- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം; ഭൗതിക ശരീരങ്ങൾ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചു; രാഷ്ട്രപതിയും പ്രധാനമന്ത്രിയും സൈനികരുമടക്കമുള്ള പ്രമുഖരും ആദരം അർപ്പിക്കും; ബിപിൻ റാവത്തിന്റെയും ഭാര്യയുടേയും സംസ്‌കാരം വെള്ളിയാഴ്ച
ന്യൂഡൽഹി: തമിഴ്‌നാടിലെ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ ഭൗതിക ശരീരങ്ങൾ ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ചു. സുലൂരിലെ വ്യോമതാവളത്തിൽനിന്നു പ്രത്യേക വിമാനത്തിലാണ് ഭൗതിക ശരീരം എത്തിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ സൂപ്പർ ഹെർക്കുലീസ് ട്രാൻസ്‌പോർട്ട് വിമാനത്തിലാണ് 13 മൃതദേഹങ്ങളും സുലൂരിൽ നിന്ന് ഡൽഹിയിലേക്ക് കൊണ്ടുവന്നത്.
The mortal remains of #CDSGeneralBipinRawat, his wife Madulika Rawat and 11 others, who lost their lives in #TamilNaduChopperCrash yesterday, placed at Palam airbase. Their families pay last respects. pic.twitter.com/SZz2vn7K6p
- ANI (@ANI) December 9, 2021
ധീരസൈനികർക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും സൈനികരുമടക്കമുള്ള പ്രമുഖർ ആദരാഞ്ജലിയർപ്പിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കര- വ്യോമ- നാവിക സേനാ തലവന്മാരും വിമാനത്താവളത്തിലെത്തും. നിലവിൽ നിശ്ചയിച്ച പ്രകാരം 8. 50 ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അന്ത്യാഞ്ജലി അർപ്പിക്കും. 9.05 ന് പ്രധാനമന്ത്രി അന്ത്യാഞ്ജലി അർപ്പിക്കും. 9. 15 ന് രാഷ്ട്രപതിയും ശ്രദ്ധാഞ്ജലി അർപ്പിക്കിക്കാനെത്തും.
രാജ്യത്തിന്റെ മൂന്ന് സൈനിക തലവന്മാരും ധീര ജവാന്മാർക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തും. ഇതോടൊപ്പം ശ്രിലങ്ക, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരും എത്തും. ജനറൽ ബിപിൻ റാവത്തിന്റെ മക്കൾ അടക്കമുള്ള കുടുംബാംഗങ്ങളും വിമാനത്താവളത്തിലെത്തിച്ചേർന്നിട്ടുണ്ട്.
ഊട്ടി വെല്ലിങ്ടൻ മദ്രാസ് റെജിമെന്റ് സെന്ററിലെ പൊതുദർശനത്തിനുവച്ചശേഷം വിലാപയാത്രയായാണ് ഭൗതിക ശരീരങ്ങൾ സുലൂരിലെ വ്യോമതാവളത്തിൽ കൊണ്ടുവന്നത്. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കളെയും ഡൽഹിയിലെത്തിക്കും. ഇവർ മൃതദേഹം തിരിച്ചറിഞ്ഞശേഷമാകും വിട്ടുനൽകുക.
#TamilNaduChopperCrash | The mortal remains of Madhulika Rawat, president of the Defence Wives Welfare Association and wife of late #CDSGeneralBipinRawat, being kept at Palam airbase. pic.twitter.com/hTxe1HX6NS
- ANI (@ANI) December 9, 2021
വെള്ളിയാഴ്ച രാവിലെ 11.30 മുതൽ 12.30 വരെ ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാം. 12.30 മുതൽ 1.30 വരെ സൈനികർക്ക് അന്തിമോപചാരത്തിന് അവസരം. ബിപിൻ റാവത്തിന്റെ മൃതദേഹം അദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. ബ്രിഗേഡിയർ എൽ.എസ്.ലിഡ്ഡറിന്റെ സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ഡൽഹിയിൽ നടക്കും.
വെല്ലിങ്ടണിൽ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മറ്റു സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി, മറ്റു സൈനിക ഉദ്യോഗസ്ഥർ, ജില്ലാ ഭരണാധികാരികൾ എന്നിവരും പങ്കെടുത്തു.
ബിപിൻ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയർ എൽ.എസ്.ലിഡ്ഡർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, ഹവിൽദാർ സത്പാൽ, നായികുമാരായ ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായികുമാരായ വിവേക് കുമാർ, ബി.സായ് തേജ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു.
ജനറൽ ബിപിൻ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, എന്നിവരുടേതുൾപ്പെടെ നാല് മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂ എന്നാണ് സൈന്യം അറിയിച്ചത്.
ജനറൽ ബിപിൻ റാവത്തിന്റയും ഭാര്യയുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനും വിലാപയാത്രയ്ക്കും ശേഷം സൈനിക ബഹുമതികളോടെ നാളെ വൈകിട്ട് സംസ്‌കരിക്കുമെന്നാണ് നിലവിൽ അറിച്ചിട്ടുള്ളത്. അതിനിടെ, ജനറൽ ബിപിൻ റാവത്തിന്റെ മക്കളെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി സന്ദർശിച്ചു.
ഇവർ സഞ്ചരിച്ചിരുന്ന മി 17 വി 5 എന്ന ഹെലികോപ്റ്റർ ഇന്നലെ ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയിൽ തകർന്നു വീഴുകയായിരുന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് തകർന്നുവീണത്. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്കായിരുന്നു യാത്ര.
മറുനാടന് മലയാളി ബ്യൂറോ