- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടകര സഹകരണ ആശുപത്രിയുടെ ചർമരോഗ പരസ്യത്തിൽ വിഖ്യാത നടൻ മോർഗൻ ഫ്രീമന്റെ ചിത്രം; സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനം; വിവാദമായതോടെ ബോർഡ് നീക്കം ചെയ്ത് ആശുപത്രി അധികൃതർ
കോഴിക്കോട്: വടകര സഹകരണ ആശുപത്രിയിലെ ചർമരോഗ വിഭാഗത്തിന്റെ പരസ്യത്തിനായി ഉപയോഗിച്ചത് വിഖ്യാത അമേരിക്കൻ നടനും സംവിധായകനുമായ മോർഗൻ ഫ്രീമാന്റെ ചിത്രം. ആശുപത്രിയുടെ മുന്നിൽ വച്ച ഫ്ളക്സ് ബോർഡിലാണ് ചർമരോഗ പരസ്യ രൂപത്തിൽ മോർഗൻ ഫ്രീമന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനവുമായി ആരാധകർ അടക്കം എത്തിയതോടെ പരസ്യ ബോർഡ് നീക്കം ചെയ്തു.
അരിമ്പാറ, പാലുണ്ണി, സ്‌കിൻ ടാഗ് എന്നിവയുടെ ചികിത്സയ്ക്കായുള്ള പരസ്യ ബോർഡിലാണ് ഓസ്‌കാർ, ഗോൾഡൻ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഫ്രീമാന്റെ ചിത്രം ഉപയോഗിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും കടുത്ത വിമർശനം ഉയരുകയും ചെയ്തിരുന്നു. പിന്നാലെയാണ് ആശുപത്രി അധികൃതർ ബോർഡ് നീക്കം ചെയ്തത്.
മോർഗൻ ഫ്രീമൻ ആരെന്നുപോലും അറിയാൻ ശ്രമിക്കാതെ അദ്ദേഹത്തിന്റെ ഫോട്ടോ സെലക്ട് ചെയ്തത് മലയാളിയുടെ വംശീയ ബോധത്തിന്റെ ഭാഗമായാണെന്നാണ് പ്രധാന വിമർശനം. മോർഗൻ ഫ്രീമൻ ലോക സിനിമാ മേഖലക്ക് ചെയ്ത സംഭാവനകൾ ഓർമപ്പെടുത്തിയാണ് എഴുത്തുകാരി ശ്രീ പാർവതി ഇതിനെതിരെ വിമർശനമുയർത്തിയത്. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർക്കാണ് ആ ചിത്രം വച്ച് ചർമ രോഗത്തിന് പ്രതിവിധി എന്നൊക്കെ കാണുമ്പൊൾ വിഷമവും മാനസിക പ്രയാസവും തോന്നുന്നത്. അല്ലാത്തവർക്ക് അത് ഹെയർ സലൂണിൽ ഡീ കാപ്രിയോയുടെ പടം വയ്ക്കുന്നത് പോലെയേ ഉള്ളൂ.
അല്ലെങ്കിൽ പരസ്യത്തിന് ഏതെങ്കിലും സെലിബ്രിട്ടീസിന്റെ ചിത്രം ഗൂഗിളിൽ നിന്ന് ഓസിനു എടുത്തു വയ്ക്കും പോലെയേ ഉള്ളൂ. ഡീ കാപ്രിയോയുടെ പടം ഹെയർ സലൂണിലും മോർഗന്റെ ചിത്രം പാലുണ്ണി പോലെയുള്ള മുഖത്തെ പ്രശ്‌നങ്ങൾ മാറാനും വച്ചിട്ടുണ്ടെങ്കിൽ അതിന്റെ വ്യത്യാസം തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട് എന്നും വിമർശനം ഉയർന്നു. എന്നാൽ ഇന്നലെയാണ് ബോർഡ് സ്ഥാപിച്ചതെന്നും ഇക്കാര്യത്തിൽ പിഴവ് മനസിലായതിനേത്തുടർന്ന് പരസ്യം നീക്കം ചെയ്തുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.