മലപ്പുറം: സ്വത്തുതർക്കത്തിന്റെ പേരിൽ മാതാവിനെ ഏക മകൻ കഴുത്തറുത്തു കൊലപ്പെടുത്തി. കൽപകഞ്ചേരി ഈങ്ങേൽപടി പരേതനായ വാരിയത്ത് അബ്ദുറഹ്മാന്റെ ഭാര്യ പാത്തുമ്മു(80)വാണ് മകന്റെ കുത്തേറ്റുമരിച്ചത്്. ഏക മകൻ മൊയ്തീൻ കുട്ടി(57)ആണ് ക്രൂരകൃത്യം നടത്തിയ്. സ്വത്തു തർക്കത്തെ തുടർന്നാണ് ക്രൂരമായ കൊലപാതകം. ഇന്നലെ വൈകീട്ട് ആറരയോടെ കടുങ്ങാത്തുകുണ്ട് താഴെ അങ്ങാടിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വർഷങ്ങളായി ഇരുവരും തമ്മിലുള്ള സ്വത്ത് തർക്കം നിലനിൽക്കുന്നുണ്ട്. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്വത്തുകേസുമായി ബന്ധപ്പെട്ട് ഇന്നലെ ഇരുവരും തിരൂർ കുടുംബ കോടതിയിൽ പോയി മടങ്ങി വന്ന ശേഷം റോഡരികിൽ വച്ച് വാക്കുതർക്കമുണ്ടാകുകയും സമീപത്തെ ഇടവഴിയിലേക്ക് മകൻ മാതാവിനെ കൊണ്ടുപോയി ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

പരിസരവാസികൾ ഓടിക്കൂടിയെങ്കിലും സംഭവസ്ഥലത്ത് തന്നെ മരണം സംഭവിക്കുകയായിരുന്നു. ഏറെ നാളായി ഏകമകൻ മൊയ്തീൻ കുട്ടിയിൽ നിന്നും ക്രൂരമായ മർദനം ഈ വയോധികയായ മാതാവിന് അനുഭവിക്കേണ്ടി വന്നിരുന്നു. എല്ലാ പ്രശ്‌നങ്ങളും സ്വത്തിനും പണത്തിനും വേണ്ടിയായിരുന്നെന്ന് പൊലീസ് പറയുന്നു. കൽപകഞ്ചേരി കടുങ്ങാത്തുകുണ്ടിലേക്ക് താമസം മാറുന്നതിനു മുമ്പ് സമീപപ്രദേശമായ വരമ്പനാലയിലെ വീട്ടിലായിരുന്നു ഇവർ കുടുംബമൊന്നിച്ച് താമസിച്ചിരുന്നത്.

മൊയ്തീൻ കുട്ടിയുടെ പിതാവിന്റെ മരണ ശേഷം മാതാവ് പാത്തുമ്മയുടെ പേരിലായിരുന്നു ആ സ്വത്തുക്കളെല്ലാം. മൊയ്തീനും ഭാര്യയും സ്വത്ത് സ്വന്തമാക്കാൻ നിരന്തരം മാതാവുമായി വഴക്കുണ്ടായിരുന്നു. തുടർന്ന് സ്വത്ത് മകന്റെ പേരിൽ എഴുതി നൽകാൻ മാതാവ് നിർബന്ധിതയാവുകയായിരുന്നു. എന്നാൽ പിന്നീട് ഏറെ നാൾ ഈ വീട്ടിൽ താമസിച്ചിരുന്നില്ല. കൽപകഞ്ചേരിയിലേക്ക് മകന്റെ ഇഷ്ടപ്രകാരം മാറുകയായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ക്രൂരമായ ദിനങ്ങളായിരുന്നു പാത്തുമ്മയുടെ ജീവിതത്തിൽ.

ഭാര്യയും അഞ്ചുമക്കളുമുള്ള മൊയ്തീൻകുട്ടി ഇവരുടെ ചിലവും ചികിത്സയുമെല്ലാം നിർവഹിക്കുന്നുണ്ടെങ്കിലും മാതാവ് വഴിയാധാരമാവുകയാണുണ്ടായത്. മാതാവിന് ചെലവിനു നൽകാതെയും ചികിത്സിക്കാതെയും പീഡനം തുടർന്നപ്പോൾ അയൽ വീടുകളും ബന്ധു വീടുകളുമായിരുന്നു പാത്തുമ്മയുടെ ആശ്രയം. പിന്നീട് രോഗം വിട്ടുമാറാതെ വന്നതോടെ ആശ്രയത്തിന് ആരുമില്ലാതെയായി.

തുടർന്ന് നീതിക്കു വേണ്ടി തിരൂർ കുടുംബകോടതിയെ സമീപിക്കുകയും വർഷങ്ങളായി കേസ് നടന്നു വരികയുമായിരുന്നു. ഒരേ വീട്ടിൽ താമസിച്ചു കൊണ്ട് അമ്മയും മകനും കോടതി കയറിയിറങ്ങേണ്ടി വന്നു. കേസിന്റെ അന്തിമ വിധി പാത്തുമ്മയ്ക്ക് അനുകൂലമായി കുടുംബ കോടതി വിധിച്ച ദിവസമായിരുന്നു ഇന്നലെ. കേസിന്റെ വിധി കേൾക്കാനായി മൊയ്തീനും പാത്തുമ്മയും കോടതിയിൽ എത്തിയിരുന്നു. എന്നാൽ കോടതി വിധിച്ച ആനുകൂല്യങ്ങൾ മകനിൽ നിന്നും ലഭിക്കുന്നതിനു പകരം കത്തി മുന മാതാവിന്റെ കഴുത്തിൽ തുളച്ചു കയറ്റുകയാണുണ്ടായത്. ആസൂത്രിതമായിട്ടാണ് പ്രതി കൊലപാതകം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

മാതൃസഹോദരിയുടെ വീട്ടിലേക്ക് പോകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പാത്തുമ്മയെ വീട്ടിൽ നിന്നും ഇറക്കുകയായിരുന്നു. വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടക്കുന്നതിനിടെ കോടതിയിൽനിന്നുള്ള വിധിയും മറ്റും പറഞ്ഞ് ഇരുവരും വഴക്കിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെ ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി മൊയ്തീൻ അരയിൽ സൂക്ഷിച്ച കത്തി ഉപയോഗിച്ച് മാതാവിന്റെ കഴുത്തിലേക്ക് കുത്തുകയായിരുന്നു. പല തവണ കുത്തിയ ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയാണുണ്ടായത്.

പാത്തുമ്മയുടെ നിലവിളി കേട്ട് സംഭവസ്ഥലത്ത് സമീപവാസികൾ ഉടനെ ഓടിയെത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. മരണത്തിന് കീഴടങ്ങേണ്ടി വന്നു. കൊല നടത്തിയ ശേഷം മൊയ്തീൻ കൽപകഞ്ചേരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു. ബോഡി നീക്കം ചെയ്യാതെ സംഭവസ്ഥലത്ത് തന്നെ രാത്രി മുഴുവൻ വച്ചതിനെതിരേ നാട്ടുകാർ തടിച്ചു കൂടി പ്രതിഷേധിച്ചു. കഴുത്തിൽ ആഴത്തിൽ കത്തി തുളച്ചു കയറി മൃതദേഹം വികൃതമായ അവസ്ഥയിലായിരുന്നു കാണപ്പെട്ടത്.

ഇന്ന് രാവിലെ വളാഞ്ചേരി സി.ഐ കെജി സുരേഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഫോറൻസിക് വിഭാഗവും സ്ഥലത്ത് എത്തി പരിശോധന നടത്തി. പോസ്റ്റ് മോർട്ടത്തിനു ശേഷം കടുങ്ങാത്തുകുണ്ട് ടൗൺ മസ്ജിദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.തിരൂർ ഡിവൈ എസ് പി ടി സി വേണുഗോപാലൻ, വളാഞ്ചേരി സി ഐ കെ ജി സുരേഷ്, കൽപകഞ്ചേരി എസ് ഐ വിശ്വനാഥൻ കാരയിൽ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി മൊയ്തീനെ ഇന്ന് കോടതിയിൽ ഹാജരാക്കും.