കാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിതയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി.എൻഡോസൾഫാൻ ബാധിതയായ 28 കാരി രേഷ്മയെ കൊലപ്പെടുത്തിയ ശേഷമാണ് അമ്മ വിമല(58) ആത്മഹത്യ ചെയ്തത്. രേഷ്മയെ കട്ടിലിൽ മരിച്ച നിലയിലും വിമലയെ അടുക്കളയിലെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രേഷ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചതായിരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രേഷ്മയുടെ കഴുത്തിൽ കയറിട്ട് മുറുക്കിയ പാടുണ്ട്.

കാസർകോട് ജില്ലയിലെ ബളാന്തോട് ചാമുണ്ഡിക്കുന്നിലാണ് സംഭവം.സാമൂഹ്യനീതി വകുപ്പിന് കീഴിലെ കെയർ ഹോമിൽ അന്തേവാസിയായിരുന്നു കൊല്ലപ്പെട്ട രേഷ്മ. രാജപുരം സ്‌കൂളിലെ പാചക തൊഴിലാളിയായിരുന്നു വിമല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയക്കും.

സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള കെയർ ഹോമിലെ അന്തേവാസിയായിരുന്ന രേഷ്മ ഞായറാഴ്ച അവിടേയ്ക്കു മടങ്ങേണ്ടതായിരുന്നു. എന്നാൽ പോകില്ലെന്ന നിലപാടായിരുന്നു രേഷ്മയുടേത്. ഇക്കാര്യത്തെച്ചൊല്ലി അമ്മയും മകളും തമ്മിൽ തർക്കം ഉണ്ടായിരുന്നതായാണ് പൊലീസിനു ലഭിച്ച വിവരം. മകളെ വീട്ടിലാക്കി ജോലിക്ക് പോകാൻ സാധിക്കാത്തതിനാൽ കൊലപ്പെടുത്തിയതാകാമെന്നും സംശയിക്കുന്നു.

വിമലകുമാരിയുടെ ഭർത്താവ് രഘുനാഥൻ നായർ നേരത്തെ മരിച്ചിരുന്നു. രേഷ്മയെ കൂടാതെ രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. എൻഡോസൾഫാൻ ദുരിതബാധിതർക്കു നഷ്ടപരിഹാരമായി ലഭിക്കേണ്ട അഞ്ച് ലക്ഷം രൂപ ലഭിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.