കൊച്ചി: സന്യാസ ജീവിതത്തിലും നേതൃത്വ ശുശ്രൂഷയിലും മഹനീയ മാതൃക കാട്ടി തന്ന കർമലീത്താ സന്യാസിനി സമൂഹാംഗം (സിഎംസി) മദർ മേരി സെലിൻ ഇനി ദൈവദാസി. മദറിനെ ദൈവദാസിയായി പ്രഖ്യാപിക്കുന്ന നാമകരണ നടപടികൾക്കു തുടക്കം കുറിക്കുന്ന പ്രഖ്യാപനം സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം മേജർ ആർച്ച് ബിഷപ്സ് ഹൗസിൽ നിർവഹിച്ചു.

നാമകരണ നടപടികളുടെ ട്രിബ്യൂണൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, സിഎംഐ പ്രിയോർ ജനറൽ ഫാ.ഡോ. പോൾ ആച്ചാണ്ടി, അതിരൂപതാ ചാൻസലർ ഫാ.ഡോ. ജോസ് പൊള്ളയിൽ, സിഎംസി മദർ ജനറർ സിസ്റ്റർ സിബി, നാമകരണ നടപടികളുടെ പ്രമോട്ടർ ഓഫ് ജസ്റ്റിസ് ഫാ.ഡോ. ബിജു പെരുമായൻ, പോസ്റ്റുലേറ്റർ സിസ്റ്റർ ആവില, സിഎംസി മേരിമാതാ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. പ്രസന്ന എന്നിവർ പ്രസംഗിച്ചു.

ദൈവാനുഭവത്തിന്റെ ആഴവും വിശുദ്ധിയും നിറഞ്ഞ ജീവിതമായിരുന്നു ദൈവദാസി മദർ മേരി സെലിന്റേതെന്നു മാർ ആലഞ്ചേരി പറഞ്ഞു. സന്യസ്ത ജീവിതത്തിന്റെ അടിസ്ഥാന സ്വഭാവമാണു ജീവിതവിശുദ്ധി. സമൂഹത്തിൽ പ്രകാശിപ്പിക്കുമ്പോഴും പ്രതിഫലിപ്പിക്കപ്പെടുമ്പോഴുമാണു വിശുദ്ധി പൂർണതയിലെത്തുക.

മദറിന്റെ പ്രാർത്ഥന ആഴങ്ങളിലേക്കും പ്രവർത്തനം മനുഷ്യ ഹൃദയങ്ങളിലേക്കും പടർന്നു. എറണാകുളം-അങ്കമാലി അതിരൂപതയുടെ മകൾ ദൈവദാസിയായി ഉയർത്തപ്പെടുന്നത് അതീവ സന്തോഷകരമാണെന്നും കർദിനാൾ പറഞ്ഞു.

മദറിനെ ദൈവദാസിയായി പ്രഖ്യാപിക്കുന്നതിന്റെ ധന്യതയിലാണ് മള്ളുശ്ശേരി ഗ്രമാത്തിലുള്ള മദറിന്റെ കുടുംബാംഗാംങ്ങൾ. നെടുമ്പാശേരി പഞ്ചായത്തിലെ മള്ളുശ്ശേരി പയ്യപ്പിള്ളി കുടുംബത്തിലാണ് മദർ ജനിച്ചത്.

1906 ഡിസംബർ പത്തിന് ഒസേഫിന്റെയും മറിയയുടെയും ആറാമത്തെ മകളായാണ് മദറിന്റെ ജനനം. അന്നക്കുട്ടി എന്നായിരുന്നു പേര്. വട്ടപ്പറമ്പ് ഗവ. സ്‌കൂളിൽ മൂന്നാംക്ലാസ് വരെ പഠിച്ചു. തുടർന്ന് കർമ്മലീത്ത മഠം വക സെന്റ് ജോസഫ് സ്‌കൂൾ ബോർഡിങ്ങിൽ ചേർന്ന് പഠനം തുടർന്നു.

ഏഴാം ക്ലാസ് പൂർത്തിയാക്കിയതോടെ സന്യാസിനിയാകണം എന്നു വീട്ടിൽ പറഞ്ഞെങ്കിലും, മൂത്ത സഹോദരി നേരത്തേ സന്യാസിനിയായതിനാൽ വീട്ടുകാർ അനുവദിച്ചില്ല. എന്നാൽ നിശ്ചയദാർഢ്യം അന്നക്കുട്ടിയെ മഠത്തിൽ എത്തിക്കുക ആയിരുന്നു. 1924ൽ കർമ്മലീത്ത സഭയിൽ പരിശീലനം ആരംഭിച്ചു.

1928 മെയ്‌ 29നു സഭാവസ്ത്രം സ്വീകരിച്ചു. 1933 ജൂൺ ഒന്നിനു സന്യസ്ത ജീവിത വൃതവാഗ്ദാനം നടത്തി. 1963 മാർച്ച് 17നു കർമ്മലീത്ത സഭയുടെ എറണാകുളം, കോതമംഗലം പ്രോവിൻസുകളുടെ പ്രൊവിൻഷ്യലും. 1963 നവംബർ 16നു സഭാ സുപ്പീരിയർ ജനറലും ആയി. 1993 ഏപ്രിൽ 23ന് ആയിരുന്നു അന്ത്യം.