മുംബൈ: അന്താരാഷ്ട്ര നാണ്യനിധിയും ലോകബാങ്കുമുൾപ്പെടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചതോടെ, കടുത്ത സമ്മർദത്തിലായിരുന്നു നരേന്ദ്ര മോദി സർക്കാർ. എന്നാൽ, സാമ്പത്തിക ഗവേഷണ സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ വിലയിരുത്തൽ മോദിക്ക് ആശ്വാസം പകരുന്നതാണ്. അടുത്ത പത്തുവർഷത്തേക്ക് ഇന്ത്യ വർഷംതോറും പത്തുശതമാനമോ അതിന് മുകളിലോ വളർച്ച കൈവരിക്കുമെന്നാണ് മോർഗൻ സ്റ്റാൻലിയുടെ വിലയിരുത്തൽ. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യം മാത്രമാണെന്നും വിലയിരുത്തപ്പെടുന്നു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിലുണ്ടായ മാന്ദ്യത്തിന് കാരണമായി പ്രതിപക്ഷചേരി എടുത്തുയർത്തുന്ന കാരണങ്ങൾ രണ്ടാണ്. നോട്ടസാധുവാക്കലും ചരക്ക് സേവന നികുതിയുമാണത്. എന്നാൽ, അടുത്ത പത്തുവർഷത്തേക്ക് ഇന്ത്യക്ക് അടിക്കടി വളർച്ച സമ്മാനിക്കാൻ പോകുന്നത് ഇവ രണ്ടുമാകുമെന്ന് മോർഗൻ സ്റ്റാൻലി പറയുന്നു. പണത്തെ ആശ്രയിച്ചുനിലനിന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഡിജിറ്റൽ ഇടപാടുകളുടെ ലോകത്തേക്ക് കൊണ്ടുവന്നതും നികുതി പരിഷ്‌കാരങ്ങളും ഇന്ത്യയുടെ വളർച്ചയെ മുന്നോട്ടുനയിക്കുമെന്ന് അവർ വിലയിരുത്തുന്നു.

ശക്തമായ വളർച്ചാ സൂചകങ്ങളാണ് ഇന്ത്യയിലുള്ളതെന്ന് മോർഗൻ സ്റ്റാൻലിയുടെ ഏഷ്യൻ ഫിനാൻഷ്യൽ റിസർച്ച് വിഭാഗത്തിന്റെ തലവൻ അനിൽ അഗർവാൾ പറയുന്നു. ഡിജിറ്റൈസേഷൻ ഇന്ത്യയുടെ ജി.ഡി.പി. വളർച്ചാ നിരക്ക് പത്തുശതമാനത്തിനുമേലെയായി നിലനിർത്തും. 2026-27 ഓടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വൻതോതിലുള്ള വളർച്ച കൈവരിക്കുമെന്ന് മോർഗൻ സ്റ്റാൻലിയുടെ ഇക്വിറ്റി റിസർച്ച് വിഭാഗം തലവവൻ റിധം ദേശായി കഴിഞ്ഞമാസം അഭിപ്രായപ്പെട്ടിരുന്നു.

പ്രതിശീർഷ വരുമാനത്തിൽ മാത്രമല്ല, ഓഹരി കമ്പോളത്തിലും വലിയ മുന്നേറ്റമുണ്ടാകും. സെൻസെക്‌സ് 2028-ഓടെ ഒരുലക്ഷം മാർക്ക് പിന്നിടുമെന്നും മോർഗൻ സ്റ്റാൻലി വിലയിരുത്തുന്നു. കോർപറേറ്റ് തലത്തിൽ വലിയ വളർച്ചയാകും ഇതുണ്ടാക്കുക. 2018 മുതൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രകടമായ മാറ്റങ്ങളുണ്ടാകുമെന്നും റിഥം ദേശായ് വിലയിരുത്തുന്നു. ലോകത്തെ അഞ്ച് മുൻനിര ഓഹരി വിപണികളിലൊന്നായി ഇന്ത്യ മാറുമെന്നുമാണ് മറ്റൊരു വിലയിരുത്തൽ.

പണം ഉപയോഗിച്ചുള്ള ഇടപാടുകൾ കഴിയുന്നത്ര കുറയ്ക്കുന്നതിനാണ് ഇന്ത്യ പരിശ്രമിക്കുന്നത്. നിലവിലുള്ളതിന്റെ ആറിരട്ടിയെങ്കിലുമായി ഡിജിറ്റൽ പേമെന്റുകൾ വർധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പത്തുവർഷത്തിനിടെ ഇന്ത്യയിലെ ഇന്റർനെറ്റ് കണക്ഷൻ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്നും 91.5 കോടി ജനങ്ങൾക്കും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാകുമെന്നുമാണ് വിലയിരുത്തുന്നത്. ഇത് ഡിജിറ്റൽ പണമിടപാടുകൾ കുത്തനെ ഉയരാൻ ഇടയാക്കുമെന്നും മോർഗൻ സ്റ്റാൻലി വിലയിരുത്തുന്നു.