വിശുദ്ധ റമദാൻ നമ്മിൽ നിന്ന് വിട്ടു പിരിയുകയാണ്. ഈ സന്ദർഭത്തിൽ കഴിഞ്ഞിടത്തോളം ദിവസങ്ങളിൽ റമദാനിന്റെ ഫലം നമുക്ക് ലഭിച്ചോയെന്ന് ആലോചിക്കുന്നത് നന്ന്. ആവർത്തിച്ചു വരുന്ന ആരാധനകളാണ് ഇസ്ലാമിലുള്ളത്. ഒരു ദിവസം അഞ്ച് നേരത്തെ നിസ്‌ക്കാരം. ആഴ്ചയിൽ ഒരു ജുമുഅ. വർഷത്തിലൊരിക്കൽ റമദാൻ മാസത്തിലെ വ്രതം. ജീവിതത്തിലൊരിക്കൽ ഹജ്ജ് ഉംറ കർമ്മങ്ങൾ. ഇതിലൊക്കെ തന്നെ ഈ സമയങ്ങളിൽ അതിന്റേതായ പ്രാധാന്യങ്ങളുണ്ട്. ഒരു ഹദീസിൽ വന്നിട്ടുണ്ട്, അഞ്ച് നേരത്തെ നിസ്‌ക്കാരവും ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരേയും റമദാൻ മുതൽ അടുത്ത റമദാൻ വരേയുമുള്ള കാലയളവിലെ ചെയ്തു പോകുന്ന തെറ്റുകൾക്കുള്ള പരിഹാരമാണെന്ന്. പാപങ്ങളിൽ നിന്ന് മുക്തനാകാൻ വേണ്ടിയാണ് ഈ ആരാധനകൾ ആവർത്തിച്ചു വരുന്നത് എന്നർത്ഥം. റമദാനിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണ് ഇപ്പോൾ നമ്മളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കൂടുതൽ സമയം നമുക്ക് കഴിഞ്ഞു പോകുകയും ചെയ്തു. റമദാൻ ആഘോഷിക്കുകയാണ് ആളുകൾ. റമദാൻ ആരാധനാ എന്ന നിലക്ക് കാണുന്നവർ വളരെ കുറവാണ്. അതെങ്ങിനെ സംഭവിച്ചു എന്നറിയില്ല. പ്രവാചകന്റേയും സ്വഹാബാക്കളുടേയും ജീവിതം നോക്കിയാൽ റമദാൻ ഒരു ആഘോഷമായിരുന്നില്ല. പ്രാർത്ഥനകൾക്കും ആരാധനകൾക്കും ചിലവഴിക്കുന്ന സമയമായിരുന്നു അത്. സൗം എന്ന പദത്തിന് അർത്ഥം വരുന്നത് അച്ചടക്കം ഒതുക്കം എന്നൊക്കെയാണ്. ജീവിതം മുഴുവനും ഈ ഒതുക്കം ഉണ്ടാവേണ്ടതുണ്ട്. നമ്മുടെ വീട്ടിൽ ഭക്ഷണം ഉണ്ടെങ്കിലും വ്രതത്തിന്റെ സമയത്ത് നമ്മൾ ഭക്ഷണം കഴിക്കാതിരിക്കുന്നത് അച്ചടക്കമാണ്. ഈ സമയത്ത് ഭക്ഷണം കഴിക്കാൻ പാടില്ലെന്ന നിയമം പാലിച്ചു കൊണ്ട് നിൽക്കുകയാണ് നമ്മൾ.

1, അതുപോലെ തന്നെയാണ് നമ്മുടെ വാക്കുകളും പ്രവർത്തിയും. നോമ്പെടുത്ത ഒരാളെ ആരെങ്കിലും ചീത്ത പറഞ്ഞാൽ എനിക്ക് നോമ്പാണ് എന്ന് പറയണം എന്നാണ് ഹദീസിലുള്ളത്. അങ്ങിനെ നോമ്പാണ് എന്ന് നമ്മൾ പറയുന്നത് എനിക്ക് നിന്നെ പോലെ പറയാനോ പെരുമാറാനോ വയ്യ ഞാൻ നോമ്പെടുത്ത മനുഷ്യനാണ് എന്ന സന്ദേശമാണത്. അങ്ങിനെ പറയുന്ന ഒരാൾ ജീവിതത്തിലും അത് പുലർത്തണം. നോമ്പുകാരനാണല്ലോ എന്ന ഒരു സൂക്ഷ്മതാ ബോധം അയാളുടെ നാവിനേയും കൈകാലുകളെയും ജീവിതത്തേയും നിയന്ത്രിക്കണം. അത്തരത്തിൻ നിയന്ത്രിച്ച് ഈ ഒരു മാസം കൊണ്ടുപോയാൽ ആ ഒരു ഊർജം അടുത്ത വർഷം വരെ നിലനിൽക്കണമല്ലോ. കാരണം റമദാൻ വ്രദം ആവർത്തിച്ച് വരുന്ന് വർഷത്തിൽ ഒരിക്കലാണ്. അത്രയും ഊർജവും ഈമാനും കിട്ടാൻ ഈ റമദാനെ ഉപയോഗിക്കണം. അങ്ങിനെ എത്രയാൾക്ക് കിട്ടി എന്നാണ് ആലോചിക്കേണ്ട വിഷയം.

റമദാൻ നോമ്പെടുക്കണം എന്നത് അറിയാമെങ്കിലും എന്തിനാണ് നോമ്പെടുക്കുന്നത് എന്ന് പലർക്കും അറിയില്ല. നിങ്ങളിൽ സൂക്ഷ്മതാ ബോധം വർദിക്കുവാനാണ് നോമ്പെന്ന് ഖുർആൻ പറയുന്നു.(ലഅല്ലക്കും തത്തഖൂൻ). തെറ്റുകുറ്റങ്ങളിൽ നിന്ന് വിട്ട് നിൽക്കുക, നല്ല നല്ല കാര്യങ്ങൾ ചെയ്യുക, ദൈവ ഭക്തിയിൽ ജീവിക്കുക ഇതാണ് തഖ് വ. ഇപ്പൊ സംഭവിച്ചത് എന്തെന്നു വച്ചാൽ, എന്തിനാണോ നോമ്പ് നോൽക്കണമെന്ന് ഖുർആൻ പറഞ്ഞത് അതറിയാതെ പോയി. എന്നിട്ടോ നോമ്പ് എല്ലാവരും നോൽക്കുന്ന രീതിയുണ്ടായി. നോമ്പിന്റെ ലക്ഷ്യവും വ്രതത്തിന്റെ ഉദ്ധേശവും കണ്ടെത്തി നോമ്പിനെ അതിലേക്ക് കൊണ്ടു വരണം. എന്ത്കൊണ്ടാണ് റമദാൻ മാസത്തിന് പ്രധാന്യമുണ്ടായത് എന്ന് നമ്മൾ മനസിലാക്കണം. ഹിജ്റ കണക്ക് പ്രകാരം ഒമ്പതാമത്തെ മാസമാണ് റമദാൻ. റമദാനിന് പ്രാധാന്യം വരുന്നത് ഖുർആൻ ഇറങ്ങിയ മാസമായതുകൊണ്ടാണ്. ഖുർആൻ പഠിക്കാനും അറിയാനും അന്വേഷിക്കാനുമുള്ള മാസമായിരിക്കണം ഇത്.

മതം മനുഷ്യർക്ക് ആശ്വാസവും സന്തോഷവും സമാധാനവും സംതൃപ്തിയും ആയി അനുഭവപ്പെടണം. അങ്ങിനെ ആകുന്നില്ല ഇപ്പോ പലപ്പോഴും. മതം ഒരു ശല്യമാകുന്ന, പ്രയാസമാകുന്നു മത ആചരണങ്ങൾ കഠിനമാകുന്നു, ആളുകൾ തമ്മിൽ അകന്നു പോകുന്ന വിധത്തിൽ രൂക്ഷമാകുന്നു. അങ്ങിനെ ഒരു ഫോബിയ മതത്തിന്റെ പേരിൽ പ്രത്യേകിച്ച് ഇസ്ലാമിന്റെ പേരിൽ അതുണ്ടാക്കുന്നു. ഇത് മാറണമല്ലോ, മതം ആർക്കും ശല്യമാകില്ലെന്ന് ഉറപ്പിക്കുകയാണ് ഇതിന് ആദ്യം ചെയ്യേണ്ടത്. ഒരു കുടുംബത്തിൽ ഒരാൾ മതം അനുഷ്ഠിച്ചാൽ കുടുംബത്തിലെ മറ്റുള്ളവർക്ക് അത് ശല്യമാകരുത്. ഒരു പ്രദേശത്ത് കുറച്ചു പേർ മതം അനുസരിച്ച് ജീവിക്കുമ്പോൾ ആപ്രദേശത്ത് ആളുകൾക്ക് ശല്യമാകരുത്. അത് ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം തുടങ്ങി ഏത് മതമാണെങ്കിലും. മതം ആളുകൾക്ക് ശല്യമല്ല എന്ന് ഉറപ്പ് വരുത്തണം.

ഇത് ആലോചിക്കുമ്പോഴാണ് വളരെ സന്തോഷകരമായ ഒരു വർത്ത മലബാറിൽ നിന്ന് മലപ്പുറം ജില്ലയിലെ വാഴക്കാട് നിന്നും ഈ റമദാനിൽ നമ്മൾ കേട്ടത്. അത് പറയേണ്ടതുണ്ട്. കാരണം അഭിനന്ദനാർഹമായ ശ്ലാഘനീയമായ ഒരു കാര്യമാണ്. ഇരുപതോളം പള്ളികളിൽ നിന്ന് മൈക്കിൽ ബാങ്ക് കൊടുക്കുന്ന പ്രദേശമാണ് വാഴക്കാടും പരിസര പ്രദേശവും. അവിടെ അങ്ങാടിയിൽ തന്നെ എട്ട് പള്ളികൾ ഉണ്ട്. നിങ്ങൾ ആലോചിച്ചു നോക്കൂ ഒരു പ്രദേശത്ത് നിന്നും പത്തോ ഇരുപതോ പള്ളിയിൽ നിന്ന് കഴിയുന്നത്ര ഉച്ചത്തിൽ ബാങ്ക് വിളിച്ചാൽ എന്താകും ആ പ്രദേശത്തെ ആളുകളുടെ അവസ്ഥ. ഇനി മുസ്ലിമീങ്ങൾ മാത്രമുള്ള പ്രദേശമാണെന്ന് വിചാരിക്കുക. എന്നാൽ പോലും എന്താകും അവസ്ഥ. അങ്ങേയറ്റം അരോചകവും അസഹ്യവുമാകും. മനുഷ്യന്റെ ചെവിട് പൊട്ടുന്ന അവസ്ഥയുണ്ടാകും. ബാങ്ക് കേൾക്കുമ്പോൾ ആനന്ദം അനുഭവപ്പെടുന്ന അവസ്ഥ പോയിട്ട് ശല്യമായി തോന്നും. ബാങ്ക്, നമസ്‌ക്കാരം, പള്ളി എന്ന് കേൾക്കുമ്പോൾ മനുഷ്യന്റെ മനസിൽ സന്തോഷം പകരണം. അതിനു പകരം അതിരൂക്ഷമായ അസഹ്യമായ ഒരു രൂപമുണ്ടെങ്കിൽ അത് നിർത്തേണ്ടതു തന്നെയാണ്.

രണ്ട് വർഷം മുമ്പ് ബഹുമാനപ്പെട്ട പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അവരുടെ മഹല്ല് ഫെഡറേഷന്റെ യോഗത്തിൽ ഒരു പ്രസ്ഥാവന നടത്തിയിരുന്നു. അതിൽ അദ്ദേഹം പറഞ്ഞത് ആരാധനാലയങ്ങളിൽ നിന്നുള്ള ശബ്ദം അതിൽ കേട്ടാൽ മതിയെന്നാണ്. ഒരു പക്ഷേ ബാങ്ക് അല്ലാത്തതായിരിക്കാം ഉദ്ധേശിച്ചത്. എന്നാലും നമ്മൾ നോക്കൂ എന്തൊരു സ്വീകാര്യതയാണ് അതിനുണ്ടായിരുന്നത്. എല്ലാ മുസ്ലിം സംഘടനകളും അതിനെ സ്വാഗതം ചെയ്തു. ഹിന്ദു, ക്രിസ്ത്യൻ പണ്ഡിതന്മാരും അതിനെ സ്വാഗതം ചെയ്തു. വളരെ പ്രധാനപ്പെട്ട പത്രങ്ങൾ തങ്ങളുടെ പ്രസ്താവനയെ അഭിനന്ദിച്ച് എഡിറ്റോറിയൽ പേജിൽ ലേഖനം എഴുതി. പലയിടത്തും ചർച്ച വന്നു. അതിന്റെ ഒരു അനുബന്ധമാണ് ഇത് എന്ന് നമ്മൾ മനസിലാക്കണം.

ഒരു പ്രദേശത്ത് മൈക്കിൽ ഒരു പള്ളിയിൽ ബാങ്ക് കൊടുത്താൽ മതി. പള്ളികളുണ്ടാകും സംഘടനാ വ്യത്യാസങ്ങളും പ്രസ്ഥാനങ്ങളും അഭിപ്രായങ്ങളും വീക്ഷണങ്ങളും ചിന്താധാരകളുമനുസരിച്ച് പല പള്ളികളുണ്ടാകും. ഇനിയുമുണ്ടാകും. അത് ഇല്ലാതാക്കാനൊന്നും കഴിയില്ല. നമുക്ക് ചെയ്യാൻ കഴിയുന്നത് ഈ പള്ളി വരുന്നതോടുകൂടി ആളുകൾക്ക് ബുദ്ധിമുട്ടും ശല്യവും ഇല്ലാതിരിക്കാൻ അവിടെയുള്ള ഒരു പള്ളിയിൽ മതി മൈക്കിൽ ബാങ്ക്. മറ്റു പള്ളികളിൽ മൈക്കില്ലാതെ സുന്നത്തിന് കൊടുത്താൽ മതി. എനിക്കതിൽ സന്തോഷമുള്ള കാര്യമാണ് വാഴക്കാട് പരിസരത്ത് രണ്ട് വർഷം മുമ്പ് ഞാൻ തന്നെ മുൻകൈയെടുത്ത് ഉണ്ടാക്കിയിട്ടുള്ള രണ്ട് പള്ളികളിൽ മൈക്കിൽ ബാങ്ക് കൊടുക്കില്ലെന്ന് ഞാനങ്ങ് പ്രഖ്യാപിച്ചു. ഇവിടെ അടുത്ത് മറ്റു പള്ളികളിൽ ബാങ്കുണ്ടല്ലോ അതു മതി നമുക്കും. അപ്പോ പ്രവർത്തകർക്കു തന്നെ മന പ്രയാസം ഉണ്ടായിരുന്നു അതിമനോഹരമായ പള്ളി നിർമ്മിച്ച് ബാങ്ക് കൊടുക്കേണ്ടന്ന് പറഞ്ഞപ്പോൾ.

അതിലെ നന്മ മനസിലാക്കി ഇപ്പോൾ അത് എല്ലാവരും ഉൾകൊണ്ടു കഴിഞ്ഞു. വാഴക്കാടിന് ഒരു പ്രത്യേകത കൂടിയുണ്ട്. വാഴക്കാട് നിന്നുണ്ടാകുന്ന ശബ്ദം കേരളം മുഴുവൻ കേൾക്കും. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും മുസ്ലിം നവോത്ഥാന രംഗത്തും വലിയ പങ്കു വഹിച്ച പ്രദേശമാണ് വാഴക്കാട്. കേരളത്തിലെ പഴക്കം ചെന്ന മത വിദ്യാഭ്യാസ സ്ഥാപനം ദാറുൽ ഉലൂം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മലബാറിലെ പല പണ്ഡിതന്മാരും അവിടെ നിന്നു പഠിച്ചിറങ്ങിയവരാണ്. അതുകൊണ്ടു തന്നെ വാഴക്കാട് നിന്നു വന്ന ആ നിർദ്ദേശം കേരളത്തിന്റേ എല്ലാ സ്ഥലങ്ങളിലേക്കും എത്തും. മന്ദമാരുതൻ പോലെ എല്ലാവരും കാത്തിരിക്കുന്ന ഒരു തീരുമാനമാണത്. ആ മന്ദമാരുതന് സൗന്ദര്യവും സൗരഭ്യവും പരിമളവും ഉണ്ടാകുമെന്നത് ഉറപ്പാണ്. ആ നിലയിൽ ഈ റമദാനിൽ ഒരു നന്മകൂടിയെന്ന് ഞാൻ അതിനെ വിശേഷിപ്പിക്കുന്നു. ഈ റമദാൻ മാസം എല്ലാവർക്കും കൂടുതൽ നന്മയും സന്തോഷവും സൂക്ഷ്മതയും ഉള്ളതായി തീരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.