പാലക്കാട്: വാളയാർ കേസ് അട്ടിമറിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. രണ്ട് പെൺകുഞ്ഞുങ്ങൾക്കെതി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ മോശമായി സംസാരിക്കുന്ന സാഹചര്യം ഉണ്ടായി. മക്കളുടെ അച്ഛനോട് കുറ്റം ഏറ്റെടുക്കാൻ പോലും ഈ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടുവെന്നും അവർ കുറ്റപ്പെടുത്തി.

സർക്കാർ ഒപ്പമുണ്ട് എന്നാണ് ആദ്യംമുതൽ പറഞ്ഞത്. അത് ശരിയാണെങ്കിൽ കേസ് അട്ടിമറിച്ച ഡി വൈ എസ് പി സോജൻ, എസ് ഐ ചാക്കോ ഉൾപ്പെടെ എല്ലാ ഉദ്യോഗസ്ഥരേയും സർവീസിൽ നിന്ന് പിരിച്ചുവിടുകയാണ് വേണ്ടതെന്നും പെൺകുട്ടികളുടെ മാതാവ് വ്യക്തമാക്കി.

മൂത്ത പെൺകുട്ടി മരിച്ച് നാല് വർഷം തികയാനിരിക്കെയാണ് കേസിൽ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം കേസ് അന്വേഷിച്ചവരുടെ ഭാഗത്ത് വീഴ്ചപറ്റിയിട്ടുണ്ടെന്നതിന്റെ തെളിവാണ് വൈകിയാണെങ്കിലും ഇപ്പോൾ പ്രഖ്യാപിച്ച സി ബി ഐ അന്വേഷണം. കേസ് അട്ടിമറിച്ച ഡി വൈ എസ് പി സോജൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.

പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നും അവർ ആവശ്യപ്പെട്ടു. കേസിൽ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടി സ്വാഗതാർഹമെന്ന് വാളയാർ സമരസമിതി കൺവീനർ വി എം മാർസൻ പറഞ്ഞു. അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നും പുനരന്വേഷണം നടത്തുമ്പോൾ കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കും ശിക്ഷ ഉറപ്പാക്കണമെന്നും സമരസമിതി കൺവീനർ പറഞ്ഞു.

ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയോട് ഉടൻതന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിർദ്ദേശം സമർപ്പിക്കും.

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ദൂരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്ത കേസിൽ പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെ വിടുകയും പിന്നീട് ഈ വിധി ഹൈക്കോടതി റദ്ദാക്കുകയും തുടർന്ന് പുനർവിചാരണ നടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിളുടെ അമ്മ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.