- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കല്ലറയിലെ ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസിന് ഇൻഷുറൻസും പെർമിറ്റും ഇല്ല; കോർപറേഷൻ ബസുകൾക്ക് ഇൻഷുറൻസ് നിർബന്ധമില്ലെന്ന് എംഡിയുടെ ഓഫീസ്; നഷ്ടപരിഹാരം കിട്ടുമോയെന്ന് അറിയാതെ നിർദ്ധന കുടുംബങ്ങൾ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കല്ലറയിൽ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ബസിന് ഇൻഷുറൻസും വാഹന പെർമിറ്റും ഇല്ലെന്ന് ആർടിഒ വെബ്സൈറ്റിലെ രേഖകൾ.
കല്ലറ മുതുവിള മരുതിമുട്ടിൽ ജൂൺ 29 ന് വൈകിട്ടാണ് കെ.എസ്.ആർ.ടി.സി. ബസ്സ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ അരുവിപ്പുറം കൊച്ചു വിള ഷാജി ഭവനിൽ ഷാജി (32) മരണപ്പെടുന്നത്. വലതുവശം ചേർന്നു അമിത വേഗതയിൽവന്ന ബസ്സ് ബൈക്കിൽ ഇടിച്ച ശേഷം മീറ്ററുകളോളം ബൈക്കിനെ റോഡിലൂടെ നിരക്കി നീക്കി കൊണ്ടുപോയെന്ന് ദൃക്സാക്ഷികൾ പറയുന്നു. അതിന് ശേഷമാണ് ബസ്സ് നിന്നത്. KL 15-8742 എന്ന നമ്പറിലുള്ള കെ.എസ്.ആർ.ടി.സി ബസ്സാണ് അപകടത്തിൽ പെട്ടത്.
ഈ ബസ്സിന്റെ ഇൻഷ്വറൻസിന്റെയും പെർമിറ്റിന്റെയും കാലാവധി കഴിഞ്ഞതായാണ് ആർടിഒയുടെ വെബ്സൈറ്റിൽ കാണുന്നത്. ഇൻഷുറൻസ് കാലാവധി 2020 നവംബർ 09 വരെയും പെർമിറ്റ് കാലാവധി 2015 ഡിസംബർ 08 വരെയും മാത്രമാണ് ഉണ്ടായിരുന്നത്. കേന്ദ്ര മോട്ടോർ വാഹന നിയമം 146 (1) അനുസരിച്ച് ഇൻഷ്വറൻസ് ഉള്ള വാഹനങ്ങൾ മാത്രമെ നിരത്തിലുപയോഗിക്കാൻ പാടുള്ളു. 1989 ലെ കേരള മോട്ടോർ വെഹിക്കിൾസ് റൂൾസിന്റെ റൂൾ 212 ന്റെ പെർമിറ്റ് പ്രകാരമാണ് സ്റ്റേജ് ക്യാരേജുകൾ സർവ്വീസ് നടത്തേണ്ടത്. ആ സാഹചര്യത്തിൽ അഞ്ച് വർഷമായി പെർമിറ്റില്ലാത്ത വാഹനങ്ങൾ സർക്കാർ തന്നെ നിരത്തിലോടിക്കുന്നതിനെ പറ്റി ചോദ്യങ്ങൾ ഉയരുകയാണ്.
എന്നാൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം സംസ്ഥാന ആർ.ടി.സികൾ ഇത്തരം അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് സ്വന്തം ഫണ്ടിൽ നിന്നാണെന്ന് കെഎസ്ആർടിസി എംഡിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു. അതുകൊണ്ട് കെഎസ്ആർടിസി ബസുകൾക്ക് ഇൻഷുറൻസ് ഉണ്ടാകണമെന്ന് നിർബന്ധമില്ലെന്നും അവർ വിശദീകരിച്ചു. സൂപ്പർ ഫാസ്റ്റിനും അതിന് മുകളിലുമുള്ള ബസുകൾക്ക് മാത്രമേ നിർബന്ധമായും ഇൻഷുറൻസ് എടുക്കാറുള്ളു എന്നാണ് കെഎസ്ആർടിസിയുടെ പ്രതികരണം. പെർമിറ്റില്ലാത്ത വാഹനം നിരത്തിലിറക്കിയതിനെ പറ്റി എംഡിയുടെ ഓഫീസ് പ്രതികരിച്ചില്ല. അത് അതാത് ഡിപ്പോകളാണ് വിശദീകരണം തരേണ്ടതെന്ന് അവർ അറിയിച്ചു. എന്നാൽ നെടുമങ്ങാട് ഡിപ്പോയുടെ ഓഫീസിലും ഉദ്യോഗസ്ഥരുടെ നമ്പരുകളിലും പല തവണ ബന്ധപ്പെട്ടിട്ടും ആരും ഫോൺ എടുത്തിട്ടില്ല.
ബസിന് ഇൻഷുറൻസും പെർമിറ്റും ഇല്ലാത്ത സാഹചര്യത്തിൽ ഭാര്യയ്ക്കും രണ്ടര വയസ്സുള്ള മകൾക്കും നഷ്ടപരിഹാരം ലഭിക്കുമോ എന്ന ആശങ്കയിലാണ് മരണപ്പെട്ട ഷാജിയുടെ ബന്ധുക്കളും സുഹൃത്തുക്കളും. ആ നിസഹായകുടുംബത്തിന് ഇനി മുന്നോട്ട് പോകണമെങ്കിൽ ഈ നഷ്ടപരിഹാരതുകയെങ്കിലും ലഭിക്കണം. അതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.