വെള്ളറട: തിരുവനന്തപുരത്ത് വീടിനുള്ള അമ്മയും മകനും പൊള്ളലേറ്റ് മരിച്ച നിലയിൽ. വെള്ളറട ചുണ്ടിൽ വേങ്കിലിവിള ആര്യപ്പള്ളി വീട്ടിൽ മേരി (70), മകൻ ജോൺ (40) എന്നിവരെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലമുള്ള ആത്മഹത്യയെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇരുവരുടെയും മൃതദേഹങ്ങൾ വ്യത്യസ്ത മുറികളിലാണ് കാണപ്പെട്ടത്. മാതാവിന്റെ മൃതദേഹം കട്ടിലിലും മകന്റെ മൃതദേഹം സമീപത്തെ മുറിയിലെ തറയിലുമാണ് കാണപ്പെട്ടത്. പുലർച്ചെ സമീപവാസിയായ യുവാവ് പുറത്തിറങ്ങിയപ്പോൾ മേരിയുടെ വീടിന്റെ ജനാലയിലൂടെ തീകത്തുന്നതായി കണ്ടു. ഉടൻ സമീപത്തു താമസിക്കുന്ന വാർഡ് മെംബറെ വിവരം അറിയിച്ചു. വാർഡ് മെംബർ വിജയയാണ് പൊലീസിനെയും മറ്റും അറിയിച്ചത്. വീടിന്റെ മുൻവശത്തെയും പുറകുവശത്തെയും കതകുകൾ പൂട്ടിയ നിലയിലായിരുന്നു.

പൊലീസെത്തിയാണ് തീയണച്ചത്. കട്ടിലിൽ കിടന്ന മേരിയുടെ കാലുകൾ പ്ലാസ്റ്റിക് വയർകൊണ്ട് ബന്ധിച്ചിരുന്നു. ജോണിന്റെ കാലുകൾ ബന്ധിപ്പിച്ച് സമീപത്തെ മേശയിൽ കെട്ടിയിരുന്നു. മകൻ കിടന്ന സ്ഥലത്തുനിന്ന് മാതാവ് കിടന്ന കട്ടിൽ വരെ വസ്ത്രം വിതറിയശേഷം പെട്രോൾ ഒഴിച്ച നിലയിലാണ്. മകൻ ആദ്യം മാതാവിന്റെ ശരീരത്തിലും തുടർന്ന് തറയിലിട്ടിരുന്ന വസ്ത്രങ്ങളിലും പെട്രോൾ ഒഴിച്ചശേഷം മുറിയിലെത്തി മേശയിൽ കാലുകൾ കെട്ടിയശേഷം സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

തീപ്പെട്ടിയും പെട്രോളും മകൻ കിടന്ന സ്ഥലത്തുണ്ടായിരുന്നു. അമ്മയെ തീയൊഴിച്ചു കത്തിച്ച ശേഷം മകൻ ആത്മഹത്യ ചെയ്തുവെന്നാണ് സൂചന. മകന്റെ ശരീരത്തിൽ തീ ആളിപ്പടർന്നശേഷം തറയിൽ വിതറിയ വസ്ത്രം വഴി കട്ടിലിൽ കിടന്ന മാതാവിന്റെ ശരീരത്തിലും കത്തിപ്പിടിക്കുകയായിരുന്നു. ഇരുവരും മുറിയിൽ നിന്ന് ഇറങ്ങിയോടാതിരിക്കാനാണ് കാലുകൾ ബന്ധിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്.

വെള്ളറട എസ്‌ഐ വിജയകുമാറിന്റെയും സ്‌പെഷൽ ബ്രാഞ്ച് എസ്‌ഐ ഫ്രാൻസിസിന്റെയും നേതൃത്വത്തിൽ പ്രാഥമിക നടപടികൾ പൂർത്തിയാക്കി. സംഭവസ്ഥലത്ത് ഫോറൻസിക് വിഭാഗം പരിശോധന നടത്തി. പരേതനായ മുത്തുസ്വാമിയാണ് മേരിയുടെ ഭർത്താവ്. മേരിയുടെ മറ്റു മക്കൾ: റാണി, ശാന്തി, കുമാരി, ബർണബാസ്, വിൻസന്റ്, ക്രിസ്തുരാജ്. മരുമക്കൾ: രവി, ബാബു, ജോൺസലാം, സബിത.