കണ്ണൂർ: മോറിസ് കോയിൻ തട്ടിപ്പ് കേസിൽ കണ്ണൂരിൽ ഒരാൾ കൂടി അറസ്റ്റിൽ. ഫോർട്ട് കൊച്ചി ചിരട്ടപ്പാലം സരോജിനി റോഡ് സ്വദേശി ജൂണിയർ കെ ജോഷി (45)യാണ് അറസ്റ്റിലായത്. കണ്ണൂർ സിറ്റി അഡീഷണൽ എസ് പി സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇതോടെ ഈ കേസിൽമൊത്തം എട്ടു പേർ അറസ്റ്റിലായി.

മോറിസ് കോയിൻ എന്ന ക്രിപ്‌റ്റോ കറൻസി വാഗ്ദാനം ചെയ്ത മണി ചെയ്ൻ മാതൃകയിൽ ഇയാൾ നിക്ഷേപകരിൽ നിന്നും ഒൻപതു കോടിയോളം രൂപ പിരിച്ചെടുക്കുകയായിരുന്നു . ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് അഡീഷനൽ എസ്‌പി പി.പി സദാനന്ദൻ അറിയിച്ചു.

ഇതിനിടെ എൽ. ആർ ട്രേഡിങ്ങ്, മോറിസ് കോയിൻ എന്നീ വെബ് സൈറ്റുകളുടെ ഡാറ്റാ ബെയ്‌സ് കോയമ്പത്തൂരിലുള്ള ഒരു കമ്പനിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.. ഇത് പരിശോധിച്ചതിൽ മൊത്തം രണ്ട് ലക്ഷത്തി അമ്പത്തി ആറായിരം മെമ്പർമാർ ഈ പദ്ധതിയിൽ പണം നിക്ഷേപിച്ചതായും 1826 കോടി രൂപ പിരിച്ചെടുത്തതായും 1772 കോടി രൂപ ആദ്യകാല നിക്ഷേപകർക്ക് വിതരണം ചെയ്തതായും വ്യക്തമായിട്ടുണ്ട്.

ഇതിന്റെ നിജസ്ഥിതി പരിശോധിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.. അവസാന കാലത്ത് നിക്ഷേപിച്ച ഭൂരിഭാഗം ആളുകൾക്കും പണം തിരികെ കിട്ടിയിട്ടില്ല. ജൂണിയർ കെ ജോഷിയെ അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.