കൊല്ലം: സ്‌കൂളിൽ പിടിഎ മീറ്റിങിന് പോയ അമ്മയേയും മകനേയും കാണാതായിട്ട് പത്ത് ദിവസം പിന്നിടുന്നു. പുനലൂർ വെഞ്ചേമ്പ് സ്വദേശികളായ സുമയ്യ, മകൻ ആദിൽ എന്നിവരെയാണ് കഴിഞ്ഞ 10 ദിവസങ്ങളായി കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരിക്കുന്നത്.

മുൻപ് സുമയ്യ ജോലി ചെയ്തിരുന്ന ഒരു സ്വകാര്യ സ്‌കൂളിലെ മാനേജർക്ക് ഒപ്പം പോയതാണെന്നാണ് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ മാർച്ച് 27നാണ് സുമ്മയയും മകനും സ്‌കൂളിൽ പിടിഎ മീറ്റിങ്ങിന് എന്ന് പറഞ്ഞ് പോയത്. തിരിച്ച് വരേണ്ട സമയം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. ഉടൻ തന്നെ പുനലൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് പുനലൂർ പൊലീസ് പറയുന്നത് ഇങ്ങനെ: മാർച്ച് 27ന് പുനലൂർ ജി.എൽ.പി.എസിൽ പിടിഎ മീറ്റിങ്ങിന് പോകുന്നു എന്ന് പറഞ്ഞാണ് സുമയ്യയും ഇളയ മകൻ ആദിലും വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകുന്നേരത്തോടെ വീട്ടിൽ നിന്നും പരാതിയുമായി ബന്ധുക്കൾ എത്തുകയും ചെയ്തു.

സുമയ്യയ്ക്ക് നാല് മൊബൈൽ നമ്പറുകൾ ഉണ്ടെന്നാണ് പൊലീസിൽ ബന്ധുക്കൾ പറഞ്ഞ വിവരം. ഇവർ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ചും ബന്ധുക്കളുടെ വീടുകളെ കുറിച്ചും പൊലീസിനോട് ബന്ധുക്കൾ വിവരങ്ങൾ നൽകുകയും ചെയ്തു. ഈ പറഞ്ഞ സ്ഥലങ്ങളിൽ എല്ലാം തന്നെ പൊലീസ് പരിശോധന നടത്തുകയും അന്വേഷണം നടത്തുകയും ചെയ്തുവെങ്കിലും വിവരമൊന്നും ലഭിച്ചില്ല.

സുമയ്യയുടെ ഭർത്താവ് മുൻപ് വിദേശത്താണ് ജോലി ചെയ്തിരുന്നത് ഈ സമയത്ത് ഇവർ കുളത്തുപ്പുഴയിലെ ഒരു സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്തിരുന്നു.കുളത്തുപ്പുഴയിലെ സ്‌കൂൾ മാനേജറുമായി സുമയ്യയ്ക്ക് അടുപ്പമുണ്ടായിരുന്നതായി ഇവരുടെ ഭർത്താവ് പൊലീസിൽ മൊഴി നൽകിയിരുന്നു. ഈ വഴിക്കും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇയാളുടെ വീട്ടിൽ നേരിട്ട് പോയി അന്വേഷണം നടത്തിയിരുന്നു. എന്നാൽ വീട് പൂട്ടി കിടക്കുകയായിരുന്നു.സ്‌കൂൾ മാനേജറായ ഷിറോസിന്റെ മൂന്ന് മൊബൈൽ നമ്പറും സ്വിച്ച് ഓഫായിരുന്നു.

ഷിറോസിന്റെ മൊബൈൽ നമ്പറിും വിളച്ചിട്ട് കിട്ടാതായതോടെ ഇയാളുടെ ഭാര്യയുടെ വീട്ടിലേക്ക് പൊലീസ് പോവുകയും ചെയ്തു.അവിടെ എത്തിയപ്പോഴാണ് ഷിറോസ് ഭാര്യയെ അവരുടെ വീട്ടിലാക്കിയിട്ടാണ് പോയത് എന്നറിയുന്നത്.

എന്നാൽ അയാൾ എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്ന വിവരം തന്നെയാണ് ഭാര്യയും മക്കളും നൽകിയതും. സുമയ്യയും ഷിറോസും ഉപയോഗിക്കുന്നത് ഏഴ് മൊബൈൽ നമ്പറുകളാണ്. ഈ നമ്പറുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയും ചെയ്തു. സൈബർ സെല്ലിന്റെ ഉൾപ്പടെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും നമ്പറുകൾ ഓഫ് ആയതിനാൽ തന്നെ കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല.

അവസാനമായി ഈ നമ്പറുകൾ ആറ്റിങ്ങൽ ടവറിന് കീഴിലാണ് ലൊക്കേറ്റ് ചെയ്തത്. പിന്നീട് ഇത് വരെ വിവരമൊന്നും ലഭ്യമല്ല. എന്നാൽ ഭർത്താവിന് ഇവർ പോയതിനെ കുറിച്ച് സംശയങ്ങൾ ഉള്ളതുകൊണ്ട് മാത്രം അവർ മാനേജർക്കൊപ്പം പോയി എന്ന് ഉറപ്പിക്കാനാവില്ലെന്നാണ് പുനലൂർ പൊലീസ് സബ്ഇൻസ്പെക്ടർ രാജീവ് മറുനാടൻ മലയാളിയോട് പറഞ്ഞത്.