കുണ്ടറ: മകൻ ജിത്തുജോബിനെ അടുക്കളയിൽവച്ച് അരുംകൊല നടത്തിയത് താൻ ഒറ്റയ്ക്കായിരുന്നുവെന്ന് മാതാവ് പൊലീസിന് മൊഴി നൽകി. മകനെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ജയമോൾ പൊലീസിനോട് പറഞ്ഞത്. ഇത്രയുംനാൾ പോറ്റി വളർത്തിയ മകനെ കൊന്ന് കത്തിച്ചത് ഒറ്റയ്ക്കായിരുന്നുവെന്നാണ് രാവിലെ നടത്തിയ ചോദ്യം ചെയ്യലിൽ ജയ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

അടുക്കളയിൽ സ്ളാബിന് മുകളിൽ ഇരിക്കുകയായിരുന്നു ജിത്തു. കഴുത്തിൽ ഷാൾ മുറുകിയപ്പോൾ താഴെ വീണു. പിന്നീടാണ് കൈയും കാലും വെട്ടിമാറ്റാൻ നോക്കിയത്. നടക്കുന്നില്ലെന്ന് കണ്ടപ്പോൾ മൃതദേഹം വലിച്ചിഴച്ച് കുടുംബ വീടിന്റെ പറമ്പിലെത്തിച്ച് കത്തിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ ജയമോൾ പറഞ്ഞു. എന്നാൽ ഇത് പൂർണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. പര സഹായം ഉണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യുമ്പോൾ ജയമോൾക്ക് ഭാവവ്യത്യാസങ്ങൾ ഇല്ലായിരുന്നു. പൊലീസിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികളാണ് നൽകുന്നത്.

അമ്മയ്ക്ക് വട്ടാണെന്ന് പറഞ്ഞ് മകൻ കളിയാക്കിയത് പ്രകോപനമായെന്നും അച്ഛൻ കൂട്ടിച്ചേർക്കുന്നു. മകനും അമ്മയും തമ്മിൽ എപ്പോഴും വഴക്കുണ്ടാകാറുണ്ട്. ആരും കളിയാക്കുന്നത് ജയയ്ക്ക് ഇഷ്ടമല്ല അങ്ങനെ കളിയാക്കിയാൽ ഇവർ വയിലന്റാകും. ഇതാകും മകന്റെ മരണത്തിന് കാരണമെന്നും അച്ഛൻ പറയുന്നു. താൻ പോലും വളരെ കരുതലോടെ മാത്രമേ ഭാര്യയോട് പെരുമാറാറുള്ളൂ. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് ഭാര്യയുടെ സ്വഭാവത്തിൽ ഇത്തരത്തിൽ മാറ്റം വന്നതെന്നും ജോബ് പറയുന്നു.

തിങ്കളാഴ്ച രാത്രിയാണു ജിത്തുവിനെ കാണാതായത്. സ്‌കെയിൽ വാങ്ങാൻ 50 രൂപയുമായി കടയിൽ പോയ ജിത്തു രാത്രി െവെകിയും വീട്ടിലെത്തിയില്ലെന്നുകാട്ടി കുടുംബം ചാത്തന്നൂർ പൊലീസിൽ പരാതി നൽകി. പൊലീസ് പിറ്റേന്നുതന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ബന്ധുക്കൾ പത്രപ്പരസ്യവും നൽകി. അന്വേഷണത്തിനിടെ ജിത്തുവിന്റെ വീട്ടിലെത്തിയ സി.ഐ: അജയ്‌നാഥും സംഘവും വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ജയയുടെ മൊഴിയിൽ െവെരുധ്യം തോന്നിയത്. വിശദമായി ചോദ്യം ചെയ്തപ്പോൾ കൊലപാതകം സംബന്ധിച്ചും സുഹൃത്തിന്റെ സഹായം സംബന്ധിച്ചും പൊലീസിനു സൂചന ലഭിച്ചു.

തുടർന്നു നടത്തിയ തെരച്ചിലിലാണ് ബുധനാഴ്ച വൈകിട്ട് മുഖത്തലയിലെ വീടിനു സമീപത്തെ വാഴത്തോട്ടത്തിൽ ജിത്തുവിന്റെ മൃതദേഹം കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രണ്ടിടത്തുവച്ചാണ് മൃതദേഹം കത്തിച്ചത്. വീടിനു പിന്നിലും സമീപത്തെ റബർ തോട്ടത്തിലുമാണിത്. കത്തിച്ച മൃതദേഹം അവർ രണ്ടു ദിവസം പരിശോധിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു.

കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാൽപാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടി നുറുക്കിയിട്ടുമുണ്ട്. മുഖം കരിഞ്ഞ് വികൃതമായ നിലയിലാണ്. സംഭവത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ കുട്ടിയുടെ അമ്മയ്ക്കൊപ്പം ഒരു യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ടൂട്ടേറിയൽ അദ്ധ്യാപകനായ യുവാവിനു സംഭവത്തിൽ പങ്കില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ രാത്രി വൈകി വിട്ടയച്ചു.

തിങ്കൾ രാത്രി എട്ടോടെ കുണ്ടറ എംജിഡിഎച്ച്എസിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിയായ ജിത്തു ജോബ് സ്‌കെയിൽ വാങ്ങാൻ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഈ സമയം വീട്ടിൽ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരനായ പിതാവ് ജോബ് ജോലിക്കു പോയിരുന്നു. ഏക സഹോദരി ടീന അമ്മയുടെ ബന്ധുവീട്ടിലായിരുന്നു. ജോലി കഴിഞ്ഞെത്തിയ ജോബ് മകനെ അന്വേഷിച്ചപ്പോൾ കടയിൽ പോയിട്ടു തിരികെ വന്നില്ലെന്ന് ജയമോൾ പറഞ്ഞു. ഉടൻ ബന്ധുക്കളും സുഹൃത്തുക്കളുമായി രാത്രി മുഴുവൻ തിരച്ചിൽ നടത്തി. ചൊവ്വ രാവിലെ 9.30നു ജോബ് ചാത്തന്നൂർ പൊലീസിൽ പരാതി നൽകി. പൊലീസ് എത്തി വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ കൊട്ടിയം സിഐ അജയ്നാഥും സംഘവും വീണ്ടും വീട്ടിലെത്തി ജയമോളെ ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണു ജയമോൾ പറഞ്ഞത്. മൂന്നു മണിക്കുറോളം ചോദ്യം ചെയ്യൽ തുടർന്നു. വീടും പരിസരവും സിഐയും സംഘവും പരിശോധിച്ചു.