കോട്ടയം: എംസി റോഡിൽ നാട്ടകം മറിയപ്പള്ളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് മാന്നാനം കെഇ കോളജ് ഡിഗ്രി വിദ്യാർത്ഥി അരവിന്ദനെന്ന് തിരിച്ചറിഞ്ഞു. നാട്ടകം മറിയപ്പള്ളിക്കും വില്ലേജ് ഓഫിസിനും ഇടയിലുള്ള വളവിലാണ് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്കോടിച്ച ചെങ്ങളം സൗത്ത് വാഴക്കൂട്ടത്തിൽ അനീഷ് ആർ ചന്ദ്രന്റെ മകൻ അരവിന്ദ് മരിച്ചത്.

മകൻ മരിച്ചത് അറിയാതെ പിതാവ് അനീഷ് അരവിന്ദിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ഈ ഫോൺ എടുത്തത് പൊലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു. എന്തു പറയണമെന്ന് അറിയാതെ, അച്ഛനെ ആശ്വസിപ്പിക്കാൻ ആവാതെ നിൽക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.

എംസി റോഡിൽ നാട്ടകം മറിയപ്പള്ളിക്കും വില്ലേജ് ഓഫീസിലും ഇടയിലുള്ള വളവിൽ വൈകിട്ട് ആറ് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു അപകടത്തിൽപ്പെട്ട ബൈക്ക്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽപ്പെട്ട ബൈക്കിനുള്ളിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ ഈ ഫോൺ പരിശോധിക്കുന്നതിനിടയാണ് ഫോണിലേക്ക് വിളിയെത്തിയത്. ഈ സമയം വിളിച്ചത് മരിച്ച അരവിന്ദിന്റെ പിതാവ് അനീഷ് ആയിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവിടെയെത്തിയ ബന്ധുക്കളാണ് മരിച്ചത് അരവിന്ദ് ആണെന്ന് തിരിച്ചറിഞ്ഞത്.

മാങ്ങാനം സ്‌കൂളിലെ രണ്ടാംവർഷ ബികോം ബിരുദ വിദ്യാർത്ഥിയായ അരവിന്ദ് ഡ്യൂക്ക് ബൈക്ക് വേണമെന്നാണ് വീട്ടിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വീട്ടുകാർ ഡ്യൂക്ക് വാങ്ങി നൽകാൻ തയ്യാറായില്ല. ഇതിനു പകരമായി ഹോണ്ടയുടെ പുതിയ സീരീസിലുള്ള ബൈക്ക് ആണ് അരവിന്ദിന് വാങ്ങി നൽകിയത്.

ഈ ബൈക്കാണ് ഇപ്പോൾ അപകടത്തിൽപ്പെട്ടത്. മരിച്ച യുവാവിന്റെ മൃതദേഹം എംസി റോഡിൽ തന്നെ കിടക്കുകയായിരുന്നു. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി 108 ആംബുലൻസ് വിളിച്ച് വരുത്തിയാണ് മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

അപകടത്തെത്തുടർന്ന് നാട്ടകത്ത് എംസി റോഡിൽ ഗതാഗതതടസ്സമുണ്ടായിരുന്നു. ഹൈവേ പെട്രോളിങ് സംഘവും പൊലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കോട്ടയത്ത് നിന്നും അഗ്‌നിരക്ഷാ സേനാ സംഘം എത്തി റോഡ് കഴുകി വൃത്തിയാക്കി. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.