പെടെ 52 ഹാസഗ്രന്ഥങ്ങൾ സുകുമാറിന്റെതായുണ്ട്. നർമകൈരളിയുടെയും കേരള കാർട്ടൂൺ അക്കാദമിയുടെയും സ്ഥാപകനാണ്. ഹാസമൊഴികളോടെ 12 മണിക്കൂർ അഖണ്ഡ ചിരിയജ്ഞം നടത്തി റെക്കോഡിട്ടു. കേരളസാഹിത്യ അക്കാദമി പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങളും സ്വന്തം.

ആഭ്യന്തരവകുപ്പിൽ 30 വർഷത്തോളം ജീവനക്കാരനായിരുന്നു സുകുമാർ. ഭാര്യ: പരേതയായ സാവിത്രി അമ്മാൾ. മക്കൾ: സുമംഗല, പരേതയായ രമ. മരുമകൻ: കെ.ജി.സുനിൽ (ഹിന്ദുസ്ഥാൻ ലിവർ റിട്ട. ഉദ്യോഗസ്ഥൻ).