ചൈനയിലെ ഷാൻക്സി പ്രവിശ്യയിൽ നാല് വയസുകാരൻ സ്വിമ്മിങ്പൂളിൽ മുങ്ങി മരിച്ചു. സ്വന്തം അമ്മ പത്തടി അകലെ മൊബൈലിൽ എസ്എംഎസ് അയച്ച് കൊണ്ടിരിക്കുമ്പോഴാണ് മകൻ നിസ്സഹായനായി വെള്ളം കുടിച്ച് മുങ്ങ് മരിച്ചത്. സ്വിമ്മിങ്പൂളിൽ തൊട്ടടുത്ത് ദുരന്തം ഉണ്ടാകുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ക്സിയാഓ എന്ന സ്ത്രീക്കാണീ ദുരന്താനുഭവം ഉണ്ടായിരിക്കുന്നത്. ട്വിറ്ററിൽ ഇതിന്റെ സിസിടിവി ഫൂട്ടേജ് പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ കുഞ്ഞിനെ കാണാനില്ലെന്നറിഞ്ഞ ഞെട്ടലിൽ ഈ അമ്മ മറ്റിടങ്ങളിലായിരുന്നു പരിഭ്രമത്തോടെ പരതിയിരുന്നത്. അവസാനം പൂളിൽ മകനെ കണ്ടെത്തുമ്പോഴേക്കും മുങ്ങി മരിച്ചിരുന്നു. നോർത്ത് വെസ്റ്റ് ചൈനയിലെ ഷാൻക്സി പ്രവിശ്യയിലെ ക്സിയാൻയാൻഗിലെ പ്രശസ്തമായ ഒരു സ്വിമ്മിങ് പൂളിൽ ചൊവ്വാഴ്ചയാണ് ദുരന്തമുണ്ടായിരിക്കുന്നത്.

ദുരന്തം സംഭവിക്കുമ്പോൾ സ്വിമ്മിങ്പൂളിൽ എട്ടോളം നീന്തൽക്കാരുണ്ടായിരുന്നുവെങ്കിലും കുഞ്ഞ് മുങ്ങിത്താഴുന്നത് ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. മൂന്ന് മിനുറ്റോളം ശ്വാസം മുട്ടി പിടഞ്ഞ കുഞ്ഞ് അവസാനം 1.1 മീറ്റർ ആഴത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. തന്റെ മകനെ കാണാനില്ലെന്നറിഞ്ഞതോടെ യുവതി പൂളിലെ ജീവനക്കാരുടെ സഹായം തേടുകയും ചെയ്തിരുന്നു. തുടർന്ന് ഒരു മണിക്കൂറോളം കുട്ടിയെ തെരഞ്ഞതിന് ശേഷമായിരുന്നു ചേതനയറ്റ ദേഹം അവസാനം സ്വിമ്മിങ് പൂളിൽ കണ്ടെത്തിയിരുന്നത്.

ക്സിയാൻയാൻഗിലെ ഓഷ്യൻ സ്പ്രിങ് റിസോർട്ടിലെ സ്പാ വേൾഡിലാണ് ഈ സ്വിമ്മിങ് പൂൾ സ്ഥിതി ചെയ്യുന്നത്. കുട്ടിയുടെ അമ്മയും അച്ഛനും അടുത്തുള്ള നഗരമായ ക്സിയാനിലാണ് ജോലി ചെയ്യുന്നത്. ലോക്കൽ പൊലീസ് കേസ് അന്വേഷിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച റിപ്പോർട്ട് ഇതു വരെ പുറത്ത് വന്നിട്ടില്ല. ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ട്രാവൽ ഏജൻസിയായ എച്ച്കെ സിടിഎസാണ് ഈ പൂൾ ഓപ്പറേറ്റ് ചെയ്യുന്നത്. ദുരന്തത്തെ തുടർന്ന് പൂൾ അടയ്ക്കുകയും ചെയ്തിരുന്നു.