- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ എന്തെങ്കിലും കടുംകൈ ചെയ്യുന്നുണ്ടെങ്കിൽ അത് എന്റെ അമ്മായിയച്ഛൻ ദാമോദരൻ തിരുമേനി കാരണമാണ്'; കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കും മുൻപ് കരഞ്ഞുകൊണ്ട് യുവതിയുടെ വിഡിയോ; ആല സ്വദേശിനിയുടെ ആത്മഹത്യയിൽ വഴിത്തിരിവ്
ആലപ്പുഴ: ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഭർതൃപിതാവിന്റെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. മരിക്കുന്നതിനു മുൻപു യുവതി ചിത്രീകരിച്ച വിഡിയോയും ആത്മഹത്യ ചെയ്ത അദിതിയുടെ ബന്ധുക്കൾ പുറത്തുവിട്ടു.
നവംബർ 8 നാണ് ചെങ്ങന്നൂർ ആല സ്വദേശിനിയായ അദിതി ആറ് മാസം പ്രായമുള്ള കുഞ്ഞിനു വിഷം കൊടുത്ത ശേഷം വിഷം കഴിച്ചു മരിച്ചത്. അദിതി ആത്മഹത്യ ചെയ്യുന്നതിനു രണ്ടു മാസം മുൻപ് അദിതിയുടെ ഭർത്താവ് ഹരിപ്പാട് സ്വദേശിയായ സൂര്യൻ നമ്പൂതിരിയും ഭർത്താവിന്റെ അമ്മ ശ്രീദേവി അന്തർജനവും കോവിഡ് ബാധിച്ചു ദിവസങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു.
ഭർത്താവിന്റെ മരണത്തെ തുടർന്നുള്ള വിഷാദമാകാം ആത്മഹത്യയ്ക്കു കാരണമെന്നു കരുതിയിരിക്കുമ്പോഴാണ് അദിതിയുടെ ആത്മഹത്യക്കുറിപ്പും ആത്മഹത്യയ്ക്ക് മുൻപു ചിത്രീകരിച്ച വിഡിയോയും കണ്ടെത്തിയത്.
'ഞാൻ ഇന്ന് എന്തെങ്കിലും കടുംകൈ ചെയ്യുന്നുണ്ടെങ്കിൽ അത് എന്റെ അമ്മായിയച്ഛൻ ദാമോദരൻ തിരുമേനിയും എന്റെ നാത്തൂനും കാരണമാണ്. അവർ രണ്ട് പേരും എനിക്ക് മാനസികമായിട്ട് എന്നെ ഒരുപാട് ഉപദ്രവിക്കുന്നുണ്ട്. ഇപ്പോഴും ഉപദ്രവിക്കുന്നുണ്ട്, ചേട്ടൻ മരിച്ച് കഴിഞ്ഞിട്ട് പോലും എന്നെ ഒന്ന് തിരിഞ്ഞു നോക്കിയിട്ടില്ല രണ്ട് പേരും. എന്ന ദ്രോഹിക്കുക എന്ന ഒറ്റ ലക്ഷ്യമെയുള്ളു. അതിന് ഞാൻ നിന്നു കൊടുക്കത്തില്ല. എനിക്ക് വേണ്ട, ഒന്നും വേണ്ട, എല്ലാം അവർ എടുത്തോട്ടെ, അതുകൊണ്ട് ആരെയും ബുദ്ധിമുട്ടിപ്പിക്കുന്നില്ല.....' വീഡിയോയിൽ യുവതി കരഞ്ഞുകൊണ്ട് പറയുന്നു.
ഭർത്താവിന്റെ പിതാവ് തന്നെയും കുടുംബത്തെയും മാനസികമായി ഉപദ്രവിക്കുന്നതായി അദിതി കത്തിൽ ആരോപിക്കുന്നു. ഭർത്താവിന്റെ മരണത്തിനു കാരണം ഭർത്താവിന്റെ പിതാവ് ചികിത്സ വൈകിപ്പിച്ചതാണെന്ന ആരോപണവും കത്തിലുണ്ട്.
ഭർത്താവ് മരിച്ച മനോവിഷമത്തിലാണ് യുവതി മകൾക്ക് വിഷം നൽകി ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്ത. എന്നാൽ മാനസിക പീഡനം സഹിക്കാനാവാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയെന്ന് ചെങ്ങന്നൂർ പൊലീസ് അറിയിച്ചു.
നവംബർ 8നായിരുന്നു അദിതിയുടെ ഭർത്താവ് സൂര്യൻ ഡി നമ്പൂതിരി കോവിഡ് ബാധിച്ച് മരിക്കുന്നത്. സൂര്യൻ നമ്പൂതിരിയുടെ അമ്മ ശ്രീദേവി അന്തർജനവും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭർത്താവ് മരിച്ച് കൃത്യം രണ്ട് മാസത്തിന് ശേഷം അദിതി തന്റെ അഞ്ചു മാസം മാത്രം പ്രായമുള്ള മകൻ കൽക്കിക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
ഭർത്താവിന്റെ അച്ഛന്റെ മാനസിക പീഡനമാണ് എല്ലാത്തിനും കാരണമെന്ന് മരിച്ച അദിതിയുടെ മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു. ഭർതൃവീട്ടിൽ നിന്ന് ഏൽക്കേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ച് മരിക്കും മുൻപ് അദിതി തുറന്നുപറയുന്ന വീഡിയോ സന്ദേശവും, ആത്മഹത്യകുറിപ്പുമാണ് കുടുംബം പുറത്തുവിട്ടത്.
നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായും കടുത്ത മാനസിക പീഡനമാണ് അദിതിക്ക് ഏൽക്കേണ്ടി വന്നതെന്നും അദിതിയുടെ കുടുംബം ആരോപിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ശാന്തിക്കാരനായിരുന്നു അദിതിയുടെ ഭർത്താവ് സൂര്യൻ നമ്പൂതിരി. ആശ്രിത നിയമനം വഴി ജോലി ലഭിക്കാൻ അനുവദിക്കില്ലെന്നു ഭർതൃപിതാവ് ഭീഷണിപ്പെടുത്തിയെന്നും അദിതിയുടെ കുടുംബം ആരോപിച്ചു.
ആത്മഹത്യ കുറിപ്പിലും, ഭർത്താവിന്റെ അച്ഛനിൽ നിന്ന് ഏൽക്കേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ച് പറയുന്നുണ്ട്. കോവിഡ് ബാധിച്ച് ഭർത്താവ് സൂര്യനും അദ്ദേഹത്തിന്റെ അമ്മയും മരിക്കാൻ കാരണം കൃത്യമായ ചികിത്സ നൽകാത്തത് മൂലമാണെന്നും പറയുന്നു. ചെങ്ങന്നൂർ ആലായിലെ സ്വന്തം വീട്ടിലാണ് അദിതിയെയും, കുഞ്ഞിനെയും വിഷമുള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ