കോഴിക്കോട്: വടകരയിൽ വിവാഹ വീഡിയോകളിൽ നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് അശ്ലീലദൃശ്യങ്ങളുണ്ടാക്കിയ പ്രചരിപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷനും. സ്ത്രീകളെ മോശമായി ചിത്രീകരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം വേണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യ എസ്‌പിയോട് പറഞ്ഞതായി വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു.

കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യത്തെ പരാതി പൊലീസ് രജിസ്റ്റർ ചെയ്ത് ഒരാഴ്ചയ്ക്കു ശേഷമാണ് വനിതാ കമ്മീഷൻ രംഗത്തെത്തിയിരിക്കുന്നത്. വടകരയിലെ സദയം സ്റ്റുഡിയോയിലെ എഡിറ്ററായ ബബീഷിന് എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇയാൾ നിലവിൽ ഒളിവിലാണ്. കല്യാണ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രമെടുത്ത് അശ്ലീലദൃശ്യങ്ങളുണ്ടാക്കി പ്രചരിപ്പിച്ചുവെന്നാണ് കേസ്.

്അതേസമയം സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി ഇപ്പോഴും ഒഴിവാണ്. സ്ഥാപന ഉടമകൾക്ക് ഇതിൽ പങ്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ബിബീഷിനെ ഇവർ സംരക്ഷിച്ചിരുന്നതായി സൂചനയുമുണ്ട്. ബിബീഷിന്റെ കംപ്യൂട്ടർ ഹാർഡ് ഡിസ്‌കിനുള്ളിൽ ആരുടെയൊക്കെ ചിത്രങ്ങൾ ഉണ്ടെന്ന ആശങ്ക വടകരക്കാരെ വെട്ടിലാക്കുന്നുണ്ട്. വൈക്കിലശ്ശേരി, മലോൽമുക്ക് നിവാസികൾ പ്രതിഷേധം തുടരുകയാണ്.

മോർഫിങ് നടത്തിയ വടകര സദയം ഷൂട്ട് ആൻഡ് എഡിറ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ കൈവേലി സ്വദേശി ബിബീഷിന്റെ ഹാർഡ് ഡിസ്‌കിൽ പൊലീസ് കണ്ടെത്തിയത് 46,000-ത്തോളം ചിത്രങ്ങളാണ്. ഇതിൽ മോർഫിങ് ചെയ്ത അശ്ശീലചിത്രങ്ങൾ നൂറുകണക്കിന് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കല്യാണവീഡിയോകളിൽ നിന്നെടുത്ത സ്ത്രീകളുടെ ചിത്രങ്ങളാണ് ഇവ. സ്ഥാപനഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്. ബിബീഷിനെ കുടുക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇത് പുറത്തുവിട്ടത്. എന്നാൽ ഈ ഫോട്ടോ പുറത്തുവന്നതോടെ കാര്യങ്ങൾ കൈവിട്ടു പോയി. പൊലീസ് റെയ്ഡിൽ ഫോട്ടോ കണ്ടെത്തിയ വിവരം പുറത്തുവന്നതോടെ ആശങ്ക കൂടി. നാട്ടുകാർ പ്രതിഷേധവുമായെത്തി.

ഉടമകളെയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഏഴുമാസം മുമ്പുതന്നെ ബിബീഷ് ചിത്രങ്ങൾ മോർഫ് ചെയ്യുന്നുണ്ടെന്ന് സ്ഥാപനഉടമകൾക്ക് മനസ്സിലായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, എഡിറ്റിങ്ങിൽ മിടുക്കനായതിനാൽ ബിബീഷിനെതിരേ നടപടിയെടുത്തില്ല. ഇതിനുശേഷവും ഇയാൾ മോർഫിങ് തുടർന്നപ്പോൾ നിയന്ത്രിക്കാൻ ഉടമകൾ തയ്യാറായില്ലെന്നാണ് ആരോപണം. സംഭവം പുറത്തായത് ബിബീഷ് ഈ സ്ഥാപനത്തിൽനിന്ന് പുറത്തുപോയി മറ്റൊരു സ്റ്റുഡിയോ തുറക്കാൻ ശ്രമം തുടങ്ങിയപ്പോഴാണ്. ഇതിന് പിന്നിൽ ഉടമകൾക്ക് പങ്കുണ്ടോയെന്ന സംശയവും സജീവമാണ്. ഏതായാലും കേസിൽ ഉടമകളും കുടുങ്ങുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

പ്രദേശത്തെ സർവകക്ഷിസംഘമാണ് ആദ്യം വിഷയത്തിൽ ഇടപെട്ടത്. ഇവർ ബിബീഷ് ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌ക് പരിശോധിച്ചപ്പോൾ വൈക്കിലശ്ശേരി, മലോൽമുക്ക് പ്രദേശത്തെ ഒട്ടേറെ സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടു. തുടർന്ന് ഡിസ്‌ക് പൊലീസിന് കൈമാറി. അപ്പോഴേക്കും ബിബീഷ് മുങ്ങി. പിന്നാലെ, സ്ഥാപനഉടമകളും ഒളിവിൽപ്പോയി. ഇവരെ കണ്ടെത്താൻ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല. കേസ് രജിസ്റ്റർ ചെയ്തിട്ട് അഞ്ചുദിവസം കഴിഞ്ഞു. മോർഫ് ചെയ്ത ചിത്രങ്ങളുടെ ശേഖരം ബിബീഷിന്റെ കൈവശവും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത് ദുരുപയോഗം ചെയ്യപ്പെടുമേയെന്നും ആശങ്കയുണ്ട്. ഇതുവരെ ചിത്രങ്ങൾ പുറത്തുപോയിട്ടില്ലെന്നാണ് പൊലീസ് നിലപാട്. ഫോട്ടോകൾ അശ്‌ളീലസൈറ്റുകളിലും മറ്റും അപ് ലോഡ് ചെയ്ത് ഇയാൾ സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടുണ്ടാകാം എന്നാണ് വിലയിരുത്തൽ.

ബിബീഷിനെ പിടികിട്ടിയാലേ ഇതുസംബന്ധിച്ച് വ്യക്തത വരുത്താനാകൂ. കേസ് പൊലീസിൽ എത്താൻ വൈകിയതോടെയാണ് ഇയാൾ മുങ്ങിയതെന്നാണ് പൊലീസ് നിലപാട്. ഇയാളുടെ ഭാര്യവീടായ ഇടുക്കിയിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരത്ത് ബന്ധുക്കൾ ഉള്ളതായ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഈ വഴിക്കും അന്വേഷണം നടത്തുന്നുണ്ട്. അഞ്ചുവർഷം മുമ്പാണ് ബിബീഷ് സദയം സ്റ്റുഡിയോയിൽ ജോലിക്കെത്തിയത്. അന്നുമുതൽ മോർഫിങ്ങും തുടങ്ങി.