- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാൻ മുതൽ സ്‌പെയിൻ വരെ ചരിത്രസ്മൃതികൾ ഉണർത്തി അനേകം പള്ളികൾ; ഇൻഡോറിലെയും ഡൽഹിയിലെയും മോസ്‌കുകളും വിസ്മയക്കൂട്ട്; ലോകത്തെ ഏറ്റവും മനോഹരമായ 25 മുസ്ലിം ദേവാലയങ്ങളുടെ കഥ
ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്ലാമാണ്. ഇസ്ലാമിക വിശ്വാസത്തിൽ ഏറെ പ്രാധാന്യമാണ് പള്ളികൾക്ക്. ലോകം എമ്പാടും അനേകം ഇസ്ലാമിക ദേവാലയങ്ങൾ ഉണ്ട്. അവയിൽ ഏറ്റവും സുന്ദരവും ചരിത്ര പ്രസക്തവുമായ 25 എണ്ണത്തെക്കുറിച്ചാണീ ലേഖനം. ഇറാനും സൗദിയും മലേഷ്യയും തുർക്കിയും പാക്കിസ്ഥാനും ഒക്കെ തന്നെയാണ് ഈ മനോഹരദേവാലയങ്ങളുടെ മുൻപന്തിയിൽ ഉള്ള രാജ്യങ്ങ
ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്ലാമാണ്. ഇസ്ലാമിക വിശ്വാസത്തിൽ ഏറെ പ്രാധാന്യമാണ് പള്ളികൾക്ക്. ലോകം എമ്പാടും അനേകം ഇസ്ലാമിക ദേവാലയങ്ങൾ ഉണ്ട്. അവയിൽ ഏറ്റവും സുന്ദരവും ചരിത്ര പ്രസക്തവുമായ 25 എണ്ണത്തെക്കുറിച്ചാണീ ലേഖനം. ഇറാനും സൗദിയും മലേഷ്യയും തുർക്കിയും പാക്കിസ്ഥാനും ഒക്കെ തന്നെയാണ് ഈ മനോഹരദേവാലയങ്ങളുടെ മുൻപന്തിയിൽ ഉള്ള രാജ്യങ്ങൾ. ഇന്ത്യയിലെ രണ്ടു മോസ്‌കുകളും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും മനോഹരമായ 25 മുസ്ലിം ദേവാലയങ്ങൾ ഇവയൊക്കെയാണ്:-
1. ഇറാനിലെ ഷെയ്ക്ക് ലോട്ട്‌ഫൊല്ലാഹ് മോസ്‌ക്
ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണീ മോസ്‌ക് സ്ഥിതി ചെയ്യുന്നത്. 17ാം നൂറ്റാണ്ടിൽ ഷാ അബ്ബാസിന്റെ ഭരണകാലത്താണീ പള്ളി പണിതത്. ഈ പള്ളി മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കിൽ ഇതിലും പ്രശസ്തമാവുമെന്നാണ് സഞ്ചാരസാഹിത്യകാരനായ റോബർട്ട് ബൈറൻ അഭിപ്രായപ്പെട്ടിരുന്നത്. ഇറാനിൽ കർക്കശമായ നിയമങ്ങൾ നിലനിൽക്കുന്നതിനാൽ പാശ്ചാത്യ സഞ്ചാരികൾ ഇവിടെയധികം എത്തിച്ചേർന്നില്ലെന്നും ഇതിന് വേണ്ടത്ര പ്രചാരം ലഭിച്ചില്ലെന്നുമാണ് ബൈറൻ പറയുന്നത്. ഇതിന്റെ വാസ്തുവിദ്യ അതുല്യമാണ്. പൊതു ഉപയോഗത്തിന് വേണ്ടിയുള്ള പള്ളിയല്ല ഇത്. ഷാസ് ഹറെം അംഗങ്ങൾക്ക് മാത്രം പ്രാർത്ഥിക്കാനുള്ള പള്ളിയാണിത്.
2. ഇറാനിലെ നാസിർ അൽ മോൾക്ക്
ഇറാനിൽ തന്നെയുള്ള മറ്റൊരു മനോഹരമായ പള്ളിയാണിത്. സർവകലാശാല നഗരമായ ഷിറാസിലാണിത് സ്ഥിതി ചെയ്യുന്നത്. ഇസ്ലാമിക വാസ്തുവിദ്യയിൽ അസാധാരണമായി മാത്രം കണ്ട് വരുന്ന സ്‌റ്റൈയിൻഡ് ഗ്ലാസ് ജനാലകൾ ഇവിടുത്തെ പ്രത്യേകതയാണ്. ഇതുമൂലം പള്ളിക്ക് അതിരാവിലെയും ഉച്ചയ്ക്ക് ശേഷവും മനോഹരമായ കാഴ്ചയാണ് ലഭിക്കുന്നത്. ഈ സമയം സൂര്യപ്രകാശം ഇത്തരം ചില്ലുകളിൽ തട്ടി മനോഹരമായ വർണചിത്രങ്ങളാണ് കെട്ടിടത്തിൽ പ്രതിഫലിക്കുന്നത്.
3. തുർക്കിയിലെ ബ്ലൂ മോസ്‌ക്
തുർക്കിയിലെ ഇസ്താംബുളിലാണ് മനോഹരമായ ബ്ലൂമോസ്‌ക് സ്ഥിതി ചെയ്യുന്നത്. സൂചി പോലുള്ള ആറ് നേർത്ത മിനാരങ്ങളാണീ പള്ളിയെ ആകർഷകമാക്കുന്നത്.വിശ്രുതമായ ബ്ലൂ ഇസ്‌നിക്ക് ടൈലുകൾ കൊണ്ടാണ് പള്ളിയുടെ ഉൾവശം അലങ്കരിച്ചിരിക്കുന്നത്. ഇതിനാലാണ് പള്ളിക്ക് ഈ പേര് വന്നത്. 1609നും 1616നും ഇടയിൽ ഓട്ടോമൻ ചക്രവർത്തി അഹമ്മദിന്റെ കാലത്താണീ മനോഹരമായ ദേവാലയം പണിതത്. വിശ്വാസികളല്ലാത്തവർക്കും ഇപ്പോൾ പള്ളി പുറത്ത് നിന്ന് കാണാൻ അനുവദിച്ചിട്ടുണ്ട്.
4. തുർക്കിയിലെ അയ സോഫിയ
ചരിത്രപരമായ പ്രാധാന്യമുള്ള സുൽത്താൻഅഹമ്മദ് ജില്ലയിലാണീ പള്ളി നിലകൊള്ളുന്നത്. ആറാം നൂറ്റാണ്ടിൽ പണിത ചർച്ച് ഓഫ് ദി ഹോളി വിസ്ഡം എന്ന ക്രിസ്ത്യൻ ദേവാലയം ഓട്ടോമന്മാർ ഇസ്താംബുൾ പിടിച്ചതിനെ തുടർന്ന് മുസ്ലിം പള്ളിയാക്കി മാറ്റുകയായിരുന്നു. 16ാം നൂറ്റാണ്ടിലും 17ാം നൂറ്റാണ്ടിലും പള്ളി പുതുക്കി പണിതിരുന്നു. അറബിക് സൂക്തങ്ങൾ ഇതിന്റെ ചുവരുകളിൽ കാണാം. ബൈസന്റൈൻ ഗ്ലിറ്ററിങ് മൊസൈക്, ഖുറാനിൽ നിന്നുള്ള വചനങ്ങൾ എന്നിവ കൂടിക്കലർന്നാണ് ഇതിന്റെ ഭിത്തിയെ അലങ്കരിച്ചിരിക്കുന്നത്.ഇപ്പോൾ ഇതൊരു മ്യൂസിയമാണ്.
5.ഈജിപ്തിലെ ബ്ലൂ മോസ്‌ക്
ഈജിപ്തിലെ കെയ്‌റോയിലും ഒരു ബ്ലൂ മോസ്‌കുണ്ട്. 14ാം നൂറ്റാണ്ടിലാണിത് നിർമ്മിച്ചത്. ഇക്കഴിഞ്ഞ മെയിലാണിത് വീണ്ടും തുറന്നത്. ഭൂകമ്പത്തെ തുടർന്നുണ്ടായ കേടുപാടുകൾ നന്നാക്കുന്നതിനായ് 13 വർഷങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. ശവസംസ്‌കാരവുമായി ബന്ധപ്പെട്ട ഒരു ഭാഗവും ഈ മോസ്‌കിനോട് ചേർന്നുണ്ട്. ഈ പള്ളിയുടെ സ്ഥാപകനായ ഷാംസ് ഇ ഡിൻ അക്‌സുൻകുറിന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും ശവകുടീരങ്ങൾ ഇതിനോട് ചേർന്നുണ്ട്. ഓട്ടോമൻ ശൈലിയാണീ മോസ്‌ക് പണിതിരിക്കുന്നത്. ഇസ്‌നിക് ടൈലുകൾ ഇതിൽ പതിച്ചിട്ടുണ്ട്.
6. ഈജിപിതിലെ ഇബിൻ തുലുൻ മോസ്‌ക്
കെയ്‌റോവിലെ ഏറ്റവും പഴക്കമുള്ള പള്ളിയായി ഇതിനെ വിലയിരുത്തുന്നു. അബാസിദ് കാലത്താണിത് നിർമ്മിച്ചതെന്ന് കരുതുന്നു. നിരവധി തവണ പുനർനിർമ്മാണത്തിന് വിധേയമായ ചരിത്ര സ്മാരകമാണിത്. ജയിംസ്‌ബോണ്ട് ചിത്രമായ ദി സ്‌പൈ ഹു ലൗവ്ഡ് മി എന്ന ചിത്രത്തിൽ ഈ പള്ളി ചിത്രീകരിച്ചിട്ടുണ്ട്.
7. മൊറോക്കോവിലെ ഹസൻ കക മോസ്‌ക്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മിനാരമുള്ള പള്ളിയെന്ന് ബഹുമതി ഇതിനാണുള്ളത്. 210മീറ്ററാണിതിന്റെ മിനാരത്തിന്റെ ഉയരം. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മോസ്‌കുമാണിത്. അമുസ്ലീങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന മൊറോക്കോവിലെ ഏക മുസ്ലിം പള്ളിയുമാണിത്.കാസാബ്ലാൻകയിലെ സമുദ്രതീരത്താണിത് തലഉയർത്തിപ്പിടിച്ച് നിൽക്കുന്നത്. ഇതിന്റെ ഹാളിൽ നിന്ന് നോക്കിയാൽ കടൽ കാണാം.
8. ജെറുസലേമിലെ അൽ അക്‌സ മോസ്‌ക്
ഫലസ്തീനിലെ ജറുസലേമിലുള്ള പുരാതന മോസ്‌കാണ് അൽ അക്‌സ. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ പുണ്യസ്ഥലമാണിത്. ഭൂകമ്പത്തിൽ പലപ്രാവശ്യം തകർന്ന ഈ മോസ്‌ക് നിരവധി തവണ പുനർനിർമ്മാണത്തിന് വിധേയമായിട്ടുണ്ട്.മധ്യകാലത്തെ കുരിശുയുദ്ധക്കാർ ഈ പള്ളിയെ ഉപയോഗിച്ചിരുന്നു. എന്നാൽ ഇസ്ലാമിക് കലീഫത്തുകാർ ഇത് പുനർനിർമ്മിക്കുകയും ആരാധനയ്ക്ക് ഉപയോഗിക്കുകയുമായിരുന്നു. ജറുസലേമിലെ പഴയ നഗരം ഇന്ന് ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. അതിനാൽ ഈ പള്ളിയിലെ നോബിൾ സാൻക്ച്വറിയിലുള്ള ആരാധന മുസ്ലീങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഫലസ്തീൻ കാർ പല പ്രാവശ്യം ഇസ്രയേലിന്റെ സൈന്യത്തിന്റെ നിയന്ത്രണത്തിൽ നിന്ന് ഈ പള്ളിയുടെ അധികാരം പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടുണ്ട്.
9. സൗദിയിലെ അൽ ഹറം മോസ്‌ക്
മെക്കയിലെ പുണ്യപുരാതനമായ പള്ളിയാണിത്. നാല് ദശലക്ഷം പേരെ ഒരേ സമയം ഉൾക്കൊള്ളാൻ സാധിക്കുന്ന പള്ളിയാണിത്. ഇത് നാല് ലക്ഷത്തിലധികം സ്‌ക്വയർ കിലോമീറ്ററുകളിൽ അഥവാ 99 ഏക്കറുകളിലാണ് വ്യാപിച്ച് കിടക്കുന്നത്. ഇതിന്റെ അകത്തും പുറത്തും പ്രാർത്ഥിക്കാനുള്ള ഇടങ്ങളുണ്ട്. കഅബ ഇതിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.അമുസ്ലീങ്ങൾക്ക് പ്രവേശനമില്ല.
10. അൽമസ്ജിദ് അൻനബാവി മദീന
സൗദിയിലെ മദീനയിലുള്ള പള്ളിയാണിത്.മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ര ണ്ടാമത്തെ പുണ്യസ്ഥലമാണിത്. പ്രവാചകനായ മുഹമ്മദ് നബിയുടെ കുടീരം ഇവിടെയാണുള്ളത്. ഇതിന് 10മിനാരങ്ങളുണ്ട്. ഇതിൽ ഏറ്റവും ഉയരമുള്ളതിന് 105 മീറ്ററാണുള്ളത്.ആറ് ലക്ഷം പേരെ ഇതിന് ഉൾക്കൊള്ളാനാവും. ഹജ്ജ് വേളയിൽ 10 ലക്ഷം പേർക്ക് നിലകൊള്ളാവുന്ന സൗകര്യം ഇവിടെ ഏർപ്പെടുത്താറുണ്ട്.
11. മലേഷ്യയിലെ ഉബുദിയാഹ് പള്ളി
1913നും 1917നും ഇടയിലാണീ പള്ളി നിർമ്മിച്ചിരിക്കുന്നത്. പെനിസുലാർ മലേഷ്യയിലെ റോയൽ ടൗണായ ക്വാല കൻഗ്‌സാറിലാണിത് സ്ഥിതി ചെയ്യുന്നത്.നാല് മിനാരങ്ങളും ഗോൾഡൻ ഡോമും ഇതിലുണ്ട്. ബ്രിട്ടീഷ് ആർക്കിടെക്റ്റായ ആർതർ ബെൻഷൻ ആണിത് ഡിസൈൻ ചെയ്തിരിക്കുന്നത്. കൊലാലംബൂർ റെയിൽ വേസ്‌റ്റേഷനും ഇദ്ദേഹമാണ് ഡിസൈൻ ചെയ്തത്.
12. സുൽത്താൻ സലാഹുദ്ദീൻ അബ്ദുൾ അസീസ് ഷാ മോസ്‌ക്
മലേഷ്യയിലാണീ പള്ളിയും നിലകൊള്ളുന്നത്. സെലൻഗോറിലുള്ള ഈ പള്ളി മലേഷ്യയിലെ ഏറ്റവും വലിയ മോസ്‌കുമാണ്. നവീന മലയ ശൈലിയിലാണിത് പണിതിരിക്കുന്നത്. ഇതിലെ ചുവരെഴുത്തുകൾ ഈജിപ്ഷ്യൻ കാലിഗ്രാഫറുടേതാണ്. ഇതിന് ബ്ലൂ സ്റ്റെയിൻഡ് ഗ്ലാസ് ജനാലകളുമുണ്ട്. 24,000 വിശ്വാസികൾക്ക് ഒരേ സമയം നിലകൊള്ളാൻ ഇതിൽ സ്ഥലമുണ്ട്.
13. പാക്കിസ്ഥാനിലെ ഫൈസൽ മോസ്‌ക്
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ മോസ്‌കാണിത്. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദിലെ മാർഗല്ല ഹില്ലിലാണിത് നിലകൊള്ളുന്നത്. തുർക്കിഷ് ആർക്കിടെക്ടായ വേദാറ്റ് ഡലോകേയാണിത് ഡിസൈൻ ചെയ്തത്.
14. വസിർഖാൻ മോസ്‌ക്
ഈ പള്ളിയും പാക്കിസ്ഥാനിലാണ്. ലാഹോറിലാണിത് നിലകൊള്ളുന്നത്. 17ാം നൂറ്റാണ്ടിലാണിത് നിർമ്മിച്ചത്.ഷഹാബുദ്ദീൻ മുഹമ്മദ് ഷാ ജഹാന്റെ കാലത്താണിത് നിർമ്മിച്ചത്. യുനെസ്‌കോയുടെ പൈതൃകപട്ടികയിൽ സ്ഥാനം പിടിച്ച ദേവാലയമാണിത്.കൻകർ ലൈം കട്ടകളാലാണിത് നിർമ്മിച്ചത്.ചിലയിടങ്ങളിൽ റെഡ്‌സ്റ്റോണും ഉപയോഗിച്ചിട്ടുണ്ട്.
15. ബാദ്ഷാനി മോസ്‌ക്
17ാം നൂറ്റാണ്ടിൽ ആറാമത് മുഗൾ ചക്രവർത്തിായ ഔറംഗസീബ് നിർമ്മിച്ച പള്ളിയാണിത്. ലാഹോറിലാണിതും സ്ഥിതിചെയ്യുന്നത്. റെഡ് സാൻഡ്‌സ് സ്‌റ്റോണിലും മാർബിളിലുമാണിത് പണിതിരിക്കുന്നത്. ഇതിന്റെ കോർട്ട് യാർഡിന് 279,000ചതുരശ്രഅടി വിസ്തീർണമുണ്ട്.
16. ഇന്ത്യയിലെ താജ്ഉൾമസ്ജിദ്
ഇന്ത്യയിലെ ഭോപ്പാലിലുള്ള മനോഹരമായ മസ്ജിദാണ് താജ്ഉൾമസ്ജിദ്.മോസ്‌കുകൾക്കിടയിലെ കിരീടം എന്നാണി പേരിന്റെ അർത്ഥം. 18 നിലകളുള്ള മിനാരമാണിതിന്റെ പ്രത്യേകത. ഇന്ത്യയിലെ ഏറ്റവും വലിയ മോസ്‌കാണിത്. ഇതിൽ ഒരേ സമയം 175,000 വിശ്വാസികൾക്ക് ഒരേസമയം പ്രാർത്ഥിക്കാൻ സാധിക്കും.
17. ഡൽഹിയിലെ ജുമാ മസ്ജിദ്
റെഡ് സാൻഡ് സ്റ്റോണിലും മാർബിളിലും നിർമ്മിച്ച പള്ളിയാണിത്. ഇതിന് മൂന്ന് ഡോമുകളും രണ്ട് മിനാരങ്ങളുമുണ്ട്. മുഗൾ ചക്രവർത്തി ഷാജഹാനാണിത് നിർമ്മിച്ചത്. 1644നും 1656നും ഇടയിലാണിത് നിർമ്മിച്ചത്.
18. ഷെയ്ഖ് സയിദ് ഗ്രാൻഡ് മോസ്‌ക്, അബുദാബി
യുഎഇയുടെ തലസ്ഥാനത്ത് നിലകൊള്ളുന്ന പ്രധാനപ്പെട്ട മോസ്‌കാണിത്. കൈകൊണ്ട് നെയ്ത ഏറ്റവും വലിയ കാർപെറ്റുള്ള പള്ളിയാണിത്. 1200 ആർട്ടിസാന്മാർ നെയ്‌തെടുത്ത ഈ കാർപെറ്റിന് 12ടണ്ണാണ് ഭാരം. ക്രിസ്റ്റൽ ചാൻഡെലിയറാണ് മെറ്റീരിയൽ. മംലുക്ക്, ഒട്ടോമൻ, ഫാറ്റിമിഡ് ശൈലികൾ സമന്വയിപ്പിച്ചാണിത് നെയ്‌തെടുത്തിരിക്കുന്നത്.
19. ഒമാനിലെ മസ്ജിദ് സുൽത്താൻ ഖ്വബൂസ്
ഒമാനിലെ സുപ്രധാനമായൊരു മോസ്‌കാണിത്. ഇതിന്റെ സെൻട്രൽ മിനാരത്തിന് 91.5 മീറ്റർ ഉയരമുണ്ട്. ഇതിന്റെ പ്രധാനപ്പെട്ട പ്രാർത്ഥനാഹാളിൽ വിരിച്ച പേർഷ്യൻ കാർപെറ്റ് 600 സ്ത്രീകൾ നാല് വർഷം മെനക്കെട്ടിരുന്നാണ് നെയ്‌തെടുത്തത്.
20. ഇറാഖിലെ ഗ്രേറ്റ് മോസ്‌ക്
ഇറാഖിലെ സമാറയിലാണിത് സ്ഥിതി ചെയ്യുന്നത്. ബാഗ്ദാദിന് സമീപമാണീ നഗരം. അബാസിദ് സാമ്രാജ്യത്തിന്റെ കാലത്ത് സാമറയെ തലസ്ഥാനമാക്കിയപ്പോഴായിരുന്നു ഈ പള്ളി നിർമ്മിച്ചത്. ഇത് 1278ൽ നശിപ്പിക്കപ്പെട്ടു. 2005ലുണ്ടായ ഒരു സ്‌ഫോടനത്തിൽ ഇതിന്റെ അവശിഷ്ടങ്ങൾക്കും നാശമുണ്ടായിരുന്നു. യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുന്നതാണീ തിരുശേഷിപ്പുകൾ.
21. ലാല മുസ്തഫ പാഷാ മോസ്‌ക്, നോർത്ത് സൈപ്രസ്
നോർത്ത്‌സൈപ്രസിലെ പ്രധാനപ്പെട്ട മോസ്‌കാണിത്. ആദ്യം ഇത് സെന്റ്. നിക്കോളാസ് കത്തീഡ്രലായിരുന്നു. 1571ൽ ഒട്ടോമൻകാർ സൈപ്രസ് പിടിച്ചെടുത്തപ്പോൾ ഇത് ഒരു മോസ്‌കായി മാറ്റുകയായിരുന്നു. 1954ലാണ് ഇത് പുനർനാമകരണം ചെയ്തത്.
22. ഉമയ്യാദ് മോസ്‌ക് , സിറിയ
ഉമയ്യാദ് കാലിഫ് അൽവാലിദിന്റ കാലത്താണിത് നിർമ്മിച്ചത്. 715ലാണിത് നിർമ്മിച്ചത്. സെയിന്റ് ജോൺ ദി ബാപിസ്‌ററിന്റെ്(യഹിയ പ്രവാചകൻ)സ്മാരകം ഇവിടെയുണ്ടെന്ന് വിശ്വസിക്കുന്നു. ഈ പള്ളിയുടെ പേരിൽ വിവിധ ആക്രമണങ്ങളും കലാപങ്ങളും പല കാലങ്ങളിലായി അരങ്ങേറിയിരുന്നു.
23. അഫ്ഗാനിസ്ഥാനിലെ ഗ്രേറ്റ് മോസ്‌ക്
വിലപിടിച്ച രത്‌നമായ ലാപിസ് ലസൂയി, ബ്രിക്‌സ്, കല്ല് എന്നിയിൽ കെട്ടിപ്പടുത്ത പള്ളിയാണിത്. അഫ്ഗാനിസ്ഥാനിലെ ഹെരാത് നഗരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. ഇതിന് തറഗക്കല്ലിട്ടത് 1200ൽ സുൽത്താൻ ഗയാസ്ഉദ്ഡിൻ ഗോറിയാണ്. വിവിധകാലങ്ങളിലായാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. ഇപ്പോഴുള്ള രൂപത്തിലായത് 15ാം നൂറ്റാണ്ടിലാണ്. 19ാം നൂറ്റാണ്ടിൽ നടന്ന ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിൽ ഈ പള്ളിക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.
24. മോസ്‌ക്കത്തീഡ്രൽ ഓഫ് കോർഡോബ, സ്‌പെയിൻ
മൂറിഷ് ആർക്കിടെക്ചറിന്റെ മകുടോദാഹരണമാണീ ദേവാലയം. യഥാർത്ഥത്തിൽ ഇതൊരു കത്തോലിക് ക്രിസ്ത്യൻ ദേവാലയമായിരുന്നു. 600 ലാണിത് നിർമ്മിച്ചത്. എന്നാൽ ഇസ്ലാംമതം 8ാം നൂററാണ്ടിൽ സ്‌പെയിനിലേക്ക് വ്യാപിച്ചതിനെ തുടർന്ന് ഈ ദേവാലയം മുസ്ലീങ്ങളും ക്രിസ്ത്യാനികളും പകുത്തെടുക്കുകയായിരുന്നു. പിൽക്കാല കലീഫ് കാലത്ത് ഈ ദേവാലയം നശിപ്പിക്കുകയും ഒരു മുസ്ലിംപള്ളിയായി പുനർനിർമ്മിക്കുകയുമായിരുന്നു. എന്നാൽ 16ാം നൂറ്റാണ്ടിൽ ഇത് വീണ്ടും കത്തീഡ്രലായി. ഇതിന്റെ കോമ്പൗണ്ടിൽ മോസ്‌ക് ഇന്നും നിലനിൽക്കുന്നുണ്ടെങ്കിലും ആരാധനയ്ക്കായി മുസ്ലീങ്ങളെ ഇവിടെ പ്രവേശിപ്പിക്കാറില്ല.
25. കൗട്ടൗബിയ മോസ്‌ക്, മൊറോക്കോ
റെഡ് സിറ്റിയിലെത്തുന്ന ആരെയും ആകർഷിക്കുന്ന പള്ളിയാണിത്. സുന്നി മുസ്ലീങ്ങളുടെ ഏറ്റവും അലംകൃതമായ മിനാരങ്ങളുള്ള പള്ളിയാണിത്. നല്ലൊരു ഉദ്യാനവും ഈ പള്ളിക്ക് ചുറ്റുമുണ്ട്. മോസ്‌ക് ഓഫ്ദി ബുക്ക് സെല്ലേർസ് എന്ന പേരും ഇതിനുണ്ട്.