ഇടുക്കി: കുഞ്ഞിന് ഭർത്താവിന്റെ മുഖച്ഛായ ഇല്ലാത്തതിനാൽ ഭർത്താവ് സംശയിക്കുമോയെന്നു പേടിച്ചാണ് എട്ടു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് അമ്മയുടെ കുറ്റസമ്മതം. കഴുത്തിൽ വെള്ളത്തുണി ചുറ്റിയശേഷം കഴുത്ത് ഞെരിച്ചു കൊന്നുവെന്നാണ് മൊഴി. കട്ടപ്പന കാഞ്ചിയാർ മുരിക്കാട്ടുകുടിയിലാണ് മനസാക്ഷിയ ഞെട്ടിക്കുന്ന ക്രൂരത നടന്നത്

സംഭവത്തിൽ കാഞ്ചിയാർ മുരിക്കാട്ടുകുടി കണ്ടത്തിൻകര ബിനുവിന്റെ ഭാര്യ സന്ധ്യ(28)യെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന് വെളുത്ത നിറമായതിനാലും ഭർത്താവിന്റെ മുഖച്ഛായ ഇല്ലാത്തതിനാലും ഭർത്താവ് സംശയിക്കുമോയെന്നു കരുതിയുമാണു കൃത്യം നടത്തിയതെന്നു സന്ധ്യ പറഞ്ഞതായി പൊലീസ് പറഞ്ഞു.സിഐ: വി എസ്. അനിൽകുമാറും സംഘവുമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ ഉണ്ടായ കുട്ടിക്ക് തന്റെയും ഭർത്താവിന്റെയും നിറമല്ല എന്ന കാരണത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് സന്ധ്യ പൊലീസിനോട് പറഞ്ഞു . കുട്ടിക്ക് നല്ല വെളുപ്പ് നിറമാണുള്ളത് . ഇതുമൂലം ഭർത്താവിന് സംശയം തോന്നുമോ എന്ന ഭയത്താലാണ് കൊലപാതകം നടത്തിയത് . ഉണ്ടായപ്പോൾ മുതൽ കുട്ടിയെ സന്ധ്യക്ക് ഇഷ്ടമല്ലായിരുന്നു.

പത്തുവർഷം മുൻപാണു മന്നാൻ സമുദായത്തിൽപെട്ട ബിനുവും സന്ധ്യയും വിവാഹിതരായത്. ഇവർക്ക് ഒൻപതു വയസ്സുള്ള പെൺകുട്ടിയുണ്ട്. തടിപ്പണിക്കാരനായ ഭർത്താവിന്റെ മദ്യപാനം വർധിച്ചതോടെ ഒരുവർഷമായി സന്ധ്യ സ്വന്തം വീട്ടിലാണ് താമസം. പിന്നീട് ബിനുവും സന്ധ്യയുടെ വീട്ടിലെത്തി താമസം തുടങ്ങി. നാലുമാസം മുൻപ് സന്ധ്യ ഗർഭിണിയാണെന്ന് സംശയം തോന്നിയ ആശാ വർക്കർമാർ ചോദിച്ചെങ്കിലും സന്ധ്യ ഒഴിഞ്ഞുമാറി.

മൂന്നു മാസത്തിനുശേഷം ആശാ വർക്കർമാർ സന്ധ്യയെ കട്ടപ്പന നഗരത്തിലെ ആശുപത്രിയിൽ എത്തിച്ച് സ്‌കാൻ ചെയ്തപ്പോൾ ഏഴുമാസം ഗർഭിണിയാണെന്നു കണ്ടെത്തി. തുടർന്ന് ഗർഭിണിക്കാവശ്യമായ പോഷകാഹാരങ്ങൾ നൽകി സംരക്ഷിച്ചുവരവെ സന്ധ്യയ്ക്ക് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടു. കോട്ടയം ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ഒരുമാസത്തോളം ചികിത്സിച്ചു. അസുഖം ഭേദമായി വീട്ടിൽ മടങ്ങിയെത്തിയശേഷമാണ് പ്രസവത്തിനായി വീണ്ടും മെഡിക്കൽ കോളജിലേക്ക് പോയത്. നവംബർ 30ന് ആൺകുഞ്ഞിന് ജന്മം നൽകി. ഈ മാസം ആറിന് സന്ധ്യയും കുഞ്ഞും വീട്ടിലെത്തി.

ഏഴാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് . ഏഴാം തിയതി രാവിലെ കുഞ്ഞിനെ കുളിപ്പിച്ച് കിടത്തിയതിനു ശേഷം സന്ധ്യയുടെ അമ്മ സമീപത്തുള്ള തോട്ടിൽ തുണിയലക്കുവാൻ പോയി. ഈ സമയത്താണ് സന്ധ്യ കട്ടിലിൽ കിടന്നിരുന്ന വെള്ള തുണിയുപയോഗിച്ചുകുഞ്ഞിന്റെ കഴുത്തിൽ ഇട്ട് കൈ ഉപയോഗിച്ച് ഞെക്കി കൊലപ്പെടുത്തിയത് . തുടർന്ന് തടിപ്പണിക്ക് പീരുമേട് മ്ലാമല എസ്റ്റേറ്റിൽ പണിക്കുപോയ ഭർത്താവിനെ കുട്ടിക്ക് അനക്കമില്ല എന്ന് ഫോണിൽ വിളിച്ചുപറഞ്ഞു.

വിവരമറിഞ്ഞ ഭർത്താവ് ഭാര്യ സഹോദരനെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. സന്ധ്യയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് കുട്ടിയെ കട്ടപ്പന ആശുപതിയിൽ എത്തിച്ചു എങ്കിലും അതിനു മുൻപേ മരണം സംഭവിച്ചിരുന്നു . കുട്ടിയുടെ കഴുത്തിൽ പാടുകണ്ട ആശുപത്രി അധികൃതരാണ് വിവരം പൊലീസിൽ അറിയിക്കുന്നത്.

തുടന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയതിലാണ് കൊലപാതകണമെന്നു തെളിഞ്ഞത്. ഇതിനിടയിൽ മുരിക്കാട്ടുകുടിയിലെ ആശാപ്രവർത്തക സന്ധ്യയുമായി സംസാരിക്കുകയും കുട്ടിയെ കൊന്നതായി സന്ധ്യ പറയുകയും ചെയ്തിരുന്നു . ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ എട്ടാം തിയതി സന്ധ്യയെ പൊലീസ് അറസ്‌റുചെയ്യുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കൊലചെയ്തത് താനാണെന്ന് സന്ധ്യ സമ്മതിക്കുകയായിരുന്നു.