കൊച്ചി: മോഷ്ടിച്ച് കൊണ്ടു വന്ന ഓട്ടോ റിക്ഷയിൽ അബദ്ധത്തിൽ കയറുന്നു. കയറി കഴിയുമ്പോൾ അത് മോഷ്ടിച്ചു കൊണ്ടു വന്ന ഒരു വാഹനമാണെന്ന് അറിയുന്നു. തൊട്ടു പിന്നാലെ ഒരു പൊലീസ് ജീപ്പ് സൈറൺ മുഴക്കി പാഞ്ഞുവരുന്നു. വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും മോഷ്ടാവ് തയ്യാറാകുന്നില്ല. ഒടുവിൽ ജീവൻ കയ്യിൽ പിടിച്ച് ഓട്ടോയിൽ നിന്നും താഴേക്ക് ചാടുന്നു. കേട്ടാൽ ഒരു സിനിമാകഥ പോലെ തോന്നുമെങ്കിലും മട്ടാഞ്ചേരിയിൽ രണ്ടാഴ്ച മുൻപ് നടന്ന സംഭവമാണിത്.

ജൂൺ 23 നാണ് സംഭവം നടക്കുന്നത്. ഫോർട്ടു കൊച്ചി സ്വദേശികളായ നൂറിനും മകൾ സാൽവയും മട്ടാഞ്ചേരിയിലെ ബന്ധുവീട്ടിൽ പോയിരുന്നു. അന്ന് വൈകുന്നേരം ആറു മണിയോടെയാണ് അവിടെ നിന്നും തിരികെ ഫോർട്ടു കൊച്ചിയിലേക്ക് പോകാനായി ഇരുവരും ദാറുൽ സലാം മറക്കടവ് റോഡിൽ വാഹനം കാത്തു നിന്നത്. ഈ സമയം മൂന്ന് ഓട്ടോ റിക്ഷകൾ കടന്നു പോയെങ്കിലും ഒന്നും നിർത്തിയില്ല. നാലാമത്തെ ഓട്ടോ റിക്ഷയ്ക്ക് കൈകാണിച്ചപ്പോൾ നിർത്തി. ആ സമയം ചെറിയ ചാറ്റൽ മഴയുമുണ്ടായിരുന്നു. വാഹനത്തിൽ മഴ വെള്ളം അകത്തേക്ക് വീഴാതിരിക്കാൻ പടുതയും കെട്ടിയിരുന്നു. വാഹനത്തിൽ കയറിയപ്പോൾ ഒരു ജീപ്പ് വന്ന് അടുത്ത് നിർത്തി. ഇതോടെ എവിടേക്ക് പോകണം എന്ന് പറയുന്നതിന് മുൻപ് തന്നെ ഡ്രൈവർ ഓട്ടോ റിക്ഷ മുന്നോട്ട് എടുക്കുകയും ചെയ്തു. പോകേണ്ട വഴി പറഞ്ഞു കൊടുത്തിട്ടും ഓട്ടോ ഡ്രൈവർ കാര്യമാക്കാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. അപ്പോഴാണ് പിന്നിൽ പൊലീസ് ജീപ്പിന്റെ സൈറൺ കേട്ടത്. ഇതോടെ ഓട്ടോ റിക്ഷ അമിത വേഗതയിലായി. മുന്നിൽ പല വണ്ടികളിലും തട്ടിയെങ്കിലും ഇയാൾ വാഹനം നിർത്താൻ കൂട്ടാക്കിയില്ല.

വണ്ടി നിർത്താൻ പല തവണ ആവശ്യപ്പെട്ടു. ഒടുവിൽ അയാൾ ഈ വണ്ടി ഇനി എങ്ങും നിർത്തില്ല എന്ന് പറഞ്ഞ് വേഗത കൂട്ടുകയാണ് ചെയ്തത്. ഭയന്നു പോയ നൂറിനും മകൾ സാൽവയും എന്തു ചെയ്യണമെന്നറിയാതെ പകച്ചിരുന്നു. ദാറുൽ സലാം റോഡിൽ നിന്നും കപ്പലണ്ടി മുക്ക് വഴിയായിരുന്നു യാത്ര. റോഡിന്റെ വശങ്ങളിൽ നിൽക്കുന്നവരെ കൈവീശിക്കാണിച്ച് രക്ഷിക്കണെ എന്ന് അലറി വിളിച്ചിട്ടും യാത1രു ഫലവുമുണ്ടായില്ല. തൊട്ടു പിന്നാലെ പൊലീസ് ജീപ്പ് ഉണ്ടെങ്കിലും ഓട്ടോ റിക്ഷയെ മറികടക്കാൻ അവർക്ക് കഴിഞ്ഞില്ല. ജീവൻ അപകടത്തിലാകും എന്ന തോന്നൽ വന്നതോടെ ഒടുവിൽ മകളോട് പുറത്തേക്ക് ചാടാം എന്ന് നൂറിൻ പറഞ്ഞു. ഇത് ബസ് റൂട്ടായതിനാൽ ചാടുന്നത് ബുദ്ധിയല്ലെന്ന് ഇരുവരും മനസ്സിലാക്കി. അപ്പോഴേക്കും ഓട്ടോ ചക്കാമാടം റോഡിലേക്ക് കയറി. വാഹനങ്ങൾ അധികം വരാത്ത റോഡായതിനാൽ ഇവിടെ ചാടാം എന്ന് തീരുമാനിച്ചു. ആദ്യം സാൽവ ചാടി. തൊട്ടു പിന്നാലെ നൂറിനും. ഇരുവരും തല ഇടിച്ചാണ് റോഡിലേക്ക് വീണത്. പിന്നാലെ എത്തിയ പൊലീസ് ജീപ്പ് ഇരുവരെയും വേഗം തന്നെ പനയപ്പിള്ളിയിലെ ഗൗതം ആശുപത്രിയിലേക്ക് കൊണ്ടു പോയി. നൂറിന്റെ തലയ്ക്ക് സാരമായി പരിക്ക് പറ്റിയതിനാൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

നിലവിൽ രണ്ടു പേരും ആശുപത്രി വിട്ടു. അന്ന് നടന്ന സംഭവം ഓർക്കുമ്പോൾ ഇരുവർക്കും ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. സിനിമയിൽ മാത്രമേ ഇത്തരം രംഗങ്ങൾ കണ്ടിട്ടുള്ളൂ എന്നാണ് നൂറിൻ മറുനാടനോട് പറഞ്ഞത്. ഓട്ടോ റിക്ഷയിൽ നിന്നും അപ്പോൾ ചാടിയത് എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടാത്തതു കൊണ്ടാണ്. പലരും ഇതറിഞ്ഞപ്പോൾ വഴക്ക് പറഞ്ഞു. ഓടുന്ന വാഹനത്തിൽ നിന്നും ചാടിയാൽ വലിയ അപകടമാണുണ്ടാവുക. ദൈവത്തിന്റെ സഹായത്താൽ ഇത്രയും മാത്രമേ പറ്റിയുള്ളൂ എന്നും നഊറിൻ പറഞ്ഞു. നൂറിന്റെ മകൾ സാൽവ സെന്റ് തെരാസസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്.

അതേ സമയം ഓട്ടോ റിക്ഷയുമായി കടന്നു കളഞ്ഞ പ്രതിയെ പിന്നീട് പൊലീസ് പിടികൂടി. കടവന്ത്രയിൽനിന്ന് മോഷ്ടിച്ച ഓട്ടോയുമായി മട്ടാഞ്ചേരിയിൽ കറങ്ങുകയായിരുന്ന മട്ടാഞ്ചേരി മാളിയേക്കൽ പറമ്പിൽ ഷിഹാബാണ് (25) പിടിയിലായത്.

നിരവധി മോഷണക്കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയാണിതെന്ന് പൊലീസ് പറഞ്ഞു. മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണർ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ മട്ടാഞ്ചേരി പൊലീസാണ് ഇയാളെ പിടികൂടിയത്. മോഷ്ടിച്ച ഓട്ടോയുമായി ഇയാൾ വരുന്നുണ്ടെന്ന് അറിഞ്ഞാണ് പൊലീസ് ഇയാളെ പിന്തുടർന്നത്. എന്നാൽ, ഇയാൾ ഓട്ടോയുമായി വെള്ളത്തൂവലിലേക്കാണ് പോയത്. അവിടെ നിന്ന് മടങ്ങുമ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്. കടവന്ത്രയിലെ കേസിൽ അന്വേഷണം നടന്നുവരികയാണ്. തുടരന്വേഷണത്തിനായി ഇയാളെ മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.