ഫ്‌ളോറിഡ: കള്ളനാണെന്നു കരുതി അമ്മ വെടിയുതിർത്തത് മകൾക്കു നേരെ. അർധരാത്രിയിൽ തന്റെ കിടപ്പുമുറിയിൽ കണ്ടത് കള്ളനാണെന്നാണ് കരുതിയാണ് വീട്ടമ്മ വെടിയുതിർത്തത്. എന്നാൽ ഇരുപത്തേഴുകാരിയായ മകൾക്കാണ് വെടിയേറ്റത് എന്ന് അറിഞ്ഞ് തളർന്നു പോകുകയായിരുന്നു ആ അമ്മ. ചൊവ്വാഴ്ച അർധരാത്രിയിലാണ് ഫ്‌ളോറിഡ സെന്റ് ക്ലൗഡിലുള്ള വീട്ടിൽ അബദ്ധത്തിൽ വെടിയേറ്റ് ഇരുപത്തേഴുകാരി മരിക്കുന്നത്.

അർധരാത്രിയിൽ മുറിയിൽ ആരുടെയോ കാൽപെരുമാറ്റം കേട്ട് ഉണർന്ന വീട്ടമ്മ തന്റെ നേർക്ക് ആരോ നടന്നു വരുന്നതായാണ് കണ്ടത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. കിടക്കയ്ക്കു താഴെ കരുതി വച്ചിരുന്ന തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. ഒരു റൗണ്ട് വെടിവച്ച ശേഷം ലൈറ്റിട്ടു നോക്കിയപ്പോഴാണ് അത് സ്വന്തം മകളാണെന്ന് തിരിച്ചറിയുന്നത്. വീട്ടമ്മയ്ക്കു പുറമേ പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവും വീട്ടിൽ ഉണ്ടായിരുന്നു.

അവധിക്കാലം ചെലവഴിക്കാൻ വീട്ടിലെത്തിയതായിരുന്നു യുവതി എന്നാണ് പൊലീസ് പറയുന്നത്. രാത്രി വൈകി വീട്ടിൽ വന്നതിനാൽ കവർച്ചക്കാരനാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവച്ചതെന്നും വീട്ടമ്മ പൊലീസിനോട് വ്യക്തമാക്കി. ആരോ തന്റെ നേർക്ക് വേഗത്തിൽ നടന്നുവരുന്നതിന്റെ കാലൊച്ച കേട്ടാണ് താൻ ഉണർന്നതെന്നും കവർച്ചക്കാരനാണെന്ന് തെറ്റിദ്ധരിച്ച് വേഗം വെടിവയ്ക്കുകയായിരുന്നുവെന്നും വീട്ടമ്മ വെളിപ്പെടുത്തി.

വെടിയേറ്റ യുവതി ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിക്കുന്നത്. മകൾക്കു വെടിയേറ്റ ശേഷം അമ്മ തന്നെയാണ് 911 നമ്പരിൽ വിളിച്ച് ആംബുലൻസ് സേവനം  ആവശ്യപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി. അമ്മ പൊലീസിനോട് പറഞ്ഞ കാര്യങ്ങൾ സാഹചര്യത്തെളിവുകളുമായി ഒത്തുനോക്കുമ്പോൾ തൃപ്തികരണമാണെന്നും ഇതൊരു അപകടമായി പരിഗണിക്കപ്പെടേണ്ടതാണെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതിനാൽ സംഭവം നടന്ന വീടോ മേൽവിലാസമോ വെളിപ്പെടുത്തിയിട്ടില്ല.