മൊസൂൾ: ഇറാഖിലെ അവസാന ഐ.എസ്. താവളമായ മൊസൂളിനെ ഭീകരരുടെ കൈയിൽനിന്നും മോചിപ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് ലോകം. എന്നാൽ, മൂന്നുവർഷംമുമ്പ് ഭീകരർ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ 39 ഇന്ത്യക്കാർ എവിടെയെന്ന അന്വേഷണത്തിലാണ് ഇന്ത്യൻ വിദേശകാര്യവകുപ്പ്. ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന വേളയിൽ ഇവരെ കണ്ടെത്തുക ദുഷ്‌കരമായിരുന്നു. ഇപ്പോൾ, സൈന്യത്തിന്റെ നിയന്ത്രണത്തിലായതോടെ, ഇവരെ കണ്ടെത്താൻ പലമാർഗത്തിലൂടെയും ശ്രമമാരംഭിച്ചതായി സർക്കാർ വ്യക്തമാക്കി.

നിർമ്മാണത്തൊഴിലാളികളായ ഇവരെ 2014-ലാണ് ഭീകരർ തട്ടിക്കൊൊണ്ടുപോയത്. അന്നുമുതൽ ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. മൊസൂൾ ഇറാഖ് സൈന്യത്തിന്റെ നിയന്ത്രണത്തിലായതോടെയാണ് ഇവരെ കണ്ടെത്താനുള്ള ശ്രമം ഇന്ത്യ പുനനാരംഭിച്ചത്. വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് തിങ്കളാഴ്ച വൈകുന്നേരം തിരച്ചിൽ ദൗത്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനായി കുർദിഷ് നഗരമായ എർബിലിൽ എത്തിച്ചേർന്നിട്ടുണ്ട്.

മൊസൂളിലെ ഭീകരരിൽനിന്ന് മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി പ്രഖ്യാപിച്ചയുടൻതന്നെ കാണാതായ ഇന്ത്യക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ തുടക്കമിട്ടതായി വിദേശകാര്യ വക്താവ് ഗോപാൽ ബാഗ്ലേ പറഞ്ഞു. ഇറാഖിലെ ഇന്ത്യൻ അംബാസഡറോടും എർബിലിലിലെ കോൺസുൽ ജനറലിനോടും തിരച്ചിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ എല്ലാവിധ സഹകരണവും ഇറാഖ് വാഗ്ദാനം ചെയ്തതായും അദ്ദേഹം പറഞ്ഞു.

തട്ടിക്കൊണ്ടുപോകപ്പെട്ട 39 പേരിൽ ഏറെപ്പേരും പഞ്ചാബിൽനിന്നുള്ളവരാണ്. ഇവരെ മോചിപ്പിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന് വാക്കുനൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച അമരീന്ദർ സിങ് സുഷമയെ വിളിക്കുകയായിരുന്നു.