മൂവാറ്റുപുഴ: അമേരിക്കയിൽ നിന്നെത്തുന്ന മകളെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്കു പോയ അമ്മയ്ക്ക് അത് അവസാന യാത്രയായി. വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷനു സമീപം നടന്ന അപകടത്തിൽ കോട്ടയം പൊൻപള്ളി വെള്ളാപ്പിള്ളിൽ മറിയാമ്മ വർഗീസ് (മോളി-63) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് അപകടം നടക്കുന്നത്. ഭർതാതവ് പി വി വർഗീസ്, കോട്ടയം കൊല്ലാട് മുളഞ്ഞിയിൽ സൂസി കോര, ജൂലിയ അജി, കോട്ടയം പുത്തൻചന്ത കോച്ചേരിയിൽ ജിൻസി സാറ ജേക്കബ്, ഡ്രൈവർ വടവാതൂർ വേലിക്കകത്ത് എൽദോ ടോം ചാക്കോ എന്നിവർ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അമേരിക്കയിൽ നിന്നെത്തുന്ന മകൾ ലിജിയയെ കൂട്ടിക്കൊണ്ടുവരാൻ നെടുമ്പാശേരിയിലേക്ക് യാത്ര പുറപ്പെട്ടതാണ് സംഘം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. കാർ റോഡിന്റെ മീഡിയനിൽ ഇടിഞ്ഞു മറിഞ്ഞാണ് അപകടമുണ്ടാകുന്നത്. പരിക്കേറ്റ ജൂലിയ ലിജിയയുടെ മകളാണ്. നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. രാവിലെ എട്ടോടെ മറിയാമ്മ മരിച്ചു. കാഞ്ഞിരപ്പാറ ചാലിങ്ങൽ കുടുംബാംഗമാണ് മറിയാമ്മ. സംസ്‌കാരം പിന്നീട്.

സൗദിയിൽ നഴ്‌സായിരുന്ന ലിജിയ മൂന്നു വർഷം മുമ്പാണ് അമേരിക്കയ്ക്കു പോകുന്നത്. അതിനു ശേഷം ആദ്യമായിട്ടാണ് നാട്ടിൽ അവധിക്കു വരുന്നത്. മൂന്നാമത്തെ കുട്ടിയുടെ മാമ്മോദീസയ്ക്കാണ് ഇവർ വരുന്നത്. ലിജിയയെ കൂടാതെ കൊച്ചുമോൾ എന്നൊരു മകൾ കൂടി മറിയാമ്മയ്ക്കുണ്ട്. മരുമക്കൾ അജി (യുഎസ്എ), ബിനോയ് (ന്യൂസിലാൻഡ്).