മിസ് വെയ്ൽസ് സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത ശ്രീലങ്കൻ വംശജയായ യുവതിയെ ഉറക്കത്തിനിടെ അമ്മ കഴുത്തിന് കുത്തി പരിക്കേൽപ്പിച്ചു. മകളെ കൊല്ലാൻ ശ്രമിച്ച 74-കാരിയായ അമ്മ കുറ്റക്കാരിയാണെന്ന് കോടതിവിധിച്ചു. ഇവർക്കുള്ള ശിക്ഷ സെപ്റ്റംബറിൽ പ്രഖ്യാപിക്കുമെന്നും കോടതി വ്യക്തമാക്കി.

2013-ലെ മിസ് വെയ്ൽസ് മത്സരത്തിൽ പങ്കെടുത്ത കുമാരി മഹേന്ദ്രനാണ് കുത്തേറ്റത്. രോഗിയായ അമ്മ ചിത്രാണി മഹേന്ദ്രനെ നാട്ടിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുമാരി. ഇതിൽ കുപിതയായ ചിത്രാണി മകൾ ഉറങ്ങിക്കിടക്കെ അവളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആദ്യ കുത്തേറ്റപ്പോൾത്തന്നെ ഞെട്ടിയുണർന്ന കുമാരി ഓടിരക്ഷപ്പെടുകയായിരുന്നു.

പുറത്തേക്കിറങ്ങി ഓടിയ തനിക്ക് തന്റെ ഫോൺ അൺലോക്ക് ചെയ്ത് ആംബുലൻസ് വിളിക്കാൻ പോലും സാധിച്ചില്ലെന്ന് കാർഡിഫ് ക്രൗൺ കോടതിയിൽ കുമാരി ബോധിപ്പിച്ചു. വീട്ടിൽനിന്ന് പുറത്തുകടക്കാനുള്ള താക്കോൽ പോലും കിട്ടാതെ കഷ്ടപ്പെട്ടു. തനിക്ക് ഒരു ആംബുലൻസ് വിളിച്ചുതരാൻ ആവശ്യപ്പെട്ടപ്പോൾ പൊലീസിനോട് എന്തുപറയണമെന്ന് ആദ്യം തീരുമാനിച്ചിട്ട് ആംബുലൻസ് വിളിക്കാമെന്ന് അമ്മ പറഞ്ഞതായും കുമാരി പറഞ്ഞു.

ഒടുവിൽ ബലപ്രയോഗത്തിലൂടെ അമ്മയിൽനിന്ന് കത്തി തട്ടിയെടുത്തശേഷം മുൻവാതിൽ തുറന്ന് കുമാരി പുറത്തേയ്ക്ക് ഓടിരക്ഷപ്പെട്ടു. റോഡിലിറങ്ങി നിലവിളിച്ച കുമാരിയെ അയൽക്കാരിയായ എലിൻ കൂപ്പർ കണ്ടതോടെയാണ് ആംബുലൻസ് വിളിക്കാനായതും ജീവൻ രക്ഷിക്കാനായതും. മറ്റൊരു അയൽവാസിയായ നിയ ഡേവിസും കുമാരിയെ സഹായിച്ചു.

കാർഡിഫിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുമാരിയെ ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. കേസ് പരിഗണിച്ച കോടതിയിൽ ചിത്രാണി ഹാജരായിരുന്നില്ല. ഇപ്പോൾ കാൽവർട്ടൺ ആശുപത്രിയിൽ മനോരോഗത്തിന് ചികിത്സ തേടുകയാണവർ. എന്നാൽ, ചിത്രാണി കുറ്റം ചെയ്തുവെന്ന് സ്ഥിരീകരിച്ച കോടതി അവർക്ക് ശിക്ഷ സെപ്റ്റംബറിൽ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി.