ഗസ്സിയാബാദ്: നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം വാഷിങ് മെഷിനിൽ ഒളിപ്പിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ആൺകുഞ്ഞിനെ ആഗ്രഹിച്ച തനിക്ക് പെൺകുഞ്ഞ് ജനിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഗസ്സിയാബാദ് പാട്ല സ്വദേശിയായ ആരതിയെയാണ് കുഞ്ഞിനെ കൊന്ന് വാഷിങ്മെഷിനിൽ ഒളിപ്പിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്.

ആൺകുഞ്ഞിനെ ആയിരുന്നു ഇവർ ആഗ്രഹിച്ചിരുന്നത്. എന്നാൽ പെൺകുഞ്ഞ് ജനിച്ചതോടെ ഇവർ കടുത്ത നിരാശയിലായിരുന്നു. ഈ കുട്ടിയുടെ ജനനത്തോടെ കടുത്ത ദേഷ്യവും മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നതായി പൊലീസ് മേധാവി ആകാശ് തോമർ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് ആരതി കുഞ്ഞിനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് കുട്ടിയുടെ മൃതദേഹം വാഷിങ്മെഷിനിൽ ഒളിപ്പിക്കുകയായിരുന്നു.

കുട്ടിയെ കാണ്മാനില്ലെന്നും ആരോ തട്ടിക്കൊണ്ട് പോയിയെന്നുമായിരുന്നു ആരതി ആദ്യം പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ആരതി സമ്മതിച്ചത്. എന്നാൽ, പെൺകുഞ്ഞായതിന്റെ പേരിൽ ആരതിയെ ഒരിക്കൽ പോലും കുറ്റപ്പെടുത്തിയിട്ടില്ലെന്നും ആരതിയുടെ ബന്ധുക്കൾ അറിയിച്ചു.