ലക്‌നൗ: തന്റെ മകൻ ഒരു കുട്ടിയെ കൊന്നുതിന്നുന്നത് കണ്ടുവെന്ന് അമ്മയുടെ മൊഴി. യുപിയിലെ അമാരിയയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. തന്റെ മകനൊരു നരഭോജിയാണെന്നും ഒരു കുട്ടിയെ തലയും ശരീരഭാഗങ്ങളും വെട്ടിമാറ്റി മകൻ നസിം മിയാൻ തിന്നുന്നത് കണ്ടുവെന്നും അമ്മ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

അമരിയായിലെ ഒരു ആളൊഴിഞ്ഞ വീട്ടിൽ വച്ച് നസീം മിയാൻ എന്ന 20 കാരൻ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശിരസ്സും മറ്റും വേർപെടുത്തി അതിന് അരികിൽ ഇരിക്കുന്നത് കണ്ട് ഞെട്ടിപ്പോയ അമ്മ ഉടൻ വിവരം പൊലീസിൽ അറിയിച്ചു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോൾ കണ്ടത് ഒരു കുട്ടിയുടെ ശരീരം തൊലിയുരിഞ്ഞ നിലയിലും ഉടൽ വെട്ടിമാറ്റിയ നിലയിലും കിടത്തിയതാണ്.

മുറിയിൽ മുഴുവൻ രക്തം പടർന്നും മാംസഭാഗങ്ങൾ ചിതറിയ നിലയിലും കാണപ്പെട്ടു. മൃതദേഹത്തിന് അരികിൽ ഇരിക്കുകയായിരുന്നു മിയാൻ. തികച്ചും നിസ്സംഗനായി കാണപ്പെട്ട ഇയാൾ എതിർപ്പൊന്നും കൂടാതെ പൊലീസിൽ കീഴടങ്ങുകയും ചെയ്തു. എന്നാൽ പൊലീസ് കൊണ്ടുപോകുന്നതിന് മുമ്പ് തടഞ്ഞുനിർത്തിയ ജനക്കൂട്ടം ഇയാളെ തല്ലിച്ചതച്ചു.

മിയാൻ മയക്കുമരുന്നിന് അടിമയാണെന്ന് നാട്ടുകാർ പറയുന്നു. ഇയാൾ ഏഴുവയസ്സുകാരനായ മുഹമ്മദ് മോനിസിനെയാണ് കൊലപ്പെടുത്തിയത്. മിയാൻ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയ തഞ്ചത്തിൽ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ശിരസ്സ് വേർപെടുത്തുകയും തൊലി ഉരിഞ്ഞു മാറ്റുകയും ചെയ്തു. പിന്നീട് കൈകാലുകളും ശരീരഭാഗങ്ങളും ഛേദിച്ചുമാറ്റിയെന്നും പൊലീസ് പറയുന്നു.

ഒരു കത്തിയും കൈക്കോട്ടും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവമറിഞ്ഞ് നൂറുകണക്കിന് ആൾക്കാർ പൊലീസ് സ്റ്റേഷനുമുന്നിലും തടിച്ചുകൂടി പ്രതിയെ അവർക്ക് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. പിലിഭിത്തിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യംചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്.

തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനുമുള്ള കുറ്റങ്ങളാണ് ചാർജ് ചെയ്തിട്ടുള്ളത്. ഇയാൾ കുട്ടിയുടെ ശരീരഭാഗങ്ങൾ ഭക്ഷിച്ചുവെന്ന് അമ്മതന്നെ മൊഴി നൽകിയ സാഹചര്യത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. വിദേശ മാദ്ധ്യമങ്ങളിലും ഇന്ത്യയിലുണ്ടായ ഈ സംഭവം വലിയ വാർത്തയായിരിക്കുകയാണ്.