മെൽബൺ: വൻ കിട ബാങ്കുകളിൽ നിന്ന് മോർട്ട്‌ഗേജ് എടുത്തിട്ടുള്ളവർക്ക് ഇതിൽ ചെലവുകൾ കൂടാൻ സാധ്യതയെന്ന് റിപ്പോർട്ട്. ബാങ്കുകളുടെ മേൽ ഈടാക്കുന്ന റെഗുലേറ്ററി ചാർജുകൾ വർധിപ്പിച്ചതോടെയാണ് മോർട്ട്‌ഗേജ് ചെലവുകൾ കൂടിയേക്കുമെന്ന് വിലയിരുത്തിയിട്ടുള്ളത്. എന്നാൽ പെട്ടെന്ന് ഇതിൽ മാറ്റമൊന്നും വരുത്താതെ ബാങ്കുകളുടെ മേൽ വന്നിട്ടുള്ള അമിത ചാർജ് കസ്റ്റമേഴ്‌സിനു താങ്ങേണ്ടി വരുമെന്നാണ് പറയപ്പെടുന്നത്.

ഓസ്‌ട്രേലിയൻ പ്രുഡൻഷ്യൽ റെഗുലേഷൻ അഥോറിറ്റി (എപിആർഎ) ബാങ്കുകൾക്കു മേൽ ചുമത്തിയിരിക്കുന്ന റെഗുലേറ്ററി ചാർജുകൾ വർധിച്ചതാണ് മോർട്ട്‌ഗേജ് നിരക്കുകളിൽ വൻ വർധനയ്ക്ക് വഴി വച്ചിരിക്കുന്നത്. റെഗുലേറ്ററി ചാർജ് ചുമത്തിയിരിക്കുന്നതോടെ ബാങ്കുകൾക്ക് മോർട്ട്‌ഗേജു വഴി ലാഭം കുറയാൻ കാരണമാകുന്നതു കൊണ്ട് സാവധാനം ഇത് ഉപയോക്താക്കൾ വഴി ലാഭം കൊയ്യാൻ ബാങ്കുകളെ പ്രേരിപ്പിക്കുമെന്നാണ് പറയുന്നത്. ഇതു മൂലം 11 ബില്യൺ ഡോളറിന്റെ അധിക വരുമാനമാണ് മോർട്ട്‌ഗേജ് ഉപയോക്താക്കൾ വഴി ബാങ്കുകൾ ഈടാക്കാൻ ശ്രമിക്കുക.

റിസർവ് ബാങ്കിന്റെ പലിശ നിരക്ക് ഏറെ കുറവാണെങ്കിലും ഹോം ലോൺ ഉടമകൾക്ക് ഇതിന്റെ ഏറെ ആനുകൂല്യമൊന്നും ലഭിക്കാൻ സാധിക്കാത്ത വിധത്തിലാണ് ബാങ്കുകൾ തങ്ങളുടെ നിരക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഹോം ലോണുകളിൽ പലിശ നിരക്കുകൾ പെട്ടെന്നു വർധിപ്പിക്കാതെ മോർട്ടേഗേജുകൾക്കുള്ള ഡിസ്‌ക്കൗണ്ട് നീക്കം ചെയ്യുക, ഡെപ്പോസിറ്റി റേറ്റുകൾ കുറയ്ക്കുക തുടങ്ങിയ വഴികളിലൂടെയാണ് ബാങ്കുകൾക്ക് വന്നിട്ടുള്ള അധിക ചെലവ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കുക.

ഹോം ലോണുകളുടെ പേരിൽ ബാങ്കുകൾ ചെലവഴിച്ചിട്ടുള്ള പണത്തിൽ നിന്ന് ഏറെ ലാഭമൊന്നും ഉണ്ടാക്കാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെ കസ്റ്റമേഴ്‌സിൽ നിന്ന് പണം പിരിച്ചെടുക്കാനുള്ള മറ്റു മാർഗങ്ങളാണ് ബാങ്കുകൾ സ്വീകരിക്കുക. കഴിഞ്ഞ മേയിൽ വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത് ബാങ്ക് തുടങ്ങിയ ചെയ്തതു പോലെ കുറഞ്ഞ പലിശ നിരക്കിന്റെ ആനുകൂല്യം ഉപയോക്താക്കൾക്ക് നൽകാതെ കാപ്റ്റൽ ചെലവുകൾ വർധിപ്പിച്ച് പണം ഈടാക്കാനുള്ള മാർഗങ്ങളാണ് സ്വീകരിക്കുക. എന്നാൽ പെട്ടെന്ന് മോർട്ട്‌ഗേജ് തിരിച്ചടവിൽ ഏറെ വർധനയൊന്നും വരുത്താതെ തന്നെ സാവധാനമായിരിക്കും ഉപയോക്താക്കളുടെ പക്കൽ നിന്ന് ഇത്തരത്തിൽ പണം ഈടാക്കുന്നത്.

എന്നാൽ വൻ ബാങ്കുകളുടെ മേലാണ് എപിആർഎ നിരക്കുകൾ ചുമത്തിയിട്ടുള്ളതിനാൽ ചെറുകിട ബാങ്കുകളിൽ നിന്ന് ലോൺ എടുത്തിട്ടുള്ളവർക്ക് ഇതു ബാധകമാകില്ല.